കോഴിക്കോട്: നാടും നഗരവും തിരഞ്ഞെടുപ്പ് ചൂടിലാണ്. നഗരത്തിൽ നെട്ടോട്ടമോടുന്ന ഓട്ടോ കുടുംബത്തിനും ഈ ചൂടിൽ ചിലത് പറയാനുണ്ട്. കക്ഷി- രാഷ്ട്രീയത്തിനപ്പുറം ജീവിത പ്രശ്നങ്ങളാണ് ഓട്ടോറിക്ഷാത്തൊഴിലാളികൾക്ക് പറയാനുള്ളത്.
''ഇലക്ട്രിക്ക് ഓട്ടോകൾക്ക് കൂടുതൽ പെർമിറ്റ് കൊടുത്ത് തുടങ്ങിയതോടെ തങ്ങളുടെ കഞ്ഞിയിൽ പാറ്റ വീണു. ഇങ്ങനെ പോയാൽ ഓട്ടമില്ലാതെ വീട്ടിൽ കുത്തിയിരിക്കേണ്ടി വരും. അങ്ങോട്ടാണ് അധികൃതർ കാര്യങ്ങൾ കൊണ്ടുപോകുന്നത്."
മാനാഞ്ചിറ ജി.എസ്.ടി ഓഫീസിന് മുമ്പിലുള്ള ഓട്ടോസ്റ്റാൻഡിലെ ഡ്രൈവറായ പ്രസാദിന്റെ വാക്കുകളിൽ ജോലി കുറഞ്ഞതിന്റെ നിരാശ.
ഇലക്ട്രിക്ക്, സി.എൻ.ജി ഓട്ടോകൾക്ക് പെർമിറ്റ് അനുവദിച്ചതാണ് ഓട്ടം കുറയാൻ കാരണമായതെന്നാണ് ഷെല്ലിയുടെ അഭിപ്രായം. 4,500 ഓട്ടോകളുണ്ടായിരുന്ന നഗരത്തിൽ പുതുതായി 3,500 ഓട്ടോകൾ കൂടി വന്നു. മൊത്തം 7,500 ഓട്ടോകൾ. അത് വലിയ സംഖ്യയാണ്.
ഓട്ടം കുറയുന്നത് തിരഞ്ഞെടുപ്പിനെ ബാധിക്കുമോ?
ഷെല്ലി: ഇത് ഞങ്ങളുടെ അരി പ്രശ്നമാണ്. അപ്പോൾ സ്വാഭാവികമായി ബാധിക്കുമല്ലോ!
പ്രശാന്ത് : ഓട്ടം കുറഞ്ഞത് ശബരിമല സീസണായത് കൊണ്ടാണ്. മണ്ഡലകാലമായാൽ എല്ലാ വർഷവും തിരക്ക് കുറയാറുണ്ട്. അത് സ്വാഭാവികമാണ്.
കോർപ്പറേഷനുമായി ഈ കാര്യങ്ങൾ സംസാരിച്ചിരുന്നോ?
ഷെല്ലി: സംസാരിച്ചിട്ടുണ്ട്. പരിഗണിക്കാമെന്ന് പറയുകയല്ലാതെ നടപടിയൊന്നുമുണ്ടായില്ല.
കൂടുതൽ ഓട്ടോകൾക്ക് പെർമിറ്റ് കൊടുക്കുന്നതിൽ അഴിമതിയുണ്ടോ?
അയൂബ്: കോർപ്പറേഷൻ നീക്കത്തിന് പിന്നിൽ അഴിമതിയുണ്ട്. ഇങ്ങനെ പെർമിറ്റ് കൊടുക്കുന്നുവെങ്കിൽ ഇതിൽ അഴിമതിയുണ്ടാകുമെന്ന് ഉറപ്പല്ലേ.
പെർമിറ്റ് കൂടുന്നത് തിരഞ്ഞെടുപ്പിൽ ബാധിക്കുമോ?
പ്രശാന്ത്: ശബരിമല സീസണായതു കൊണ്ടാണ് ഓട്ടം കുറയാൻ കാരണം. നഗരത്തിൽ എത്തുന്നവരുടെ എണ്ണം വർദ്ധിക്കുമ്പോൾ പെർമിറ്റ് കൂടുമെന്നുറപ്പാണ്.
തിരഞ്ഞെടുപ്പിൽ ആര് ജയിക്കുമെന്ന ചോദ്യത്തിന് മറുപടി പറയാതെ തങ്ങളുടെ പ്രശ്നങ്ങൾ പറയുകയാണ് ഓട്ടോക്കാർ ചെയ്തത്. വാർത്തയിലൂടെ അത് കോർപ്പറേഷൻ അധികൃതരുടെ അടുത്തെത്തുമെന്നും പരിഹാരം കാണുമെന്നും അവർ വിശ്വസിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |