കോഴിക്കോട്: മുൻ കേന്ദ്രമന്ത്രി കെ.പി ഉണ്ണികൃഷ്ണന്റെ സന്തത സഹചാരിയാണ് നന്മണ്ട പുതിയോട്ടു വീട്ടിൽ അജിത് കുമാർ. മൂന്നര പതിറ്റാണ്ടായി നിഴലായി അജിത് ഒപ്പമുണ്ട്. അജിത്തിന് മുമ്പ് അദ്ദേഹത്തിന്റെ അമ്മാവന്മാരും മുത്തച്ഛനുമൊക്കെ പത്മാലയത്തിലെ മേൽനോട്ടക്കാരായിരുന്നു. അജിത് അഞ്ചാം തലമുറയിൽ പെട്ടയാളാണെന്ന് കെ.പി. ഉണ്ണിക്കൃഷ്ണൻ തന്നെ പറയുമായിരുന്നു. ഉണ്ണിക്കൃഷ്ണന്റെ സഹായിയായി മിക്കപ്പോഴും പത്മാലയത്തിൽ തന്നെ അജിത് താമസിക്കും. ഇടയ്ക്ക് നന്മണ്ടയിലെ വീട്ടിലേക്ക് പോവുകയാണെങ്കിൽ അവിടെ എത്തിയോ എന്ന് വിളിച്ചുചോദിക്കും. അടുത്ത കാലത്തായി അസുഖം മൂർച്ഛിച്ചപ്പോഴും ഭക്ഷണം കഴിച്ചോ എന്ന് തന്നോട് ഇടയ്ക്കിടെ ചോദിക്കുമായിരുന്നുവെന്ന് അജിത് പറഞ്ഞു.
രണ്ട് വർഷം മുമ്പ് കെ.പി ഉണ്ണികൃഷ്ണനെ ആദരിക്കുന്ന പരിപാടി വീട്ടിൽ നടത്തിയിരുന്നു. അന്നാണ് അദ്ദേഹത്തിന് ചെറിയ അസ്വാസ്ഥ്യമുണ്ടായത്. ലോ ഷുഗറും മറ്റുമുണ്ടായിരുന്നു. നടക്കാനും ബുദ്ധിമുട്ടായി. ഒന്നര വർഷമായി തീരെ സുഖമില്ലാതായിട്ട്. ഒരാഴ്ചയായി ആശുപത്രിയിലായിരുന്നു. രോഗബാധിതനായപ്പോഴും അജിത് സഹായവുമായി കൂടുതൽ സമയം ഉണ്ണികൃഷ്ണനൊപ്പമുണ്ടായിരുന്നു.
ഭക്ഷണ പ്രിയനായിരുന്നു അദ്ദേഹം. പല പരിപാടികൾക്കുള്ള യാത്രകളിൽ എവിടെയാണ് നല്ല ഭക്ഷണം കിട്ടുകയെന്ന് ഓർത്തുവയ്ക്കാറുണ്ട്. എല്ലാ ഭക്ഷണവും കഴിക്കുമെങ്കിലും കരിമീൻ കൂടുതൽ ഇഷ്ടമാണ്.
അതിഥികളെത്തിയാൽ അവരോട് ആദ്യം ചോദിക്കുക ഭക്ഷണം കഴിച്ചോ എന്നായിരിക്കും. കഴിപ്പിച്ചേ വിടാറുള്ളൂ. 12 പേർക്ക് ഇരിക്കാവുന്ന ഡെെനിംഗ് ടേബിളിൽ അദ്ദേഹവും ഒപ്പമിരുന്ന് കഴിക്കും. പുതിതായി ആരെങ്കിലും വന്നാൽ അവരെയും ക്ഷണിക്കും. അവർ കഴിച്ചുകഴിയും വരെ ഒപ്പമിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |