@ പിന്തുണയുമായി ജനപ്രതിനിധികൾ
@ താളംതെറ്റി സ്വകാര്യ ആശുപത്രികൾ
കോഴിക്കോട്: വേതന വർദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാർ നടത്തുന്ന പണിമുടക്ക് അഞ്ചാം ദിവസത്തിലേക്ക്. ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ. നൂറുകണക്കിന് നഴ്സുമാർ ജോലി ബഹിഷ്കരിച്ച് ഇന്നലെയും കളക്ടറേറ്റിന് മുൻപിൻ ധർണ നടത്തി. ധർണയ്ക്ക് ഐക്യദാർഢ്യവുമായി ജനപ്രതിനിധികൾ രംഗത്തെത്തി. മുസ്ലീം ലീഗ് നേതാക്കളായ എം.കെ മുനീർ, പി.കെ ഫിറോസ് എന്നിവർ സമര വേദിയിലെത്തി. നഴ്സുമാർ ഉണ്ടായാൽ മാത്രമാണ് ആശുപത്രികൾ ആവുന്നതെന്നും ആത്മ സമർപ്പണത്തോടെയാണ് നഴ്സുമാർ പ്രവർത്തിക്കുന്നതെന്നും എം.കെ മുനീർ പറഞ്ഞു. ചർച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ച ആശുപത്രിയിൽ മൂന്നിലൊരു ശതമാനം നഴ്സുമാർ ജോലിയെടുത്തിരുന്നു. എന്നാലിപ്പോൾ ഓമശേരി ശാന്തി ആശുപത്രിയിൽ മാത്രമാണ് നഴ്സുമാർ ഉള്ളത്. നിലവിൽ വലിയ ആശുപത്രികളൊന്നും ചർച്ചയ്ക്കായി വന്നിട്ടില്ലെന്നും വൈകാതെ വരുമെന്നാണ് പ്രതീക്ഷയെന്ന് യു.എൻ.എ ജില്ല പ്രസിഡന്റ് ജിഷ്ണു അശോകൻ പറഞ്ഞു.
അതേസമയം നഴ്സുമാരുടെ സമരം തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റിയ നിലയിലാണ്. അത്യാവശ്യ സേവനങ്ങൾ മാത്രമാണ് നടക്കുന്നത്. അടിയന്തര ചികിത്സ ആവശ്യമുള്ളവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയാണ് . ഇതോടെ മെഡി.കോളേജിൽ എത്തുന്നവുടെ എണ്ണവും കുത്തനെ ഉയർന്നു. നഴ്സുമാരുടെ സമരം തുടരുന്ന സാഹചര്യത്തിൽ പുതിയ സ്റ്റാഫ് നഴ്സുമാരെ നിയമിക്കാനുള്ള ഒരുക്കത്തിലാണ് മിക്ക സ്വകാര്യ ആശുപത്രികളും. ഒരു വർഷമോ അതിലേറെയോ പരിചയ സമ്പന്നരായ ബി.എസ്.സി, ജി.എൻ.എം, പോസ്റ്റ് ബി.എസ്.സി നഴ്സുമാരെയാണ് ആവശ്യമുണ്ടെന്ന പരസ്യം ഇതിനോടകം നൽകി കഴിഞ്ഞു.
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിലും സമരം തുടരുമെന്ന് യു.എൻ.എ ഭാരവാഹികൾ അറിയിച്ചു. കളക്ടറേറ്റിന് മുൻപിൽ നടന്ന ധർണയിൽ യു.എൻ.എ ഭാരവാഹികളായ ജിഷ്ണു അശോകൻ, മിനി ബേബി, അജയ് വിശ്വംഭരൻ, ജിതിൻ ലോഹി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |