കൊയിലാണ്ടി: കൗമാരകലയുടെ ചിറകടിപ്പെരുക്കത്തിൽ കൊയിലാണ്ടി. തിരുവാതിരക്കളിയും ഭരതനാട്യവും മോഹിനിയാട്ടവുമെല്ലാമായി പിഷാരികാവ് ഉത്സവം പോലെ മനം നിറഞ്ഞ് ജനാവലി. 64-ാം കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന് കലാസ്വാദകരുടെ അകമഴിഞ്ഞ പിന്തുണ കൂടിയായതോടെ സ്റ്റേജ് മത്സരങ്ങൾ ആവേശഭരിതമായി. വിരലുകളില്ലാത്ത കൈകളാൽ ഡ്രംസിൽ പെരുക്കങ്ങൾ തീർത്ത മാസ്റ്റർ ആദികേശ് പി ആണ് കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത്. 2023ലെ ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവ് കൂടെയാണ്. തന്റെ പരിമിതികളെ ഇച്ഛാശക്തി കൊണ്ട് മറികടന്ന് കലാവേദിയിലേക്ക് എത്തിയ ആദികേശ് ഉദ്ഘാടനം ചടങ്ങിൽ ഡ്രംസ് വായിച്ച് സദസിനെ ത്രസിപ്പിച്ചു. പിന്നണി ഗായകനായ വി.ടി. മുരളി വിശിഷ്ടാതിഥിയായി. കലോത്സവങ്ങൾ മത്സരങ്ങളിലേക്ക് മാറുമ്പോൾ സാംസ്കാരിക അടിത്തറ നഷ്ടമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആർ. രാജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അപർണ. വി.ആർ, ഗാനരചയിതാവ് രമേശ് കാവിൽ, ആർ. ശരത്, ജയദാസ്.കെ, യു.കെ അബ്ദുൾ നാസർ, കെ.കെ സുബൈർ, സജിനി.എൻ.പി, അബ്ദുൽ ഹക്കീം, മുഹമ്മദ് ബഷീർ ടി.പി, ബിജേഷ് ഉപ്പാലക്കൽ, മഞ്ജു എം.കെ, പ്രമോദ് കെ.വി, ഹസീസ്.പി, സുനിൽ.വി.കെ, മൃദുല.കെ.വി, കുഞ്ഞുമൊയ്തീൻ.എം.ടി, മുഹമ്മദ് ലുക്മാൻ, അബ്ദുൾ അസീസ്.എൻ, എ.സജീവ് കുമാർ, അനുവിന്ദ് കൃഷ്ണ ബി.കെ, അസീസ് ടി, സി.കെ. ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. നഗരത്തിലെ 22 വേദികളിലായി 319 മത്സര ഇനങ്ങളാണുള്ളത്.
കലോത്സവത്തിന് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിൽ കൊടിയേറി. ഡി.ഡി.ഇ അസീസ്.ടി പതാകയുയർത്തി. റീജനൽ ഡെപ്യൂട്ടി ഡയറക്ടർ ആർ രാജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വിഎച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടർ അപർണ വി.ആർ, ഡയറ്റ് കോഴിക്കോട് പ്രിൻസിപ്പിൾ യു.കെ അബ്ദുൽ നാസർ, ഡി.പി.സി കൊയിലാണ്ടി പ്രിൻസിപ്പിൾ പ്രദീപ് കുമാർ എൻ.വി, റിസപ്ഷൻ കമ്മിറ്റി കൺവീണർ സി.കെ ബാലകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.
ഉച്ചഭാഷിണി 10 മണിവരെ മാത്രം
തിരഞ്ഞെടുപ്പ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ കലോത്സവവേദിയിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള സമയം രാവിലെ ഒമ്പത് മുതൽ രാത്രി 10 മണിവരെയായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. ഷെഡ്യൂൾ ചെയ്ത സമയത്ത് തന്നെ മത്സരങ്ങൾ സംഘടിപ്പിക്കണമെന്നും മത്സരാർത്ഥികൾ കൃത്യസമയത്ത് എത്തിയില്ലെങ്കിൽ അയോഗ്യരാക്കാൻ നിർബന്ധിതമാകുമെന്നും അദ്ദേഹം അറിയിച്ചു.
ബഹളം, പ്രതിഷേധം: ഭരതനാട്യംമുടങ്ങിയത് ഒന്നര മണിക്കൂർ
കൊയിലാണ്ടി: ഹയർസെക്കൻഡറി ഭരതനാട്യം വേദിയിൽ ബഹളം മൂലം ഒന്നര മണിക്കൂറോളം മുടങ്ങി. ഹയർസെക്കൻഡറി ഫലപ്രഖ്യാപനത്തിൽ പക്ഷപാതിത്വം ആരോപിച്ചാണ് വിവാദമുണ്ടായത്. വിധി കർത്താക്കളുടെ സ്വാധീനമുണ്ടെന്നും ഹൈസ്കൂൾ വിഭാഗം ഭരതനാട്യത്തിൽ വിധി കർത്താക്കളിലൊരാളെ മാറ്റണമെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കൾ രംഗത്തുവരുകയായിരുന്നു. പെട്ടെന്ന് വിധി കർത്താക്കളെ മാറ്റുന്നത് അപ്രായോഗികമാണെന്നറിയിക്കുകയും പൊലീസ് ഇടപെടുകയുമായിരുന്നു. ആരോപണ വിധേയരായ വിധി കർത്താക്കളെക്കുറിച്ച് അന്വേഷിക്കുമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
മൂന്നാമങ്കത്തിൽ അദ്വൈതിന് സ്വപ്നസാക്ഷാത്ക്കാരം
മൂന്നാമങ്കത്തിൽ വർഷങ്ങളായി അദ്വൈത് കണ്ട സ്വപ്നത്തിന് സാക്ഷാത്ക്കാരം. ഹയർസെക്കൻഡറി വിഭാഗം നാടോടി നൃത്തത്തിലാണ് കോഴിക്കോട് സെൻ്റ് ജോസഫ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്വൺ വിദ്യാർത്ഥി അദ്വൈത് സംസ്ഥാനത്തേക്ക് യോഗ്യത നേടിയത്. ചമയവും ആടയാഭരണങ്ങളുമായി പരിപാടിയുടെ ചെലവ് കുടുംബത്തിന് താങ്ങാവുന്നതിന് അപ്പുറമായിരുന്നെങ്കിലും പരിശീലകൻ ഹരീഷ് മാഷിന്റെ സഹായത്തോടെ കലോത്സവത്തിനിറങ്ങുകയായിരുന്നു. സഹോദരി ആരതിയുടെ നൃത്തം കണ്ടാണ് അദ്വൈതിന് നാടോടിനൃത്തം പഠിക്കണമെന്ന ആഗ്രഹം തുടങ്ങിയത്. ആദ്യ തവണ ചേച്ചിയും സുഹൃത്തും ചേർന്ന് നാടോടി നൃത്തം പഠിപ്പിച്ച് അഞ്ചാം ക്ലാസുകാരൻ അദ്വൈതിനെ സ്റ്റേജിൽ കയറ്റി. അന്ന് നിരാശയായിരുന്നെങ്കിലും ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ വീണ്ടും സ്കൂൾതലത്തിൽ മാറ്റുരച്ചു. ഇത്തവണ അദ്വൈത് ആഗ്രഹം പ്രകടിപ്പിച്ചതോടെ നാലുമാസത്തെ പരിശീലനം നൽകി ഹരീഷ് മാസ്റ്റർ അരങ്ങിലെത്തിക്കുകയായിരുന്നു. മാങ്കാവ് ശ്രീചക്രം വീട്ടിൽ ഓട്ടോ ഡ്രൈവറായ ശിവശങ്കരൻ്റെയും ഹോട്ടൽ ജീവനക്കാരിയായ രമണിയുടെയും മകനാണ്. നാടോടിനൃത്തത്തിനൊപ്പം ചെണ്ട, തായമ്പക മത്സരത്തിലും അദ്വൈത് പങ്കെടുക്കുന്നുണ്ട്.
സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി 'കുരിശ്'
കൊയിലാണ്ടി: ഒന്നിനോടൊന്ന് മികവുപുലർത്തി ഹയർ സെക്കൻഡറി നാടകങ്ങൾ. ആരംഭത്തിൽ കല്ലുകടിയായി തൊട്ടടുത്ത സ്റ്റേജിൽ നിന്ന് ശബ്ദമുയർന്ന് നാടകം തടസപ്പെട്ടങ്കിലും വിധികർത്താക്കൾ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. കർട്ടൻ താഴ്ത്തിയതിനെ തുടർന്നാണ് മത്സരം പുനരാംഭിച്ചത്. പതിനഞ്ച് നാടകങ്ങളാണ് മത്സരത്തിനുണ്ടായത്. അവതരിപ്പിച്ച നാടകങ്ങളെല്ലാം തന്നെ പ്രമേയത്തിലും അവതരണത്തിലും പ്രേക്ഷക പ്രീതിയും കയ്യടിയും നേടി. മിക്ക നാടകങ്ങളും പുതിയ കാലം നേരിടുന്ന തീഷ്ണമായ വിഷയങ്ങളാണ് കൈകാര്യം ചെയ്തത്. മറ്റൊരു പ്രത്യേകത അഭിനേതാക്കളിൽ ഭൂരിഭാഗവും പെൺകുട്ടികളായിരുന്നു എന്നതാണ്.
കോക്കല്ലൂർ ഹയർ സെക്കൻഡറിയുടെ കുരിശാണ് സംസ്ഥാനതലത്തിലേക്ക് അർഹത നേടിയത്. മനോജ് നാരായണൻ സംവിധാനം ചെയ്ത നാടകത്തിലെ ഏലിയമ്മയെ അവതരിപ്പിച്ച ജെ.എസ്. വൈഷ്ണവി മികച്ച നടിയായി. ജിനോ ജോസഫ് സംവിധാനം ചെയ്ത മേമുണ്ട ഹയർ സെക്കൻ്ററിയുടെ പേരില്ലാത്ത നാടകവും ശ്രദ്ധനേടി. നാടകത്തിൽ തെയ്യക്കാരനായി വേഷമിട്ട വി.എസ്. വിജയ് മികച്ച നടനായി.
വേദിയിൽ നാലു പേർ ബോധരഹിതയായി
കൊയിലണ്ടി: ഹയർ സെക്കൻഡറി വിഭാഗം നാടക മത്സരവേദിയിൽ നാല് അഭിനേതാക്കൾ ബോധരഹിതരായി. മൂന്ന് പേരെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. നാടകം അവസാനിച്ച ശേഷമാണ് ബോധരഹിതരായത്.
സിറ്റി തന്നെ മുന്നിൽ
കോഴിക്കോട് ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ 288 പോയിന്റ് നേടി കോഴിക്കോട് സിറ്റി ഉപജില്ല മുന്നേറ്റം തുടങ്ങി. 270 പോയിന്റ് നേടി ബാലുശ്ശേരി ഉപജില്ല രണ്ടാമതും 268 പോയിൻ്റോടെ തോടന്നൂര്‍ ഉപജില്ല മൂന്നാമതാതെത്തി. അതിഥേയരായ കൊയിലാണ്ടി ഉപജില്ലയ്ക്ക് 259 പോയിന്റും വടകര ഉപജില്ലയ്ക്ക് 257 പോയിന്റുമാണ്. (രാത്രി 7 മണി വരെ വന്ന ഫലങ്ങളിൽ ലഭിച്ചത്).സ്കൂള്‍ തലത്തില്‍ മേന്മുണ്ട എച്ച്.എസ്.എസാണ് 104 പോയിന്റുമായി മുന്നിട്ട് നില്‍ക്കുന്നത്. 88 പോയിന്റുമായി
കോഴിക്കോട് സില്‍വര്‍ ഹില്‍സ് എച്ച്.എസ്.എസും 80 പോയിന്റുമായി ചിങ്ങപുരവും തൊട്ടു പിന്നിലുണ്ട്.
മോണോ ആക്ടിൽ അഫ്ലഖ് അമന് തിളക്കം
ജില്ലാ തലത്തിൽ വീണ്ടും ഒന്നാം സ്ഥാനം
കൊയിലാണ്ടി: ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ മോണോ ആക്ട് മത്സരത്തിൽ അഫ്ലഖ് അമൻ വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കി. വേളം ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ അഫ്ലഖ്, എ ഗ്രേഡോടെയാണ് ഈ വർഷത്തെ ജില്ലാ കലോത്സവത്തിൽ വിജയിയായത്. 2024 ലും ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ എ ഗ്രേഡും നേടിയിരുന്നു. ബി.ടി. മോഹനൻ്റെ "മാടൻ മോക്ഷം" കഥയെ ആസ്പദമാക്കിയുള്ള ഏകാഭിനയമാണ് അഫ്ലഖ് അവതരിപ്പിച്ചത്. മോണോ ആക്ടിൽ അഫ്ലഖിൻ്റെ പരിശീലകൻ സത്യൻ മുദ്രയാണ്. വേളം ശാന്തി നഗർ സ്വദേശിയും കക്കോവ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകനായ ആർ.പി. നദീറിന്റെയും ചേരാപുരം യു.പി സ്കൂൾ അദ്ധ്യാപികയായ ഷൈബിനയുടെയും മകനാണ് അഫ്ലഖ് അമൻ. അഫ്റിൻ സഹോദരിയാണ്.
നിലവാരം പുലർത്തിയ ഹൈസ്കൂൾ ആൺകുട്ടികളുടെ വിഭാഗം മോണോ ആക്ടിൽ 13 പേർ പങ്കെടുത്തു മുഴുവൻ പേർക്കും എ ഗ്രേഡ് ലഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |