കാത്തിരിപ്പിന് 10 വർഷം
കോഴിക്കോട്: ഒരു പതിറ്റാണ്ടിന്റെ പഴക്കം പേറുന്ന കോഴിക്കോടിന്റെ മെട്രോ സ്വപ്നം പാളംകയറാൻ ഇനിയും കാത്തിരിക്കേണ്ടിവരും. അതിവേഗം വളരുന്ന കൊച്ചിയുടെ ഗതാഗതക്കുരുക്കിന് പരിഹാരമായി സർക്കാർ മെട്രോ ട്രെയിൻ പദ്ധതി അനുവദിച്ചപ്പോൾ തന്നെയാണ് തിരുവനന്തപുരത്തും കോഴിക്കോടും സമാന പദ്ധതികൾക്ക് പച്ചക്കൊടി കാട്ടിയത്. തിരുവനന്തപുരത്തും കോഴിക്കോട്ടും പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുടക്കമിടുകയും ചെയ്തിരുന്നു. പലതവണ അലൈൻമെന്റ് മാറ്റിയ ശേഷമാണെങ്കിലും തിരുവനന്തപുരത്ത് അന്തിമ ഉത്തരവിറക്കിയിരിക്കുകയാണ്. എന്നാൽ കോഴിക്കോടിന് ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടി വരുമെന്ന് ഏതാണ്ട് ഉറപ്പായി.
തിരുവനന്തപുരം, കോഴിക്കോട് മെട്രോ നാൾവഴി
കെ.എം.ആർ.എൽ മാതൃകയിൽ കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപറേഷൻ ലിമിറ്റഡ് (കെ.ആർ.ടി.എൽ) എന്ന സ്ഥാപനം രൂപീകരിച്ചു.
.2014 ൽ പദ്ധതിയുടെ ആദ്യ ഡി.പി.ആർ (വിശദ പദ്ധതി രേഖ) ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡി.എം.ആർ.സി) തയ്യാറാക്കി
.പദ്ധതി വൈകിയതോടെ 2021ൽ ഡി.എം.ആർ.സി പുതുക്കിയ ഡി.പി.ആർ തയാറാക്കി. സംസ്ഥാനത്തെ മെട്രോ പദ്ധതികൾക്ക് ഒന്നിലധികം സ്ഥാപനങ്ങൾ വേണ്ടെന്ന് കേന്ദ്രം
.2022 ൽ കെ.ആർ.ടി.എൽ പിരിച്ചുവിടുന്നു
.മെട്രോ പദ്ധതികൾ കെ.എം.ആർ.എലിനെ ഏൽപിച്ചു.
.മൂന്ന് വർഷം അനക്കമില്ല
മോണോ റെയിലും ലൈറ്റ് മെട്രോയും
ആദ്യം കോഴിക്കോട് മോണോ റെയിൽ എന്ന പേരിലായിരുന്നു പദ്ധതി. 2,773 കോടി ചെലവ് പ്രതീക്ഷിച്ച പദ്ധതിക്കായി കോഴിക്കോട് മോണോ റെയിൽ ഓഫീസ് തുറക്കുകയും സ്ഥലം ഏറ്റെടുക്കാൻ ഭരണാനുമതി നൽകുകയും ചെയ്തു. ലൈറ്റ് മെട്രോ എന്ന പേരിൽ പദ്ധതി മുന്നോട്ടുപോയെങ്കിലും ഓഫീസ് തന്നെ അടച്ചുപൂട്ടി. പിന്നീട് ഒരു ബഡ്ജറ്റിലും പരിഗണന വന്നില്ല. കരിപ്പൂർ വിമാനത്താവളം മുതൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് വരെയാണ് ലൈറ്റ്‌മെട്രോ തുടക്കത്തിൽ വിഭാവനം ചെയ്തത്. ആദ്യഘട്ടത്തിൽ മെഡിക്കൽ കോളേജിൽ നിന്ന് മീഞ്ചന്ത വരെയും രണ്ടാം ഘട്ടത്തിൽ രാമനാട്ടുകര വരെയും അവസാനം കരിപ്പൂരിലും അവസാനിപ്പിക്കുന്ന രീതിയിൽ നിർമാണം തുടരാനായിരുന്നു ലക്ഷ്യം.
തിരുവനന്തപുരത്തും പദ്ധതി യാഥാർത്ഥ്യമാകാൻ വലിയ കടമ്പകൾ ഇനിയുമുണ്ട്. പുതിയ റൂട്ട് മാപ്പ് വച്ച് കെ.എം.ആർ.എൽ വിശദമായ ഡി.പി.ആർ ഉണ്ടാക്കണം. ആറുമാസമെങ്കിലും സമയമെടുക്കും. അപ്പോഴേക്കും ഈ സർക്കാറിന്റെ കാലാവധി കഴിയും.
പുതിയ ഡി.പി.ആർ കേന്ദ്ര മെട്രോ പോളിസി 2017നും കേന്ദ്ര നിയമങ്ങൾക്കും ബാധകമായിരിക്കണം. ശേഷം കേന്ദ്ര സർക്കാർ ഒരു അനുമതി കൂടി നൽകണം.
''കോഴിക്കോട് മെട്രോയ്ക്ക് അനുയോജ്യമായ 18 കിലോമീറ്റർ കോറിഡോർ കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം മെട്രോയ്ക്ക് ശേഷം അതിലേക്ക് കടക്കും""- ലോകനാഥ് ബെഹറ, എം.ഡി കെ.എം.ആർ.എൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |