കക്കട്ട്: രൂപംകൊണ്ട കാലംമുതൽ ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന പഞ്ചായത്താണ് നരിപ്പറ്റ. ഒരു തിരഞ്ഞെടുപ്പിലൊഴികെ സി.പി.എമ്മിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള സീറ്റുകളും കിട്ടി. കഴിഞ്ഞതവണ പതിനേഴിൽ 11 വാർഡ് നേടിയാണ് എൽ.ഡി.എഫ് അധികാരം നേടിയത്. ഇത്തവണ എൽ.ഡി.എഫ് ലക്ഷ്യമിടുന്നത് യു.ഡി.എഫിന്റെ കൈവശമുള്ള വാർഡുകൾ കൂടി പിടിക്കാനാണ്. യു.ഡി.എഫാകട്ടെ പത്ത് സീറ്റുകളെങ്കിലും നേടി ഭരണംപിടിക്കാനുള്ള ഒരുക്കത്തിലും. കഴിഞ്ഞതവണ രണ്ടാംസ്ഥാനത്തെത്തിയ രണ്ടു വാർഡുകളിൽ ഉൾപ്പെടെ നാലു വാർഡുകളിൽ അട്ടിമറിജയമാണ് ബി.ജെ.പിയുടെ ലക്ഷ്യം. പതിനെട്ടാം വാർഡിൽ മുസ്‌ലിംലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. മൊയ്തു വിമതനായി മത്സരിക്കുന്നത് യു.ഡി.എഫിന് തലവേദനയായിട്ടുണ്ട്. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.കെ. നാണുവാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി. വിജയം നേടാമെന്നുതന്നെയാണ് യു.ഡി.എഫ് പ്രതീക്ഷയെങ്കിലും എതിരാളികൾക്കിടയിലെ പിണക്കം മുതലാക്കി ഈ വാർഡ് പിടിക്കാൻ എൽ.ഡി.എഫ് കച്ചകെട്ടുന്നുണ്ട്. എൽ.ഡി.എഫിൽ പുതുമുഖങ്ങളാണ് സ്ഥാനാർത്ഥികൾ. സി.ഡി.എസ് ചെയർപേഴ്‌സൺ സജിന, കർഷകസംഘം നേതാവ് എം.പി. കുഞ്ഞിരാമൻ, കെഎസ്ടിഎ നേതാവ് കെ.പി. പുരുഷു എന്നിവർ മത്സരിക്കുന്നുണ്ട്. യു.ഡി.എഫിൽ പഞ്ചായത്ത് അംഗങ്ങളായ ലേഖ, സജിത സുധാകരൻ, മുൻ അംഗങ്ങളായ ടി. വിജയലക്ഷ്മി, പാലോൽ കുഞ്ഞമ്മദ്, സി.കെ. നാണു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി പി.പി. രാജൻ എന്നിവർ മത്സരിക്കുന്നുണ്ട്. ജോ. കൗൺസിൽ മുൻ നേതാവ് ഒ.പി. അനിലും ബി.ജെ.പി നേതാവ് വിജുരാജും സ്ഥാനാർത്ഥികളായ എട്ടാം വാർഡിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. ദേശീയ അദ്ധ്യാപക പരിഷത്ത് ജില്ലാനേതാവ് ബിജീഷ് ബി.ജെ.പി സ്ഥാനാർത്ഥിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |