കോഴിക്കോട്: മലയോരത്തിന്റെ കരുത്തുമായി ട്രാക്കിൽ ഓടിയും ചാടിയും മുക്കത്തിന്റെ ചുണക്കുട്ടികൾ സ്വർണ്ണം വാരിക്കൂട്ടി. ആവേശം നിറഞ്ഞ 67-ാമത് റവന്യൂ സ്കൂൾ കായിക മാമാങ്കത്തിന് തിരശ്ശീല വീഴുമ്പോൾ കപ്പ് ഇക്കുറിയും മുക്കത്തിന് തന്നെ. വേഗപോരാട്ടത്തിൽ പുതിയ വേഗവും ഉയരവും കീഴടക്കാൻ കായിക താരങ്ങൾ കുതച്ചെങ്കിലും മുക്കത്തെ ചുണക്കുട്ടികൾക്ക് മുന്നിൽ മുട്ടുകുത്തി. രണ്ടാം സ്ഥാനക്കാരായ പേരാമ്പ്ര ഉപജില്ലയെ ബഹുദൂരം പിന്നിലാക്കിയാണ് മുക്കം വിജയ കിരീടം ചൂടിയത്. മേളയിൽ തുടർച്ചയായ 14-ാം തവണയാണ് മുക്കം കിരീടത്തിൽ മുത്തമിടുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒളിമ്പ്യൻ അബ്ദുറഹ്മാൻ സ്റ്റേഡിയത്തിൽ നടന്ന കായികമേളയിൽ 40 സ്വർണവും 22 വെള്ളിയും 15 വെങ്കലവും ഉൾപ്പടെ 309 പോയിന്റ് നേടിയാണ് മുക്കം ചാമ്പ്യൻമാരായത്. കഴിഞ്ഞ തവണ നേടിയ 275 പോയിന്റിൽ നിന്ന് 34 പോയിന്റ് അധികം നേടിയാണ് ഇക്കുറി വിജയ കിരീടമണിഞ്ഞത്. ഉപജില്ലക്കായി 232 പോയന്റ് സമ്മാനിച്ച പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്.എസ് ജില്ലയുടെ കായികഭൂപടത്തിൽ ആധിപത്യം വീണ്ടുമുറപ്പിച്ചു. കഴിഞ്ഞ തവണ നേടിയ 176 പേയിന്റിൽ നിന്നും ഇത്തവണ 56 പോയിന്റ് അധികം നേടിയ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്.എസിന് ഇത് ഇരട്ടി മധുരം കൂടിയാണ്. 19 സ്വർണവും 16 വെള്ളിയും 18 വെങ്കലവുമടക്കം 191 പോയിന്റ് നേടി രണ്ടാമത് എത്തിയ പേരാമ്പ്ര ഉപജില്ലയ്ക്ക് ഇക്കുറി കഴിഞ്ഞ തവണത്തെ പോലെ നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. പോയിന്റ് നേട്ടവും സ്വർണമെഡലും കുറഞ്ഞു. 24 സ്വർണവും 13 വെള്ളിയും 18 വെങ്കലവുമടക്കം 213 പോയിന്റായിരുന്നു കഴിഞ്ഞ തവണത്തെ ഇവരുടെ സമ്പാദ്യം. 6 സ്വർണ്ണവും 5 വെള്ളിയും 6 വെങ്കലവുമായി ചേവായൂരാണ് മൂന്നാമത്. കഴിഞ്ഞ തവണ മൂന്നാമതെത്തിയ ബാലുശ്ശേരി ഇക്കുറി നാലാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു. 8 സ്വർണവും 14 വെള്ളിയും 2 വെങ്കലവുമായി 90 പോയിന്റ് നേടിയിരുന്ന ബാലുശ്ശേരിക്ക് ഇക്കുറി 3 സ്വർണ്ണവും 8 വെള്ളിയും ഉൾപ്പെടെ 48 പോയിന്റ് മാത്രമേ നേടാൻ സാധിച്ചിട്ടുള്ളൂ.
ഉപജില്ല
മുക്കം.............309
പേരാമ്പ്ര.............191
ചേവായൂർ.............54
ബാലുശ്ശേരി.............48
സ്കൂൾ
സെന്റ് ജേസഫ്സ് എച്ച്.എസ് പുല്ലൂരാംപാറ .......232
പേരാമ്പ്ര കുളത്തുവയൽ സെന്റ് ജോർജ് എച്ച്.എസ്.എസ് ....109
ജി.വി.എച്ച്.എസ്.എസ് മേപ്പയൂർ.......39
തലക്കുളത്തൂർ സിഎം.എം.എച്ച്.എസ് ....38
ട്രിപ്പിൾ തിളക്കത്തിൽ ശ്രേയ
കോഴിക്കോട്: നടന്നും ഓടിയും ശ്രേയ ട്രിപ്പിൾ സ്വർണ്ണത്തിളക്കത്തിൽ. ജൂനിയർ വിഭാഗം 3000 മീറ്റർ നടത്തം, ഓട്ടം, 1500 മീറ്റർ ഓട്ടം എന്നിവയിലാണ് കുളത്തുവയൽ സെന്റ് ജോർജ് എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസുകാരി സ്വർണ്ണ മെഡലിൽ മുത്തമിട്ടത്. വ്യക്തിഗത ഇനങ്ങൾക്ക് പുറമെ ഗ്രൂപ്പ് ഇനങ്ങളായ 400, 1600 മീറ്റർ റിലേയിലും സ്വർണം നേടി. മൂന്നാം തവണയാണ് സംസ്ഥാന മത്സരത്തിലേക്ക് പ്രവേശിക്കുന്നത്. സ്പോട്സിൽ ഉയരം കീഴടക്കുന്നതിനൊപ്പം സെെന്യത്തിൽ ചേരാനാണ് ശ്രേയയുടെ ആഗ്രഹം. ചക്കിട്ടപ്പാറ ഏടത്തിൽ വീട്ടിൽ ഷിനോദിന്റെയും അഞ്ചുവിന്റെയും മകളാണ്.
മുളവടി കുത്തി ഷാഹിൽ ചാടിയത് സ്വർണത്തിലേക്ക്
കോഴിക്കോട്: പോളില്ല, കെെയിൽ പഴക്കം ചെന്ന മുളവടി, ധെെര്യം മുറുകെ പിടിച്ച് മുഹമ്മദ് ഷാഹിൽ പൂഴിയിലേക്ക് ഉയർന്നു ചാടി. ഫലം വന്നപ്പോൾ ഒന്നാമത്. ആൺകുട്ടികളുടെ സീനിയർ വിഭാഗം പോൾവാൾട്ട് മത്സരത്തിലാണ് പ്രതിസന്ധികൾ തരണം ചെയ്ത് വാണിമേൽ ക്രസൻ്റ് എച്ച്.എസ്.എസിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിയായ മുഹമ്മദ് ഷാഹിൽ സ്വർണം നേടിയത്. പരിശീലിക്കാൻ പോളും ചാടി വീഴാൻ കിടക്കയുമില്ലായിരുന്നു. മുള കുത്തി ചാടി മണലിലേക്ക് വീണ് പരിശീലിച്ചു. സംസ്ഥാനത്ത് എത്തുമ്പോഴും പോൾ കടംവാങ്ങി വേണം മത്സരിക്കാൻ. മാർഷൽ ആർട്ട്സ് അദ്ധ്യാപകനും മുൻകാല പോൾവാൾട്ട് താരവുമായിരുന്ന ജംഷീറാണ് പരിശീലകൻ. വിലങ്ങാട് ചെറുമോത്ത് സക്കീറിന്റേയും നുസ്രത്തിന്റേയും മകനാണ്. മാർഷൽ ആർട്ട്സിലും പരിശീലനമുണ്ട്.
എറിഞ്ഞ് ഡബിളടിച്ച് ശ്രീരാജ്
കോഴിക്കോട്: ഷോട്ട്പുട്ടും ഡിസ്കും കെെയിലെടുത്താൽ സ്വർണമില്ലാതെ ശ്രീരാജ് മടങ്ങില്ല. സെന്റ് ജോസഫ് എച്ച്.എസ്.എസ് പുല്ലൂരാംപാറയിലെ പ്ലസ്ടു വിദ്യാർത്ഥിയായ ശ്രീരാജ് പി.എസ് സ്കൂളിലെ തന്റെ അവസാന സ്കൂൾ കായികമേളയിലും ഡബിളടിച്ചു. സീനിയർ വിഭാഗം ആൺകുട്ടികളുടെ ഡിസ്കസ് ത്രോ, ഷോട്ട് പുട്ട് വിഭാഗത്തിലാണ് ശ്രീരാജിന്റെ ഡബിൾ സ്വർണ നേട്ടം. കഴിഞ്ഞ നാല് വർഷമായി ഇതേ വിഭാഗത്തിൽ ശ്രീരാജിന് തന്നെയായിരുന്നു ഒന്നാം സ്ഥാനം. പുല്ലുരാംപാറ മലബാർ അക്കാഡമിയുടെ കീഴിലാണ് പരിശീലനം. കായിക കുടുംബത്തിൽ നിന്നാണ് ശ്രീരാജിന്റെ വരവ്. തിരുവമ്പാടി പൊന്നാങ്കായം വീട്ടിൽ അച്ഛൻ സജിൻ രാജും അമ്മ വിജയലക്ഷമിയും മികച്ച കായിക താരങ്ങളാണ്.
പ്രതിഫലം കുറഞ്ഞു;
പ്രതിഷേധിച്ച് അദ്ധ്യാപകർ
കോഴിക്കോട്: കായികമേള മത്സരം നിയന്ത്രിക്കാൻ നിയോഗിച്ച അദ്ധ്യാപകർക്കുള്ള പ്രതിഫലം കുറഞ്ഞതിനെത്തുടർന്ന് മത്സരം നിർത്തിവെച്ച് മാറി നിന്ന് അദ്ധ്യാപകർ. അവസാന ഇനമായ സീനിയർ ആൺകുട്ടികളുടെ ട്രിപിൾ ജംപ് നടന്നുകൊണ്ടിരിക്കെയാണ് സംഘാടകർ അദ്ധ്യാപകർക്ക് പ്രതിഫലം വിതരണം ചെയ്തത്. ഒരു ദിവസത്തേക്ക് 1000 രൂപവെച്ചാണ് നൽകിയത്. എന്നാൽ ഉപജില്ലയിൽ ലഭിച്ചതിനേക്കാൾ 500 രൂപ കുറവാണ് പ്രതിഫലമെന്ന് മനസിലായതോടെ അദ്ധ്യാപകർ പ്രതിഷേധിച്ചു. പൊരിവെയിലിൽ മത്സരം നിയന്ത്രിക്കുന്ന തങ്ങൾക്ക് 1500 രൂപയെങ്കിലും ലഭിക്കണമെന്ന് ഡി.ഡി.ഇ ടി. അസീസിനോട് ആവശ്യപ്പെട്ടു. സാമ്പത്തിക പരാധീനതയുള്ളതിനാൽ നൽകാൻ ആവില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് നടന്നുകൊണ്ടിരിക്കുന്ന മത്സരം നിർത്തിവെക്കാൻ അദ്ധ്യാപകർ തീരുമാനിച്ച് നൽകിയ തുക തിരിച്ചേൽപിച്ചു. ഒരു റൗണ്ട് പൂർത്തിയായ മത്സരത്തിന്റെ സ്കോർഷീറ്റ് വാങ്ങി ഒരാൾ പോവുകയും ചെയ്തോടെ മത്സരം നിലച്ചു. അരമണിക്കൂറോളം മത്സരം നിർത്തിവെച്ചതിനാൽ കുട്ടികളുടെ കായികക്ഷമത കുറയുമെന്ന് കാണിച്ച് രക്ഷിതാക്കൾ ഗ്രൗണ്ടിലിറങ്ങി സംഘാടകരുമായി വാക്കേറ്റമുണ്ടായി. തുടർന്ന് 1500 രൂപ നൽകാൻ സംഘാടകർ നിർബന്ധിതരാകുകയായിരുന്നു. മത്സരം പുനരാരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |