SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.18 PM IST

ചുരത്തിലെ കുരുക്ക്: പരിഹാരം ഏകോപനം

Increase Font Size Decrease Font Size Print Page
chakkala
ചുരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കളക്ടറേറ്റിനു മുന്നിൽ വയനാട്ടിലെ യു.ഡി.എഫ് എം.എൽ.എമാരുടെ രാപകൽ സമര സമാപനത്തിൽ ഡോ. വർഗീസ് ചക്കാലക്കൽ പങ്കെടുത്തപ്പോൾ

  • നിർദ്ദേശങ്ങളുമായി ജനപ്രതിനിധികൾ

കോഴിക്കോട്: കോഴിക്കോട്, വയനാട് ജില്ലാ ഭരണകൂടങ്ങൾ തമ്മിലും ഇരു ജില്ലകളിലെയും പൊലീസ് ഉൾപ്പെടെ വിവിധ വകുപ്പുകൾ തമ്മിലുമുള്ള ഏകോപനമില്ലാത്തതാണ് താരമശ്ശേരി ചുരത്തിലെ ഗതാഗത കുരുക്കിന് പ്രധാന കാരണമെന്ന് ആക്ഷേപം.

തുരങ്കപാത ഉൾപ്പെടെ ബദൽ പാതകളും ഇപ്പോൾ തുടങ്ങിയിട്ടുള്ള ചുരം റോഡിലെ 6,7,8 ഹെയർപിൻ വളവ് നിവർത്തലും ചുരം യാത്ര സുഗമമാക്കുമെങ്കിലും കാത്തിരിക്കണം. അതിനുള്ളിൽ ഉദ്യോഗസ്ഥർ മനസു വച്ചാൽ ചെയ്യാവുന്ന നിരവധി കാര്യങ്ങളുണ്ടെന്നും ജനപ്രതിനിധികളും ചുരം സംരക്ഷണ സമിതി ഭാരവാഹികളും പറയുന്നു. ഇരു ജില്ലകളിലെയും കളക്ടർമാരാണ് അതിന് മുൻകെെയെടുക്കേണ്ടത്. സർക്കാർഅതിന് നിർദ്ദേശം നൽകണമെന്നും അവർ ആവശ്യപ്പെടുന്നു. താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സർക്കാരിൻ്റെ അടിയന്തര ഇടപെടലുണ്ടാകണമെന്ന് ടി. സിദ്ദിഖ് എംഎൽഎ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് കളക്ടറേറ്റിനു മുന്നിൽ വയനാട്ടിലെ യു.ഡി.എഫ് എം.എൽ.എമാർ രാപകൽ സമരവും നടത്തി. പ്രോഫ. എം.എൻ. കാരശ്ശേരി, കൽപ്പറ്റ നാരായണൻ, ആർച്ച് ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ തുടങ്ങിയവർ ഇന്നലെ സമരപ്പന്തൽ സന്ദർശിച്ചു.

കുരുക്ക് പരിഹരിക്കാൻ മന്ത്രിമാർ നേതൃത്വം നൽകുന്ന ഒരുയോഗവും ഇതുവരെ നടത്തിയിട്ടില്ല. ഗതാഗതം സുഗമമാക്കാനെടുത്ത തീരുമാനങ്ങൾ നടപ്പാക്കിയുമില്ല. പ്രശ്നത്തിൽ മനുഷ്യാവകാശ കമ്മിഷനും ഇടപെട്ടിരുന്നു. ഓണത്തിനു മുമ്പ് ഒമ്പതാം വളവിൽ തകർച്ചയുണ്ടായ സ്ഥലം സന്ദർശിക്കാൻ കോഴിക്കോട് കളക്ടർക്ക് മൂന്നുദിവസം വേണ്ടിവന്നു. ക്രെയിൻ സർവീസും മൊബൈൽ മെക്കാനിക്കൽ യൂണിറ്റും സ്ഥാപിക്കാൻ തീരുമാനമെടുത്തിട്ടും നടപ്പായില്ലെന്നും സിദ്ദിഖ് എം.എൽ.എ പറഞ്ഞു.

പ്രധാന ആവശ്യങ്ങൾ

പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് വേഗം യാഥാർഥ്യമാക്കുക.

മലാപ്പറമ്പ്-മുത്തങ്ങ ടെൻഡർ നടപടി വേഗത്തിലാക്കുക.

കുറ്റ്യാടിച്ചുരം ബദൽ റോഡായി വികസിപ്പിക്കുക.

അടിവാരം മുതൽ നാലാംവളവു വരെ ബൈപ്പാസ് കൊണ്ടുവരിക.

ചുരത്തിനായി പ്രത്യേക റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിക്കുക.

ലക്കിടിയിലും അടിവാരത്തും കൺട്രോൾ സിസ്റ്റം സ്ഥാപിക്കുക.

തിരക്കുള്ള സമയങ്ങളിൽ മൾട്ടി ആക്സിൽ വാഹനങ്ങളെ നിയന്ത്രിക്കുക.

ഇരു ജില്ലകളിലെയും പൊലീസ്, തദ്ദേശ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, ചുരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകൾ എന്നിവരെ ഉൾപ്പെടുത്തി ഗതാഗതം സുരക്ഷിതവും സുഗമവുമാക്കണം.

-ടി.സിദ്ദിഖ് എം.എൽ.എ

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY