കോഴിക്കോട്: പുതുവർഷം ആഘോഷിച്ചോളൂ......പ്രശ്നമുണ്ടാക്കരുത്. മുന്നറിയിപ്പുമായി പൊലീസ്. ഇന്നുമുതൽ പകലും രാത്രിയിലുമായി പ്രധാന റോഡുകളിലും ഇടറോഡുകളിലടക്കം കർശന പരിശോധനയുമായി പൊലീസ് സാന്നിദ്ധ്യമുണ്ടാകും. സിറ്റി പൊലിസ് കമ്മിഷണർ നാരായണൻ. ടിയുടെ നേതൃത്വത്തിൽ 750 ഓളം പൊലീസുകാരെയാണ് നഗരപരിധിയിൽ മാത്രം വിന്യസിച്ചിരിക്കുന്നത്. മയക്കുമരുന്നുകളുടെ ഉപയോഗം, അനധികൃത മദ്യവിൽപന തുടങ്ങിയവ നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ താലൂക്കുകൾ കേന്ദ്രീകരിച്ച് രഹസ്യവിവരം ശേഖരിക്കുന്നതിന് പ്രത്യേക സംഘമുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിന് മഫ്തി പൊലീസിനെയും വനിത പൊലീസുദ്യോഗസ്ഥരെയും നിയോഗിക്കും. ജില്ലാ അതിർത്തികളിൽ വാഹന പരിശോധനയുണ്ടാകും. പുതുവത്സരാഘോഷം നടത്തുന്ന സംഘടനകളും സംഘാടകരും അതത് പൊലീസ് സ്റ്റേഷനിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം. ലഹരി വിൽപ്പനയ്ക്കും ഉപയോഗത്തിനുമെതിരെ ആന്റി നാർക്കോട്ടിക്ക് സ്ക്വാഡിന്റെ പരിശോധനയുമുണ്ടാകും. ജനുവരി ഒന്ന് പുലർച്ചെ ഒന്നു വരെ വരെ മാത്രമാണ് ആഘോഷങ്ങൾക്ക് അനുമതി.
പരിശോധന ഇവിടങ്ങളിൽ
കോഴിക്കോട് ബീച്ച്, ബട്ട് റോഡ് ബീച്ച്, വരക്കൽ ബീച്ച്, ബേപ്പൂർ ബീച്ച്, പുലിമുട്ട്, മാളുകൾ, ബാർ ഹോട്ടലുകൾ, ബിയർ പാർലറുകൾ, റിസോർട്ടുകൾ, ഫ്ലാറ്റുകൾ, അപ്പാർട്ട്മെന്റുകൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ, അന്യ സംസ്ഥാന ബസുകൾ
ശ്രദ്ധിക്കാൻ
1.സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തരുത്
2. ആഘോഷങ്ങൾ മതിയായ വെളിച്ചത്തോടുകൂടി മാത്രമേ നടത്തുവാൻ പാടുള്ളു. ഇത് പരിപാടി നടത്തുന്ന സംഘാടകർ ഉറപ്പുവരുത്തണം
3. ബാർ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, റിസോർട്ടുകൾ, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഡി.ജെ പാർട്ടികളും അനുബന്ധ ആഘോഷങ്ങളും നടത്തുമ്പോൾ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ മുൻകൂട്ടി അറിയിക്കണം
4. പുതുവത്സരാഘോഷങ്ങളിലും അനുബന്ധ ആഘോഷ പരിപാടികളിലും മദ്യം ഉപയോഗിക്കുന്നുണ്ടെങ്കിൽ പ്രത്യേകം ലൈസൻസ് (എഫ്.എൽ.6) എടുക്കണം.
5. കാർ/ബൈക്ക് റേസിംഗ് നടത്തുന്നതും പൊതു സ്ഥലങ്ങളിൽ പരസ്യമായി മദ്യപിക്കുന്നതും മദ്യപിച്ച് വാഹനം ഓടിക്കുന്നതും തടയുന്നതിന് ശക്തമായ നടപടികളുണ്ടാകും
6, ഉച്ചഭാഷിണി ഉപയോഗിച്ച് ചട്ടലംഘനം നടത്തിയാൽ കർശന നടപടി സ്വീകരിക്കും
7. അനിഷ്ട സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി അടുത്തുളള പൊലീസ് സ്റ്റേഷനിലോ കേരളാ പൊലീസിൻറെ ടോൾ-ഫ്രീ (112,1515) വിളിക്കുക
8. തിക്കും തിരക്കും കാരണം എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ അത്തരം അടിയന്തിര സാഹചര്യം നേരിടുന്നതനാവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ സംഘാടകർ വരുത്തണം
''പുതു വത്സരാഘോഷങ്ങളുടെ മറവിൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ കർശന നടപടികൾ സ്വീകരിക്കും''
ടി.നാരായണൻ, സിറ്റി പൊലീസ് കമ്മിഷണർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |