@ 178 വീടിന്റെ താക്കോൽ, രേഖകൾ എന്നിവ കൈമാറും
കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്കായി കൽപ്പറ്റ ഏൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മാണം പുരോഗമിക്കുന്ന ടൗൺഷിപ്പിലെ വീടുകളുടെ ആദ്യഘട്ട താക്കോൽ കൈമാറ്റവും രേഖകളും ഈ മാസം 15ന് ശേഷം നടക്കുമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന ടൗൺഷിപ്പിൽ കൈമാറുന്ന ആദ്യഘട്ട വീടുകളുടെ നറുക്കെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഗുണഭോക്താക്കളും പങ്കെടുത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. ടൗൺഷിപ്പിൽ നിർമ്മാണം പൂർത്തിയാവുന്ന 178 വീടുകളാണ് ആദ്യഘട്ടത്തിൽ കൈമാറുന്നത്. സോൺ ഒന്നിൽ ഉൾപ്പെട്ട 107 വീട്, സോൺ മൂന്നിലെ 28 വീട്, സോൺ നാലിലെ 43 വീടുകളാണ് കൈമാറുക. ഗുണഭോക്താക്കൾക്ക് വീട് കൈമാറുന്നതിനൊപ്പം പട്ടയം, ഉടമസ്ഥാവകാശ രേഖ, വൈദ്യുതി, കുടിവെള്ള കണക്ഷൻ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളോടെയുമാണ് വീടുകൾ നൽകുക.
ഏൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്ടർ ഭൂമിയിൽ 35 ക്ലസ്റ്ററുകളായാണ് നിർമ്മാണം പുരോഗമിക്കുന്നത്. ഓരോ ക്ലസ്റ്ററിലും ഏട്ട് മുതൽ 20 വരെ വീടുകളാണുള്ളത്. സോൺ ഒന്നിലെ 140 വീടുകളിലെ 107 വീടുകളുടെ നിർമ്മാണമാണ് പൂർത്തിയായത്. സോൺ മൂന്നിലെ 51 വീടുകളിൽ 28 ഉം സോൺ നാലിലെ 51 വീടുകളിൽ 43 വീടുകളും പൂർത്തീകരിച്ചു. ടൗൺഷിപ്പിൽ നിർമ്മിക്കുന്ന 410 വീടുകളുടെയും പ്രവൃത്തി ഏപ്രിൽ 30 നകം പൂർത്തികരിക്കും. ടൗൺഷിപ്പിലെ നിർമ്മാണ പ്രവൃത്തികളുടെ കോൺട്രാക്ടർ കലാവധി ഒക്ടോബർ ആറ് വരെയാണ്. ഫേസ് ഒന്നിൽ ഉൾപ്പെട്ട മുഴുവൻ ഗുണഭോക്താക്കൾക്കും സോൺ ഒന്ന്, മൂന്ന് കേന്ദ്രീകരിച്ച് അടുത്തടുത്ത വീടുകൾ നൽകണമെന്ന ആവശ്യം ഫേസ് ഒന്നിൽ ഉൾപ്പെട്ടവർ ഉന്നയിച്ചു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, കൽപ്പറ്റ മുനിസിപ്പൽ ചെയർപേഴ്സൺ പി. വിശ്വനാഥൻ, ടൗൺഷിപ്പ് ചീഫ് ഓപറേറ്റിംഗ് ഓഫീസർ ജെ.ഒ അരുൺ, എ.ഡി.എം എം.ജെ അഗസ്റ്റിൻ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ.എസ് നസിയ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |