കൽപ്പറ്റയിൽ യു.ഡി.എഫിന് 4 വിമത സ്ഥാനാർത്ഥികൾ
കൽപ്പറ്റ: നഗരസഭയിലെ നാല് ഡിവിഷനുകളിൽ മുന്നണി സ്ഥാനാർത്ഥികൾക്ക് വെല്ലുവിളിയായി വിമതന്മാർ മത്സര രംഗത്ത്. നാലിടുത്തും യു.ഡി.എഫ് അനുഭാവികളാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ച് പ്രചാരണം ആരംഭിച്ചിട്ടുള്ളത്. 12-ാം വാർഡ് എമിലിതടത്തിൽ മുൻ നഗരസഭ ചെയർപേഴ്സൺകൂടിയായ ഉമൈബ മൊയ്തീൻകുട്ടിയാണ് വിമത സ്ഥാനാർത്ഥി. ഇവിടെ മുസ്ലിംലീഗിലെ റംല സുബൈറാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. നഗരസഭയിലെ 26-ാം ഡിവിഷൻ തുർക്കിയിൽ ജമീല മാടായി ആണ് വിമത സ്ഥാനാർത്ഥി. സാജിത മജീദാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. പുൽപ്പാറയിൽ യു.ഡി.എഫ് അനുഭാവി മജീദ് സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്. ഷമീർ ഒടുവിലാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി. ഗൂഡലായി ക്കുന്നിൽ യു.ഡി.എഫ് അനുഭവി അബ്ദുസമദ് മത്സര രംഗത്തുണ്ട്. ഇവിടെ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം.പി നവാസ് ആണ് യു.ഡി.എഫ് സ്ഥാനാർത്ഥി. വിമതന്മാരെ അനുനയിപ്പിക്കാൻ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും പലരും മത്സര രംഗത്ത് തന്നെ തുടരുകയാണ്. യു.ഡി.എഫിന് ഏറെ സ്വാധീനമുള്ള പുതിയ ബസ്റ്റാൻഡ് ഉൾപ്പെട്ട 16-ാം വാർഡിൽ പൊതു സ്വതന്ത്രനായി സി.പി നൗഷാദ് മത്സരിക്കുന്നുണ്ട്. നൗഷാദിന്റെ മത്സരം ഇരു സ്ഥാനാർത്ഥികൾക്കും ഒരുപോലെ വെല്ലുവിളി സൃഷ്ടിക്കുമെന്നാണ് നിഗമനം. അഡ്‌ലൈഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും സ്വതന്ത്രന്മാർ യു.ഡി.എഫിന് വെല്ലുവിളി സൃഷ്ടിക്കും. ഇന്ന് വൈകിട്ട് മൂന്നു മണി വരെ നാമനിർദ്ദേശപത്രിക പിൻവലിക്കാം. ഇതിനുമുൻപ് വിമതരെ മത്സരത്തിൽ നിന്നും പിന്മാറ്റാനാണ് നീക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |