കോഴിക്കോട്: റെയിൽവേയുടെ ഡിജിറ്റൽ സേവനങ്ങൾ ഒരു കുടക്കീഴിലാക്കുന്ന റെയിൽ വൺ ആപ്പ് ചിലപ്പോഴൊക്കെ ആപ്പാകുന്നുവെന്ന് ആക്ഷേപം. ഇന്റർനെറ്റ് ലഭ്യത കുറഞ്ഞ സ്ഥലത്തെത്തുമ്പോൾ പരിശോധകന് ടിക്കറ്റ് കാണിച്ചുകൊടുക്കാൻ കഴിയാത്തതാണ് പ്രധാന പ്രശ്നം.
ടിക്കറ്റിന്റെ സ്ക്രീൻ ഷോട്ട് കാണിച്ചാലും ടി.ടി.ആർ സമ്മതിക്കില്ല. ഐ.ഡി നമ്പർ വച്ച് ടി.ടി.ആറിന് ടിക്കറ്റെടുത്തതിന്റെ വിവരങ്ങൾ ശേഖരിക്കാമെങ്കിലും പലരും അതിന് തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. കൊങ്കൺ റെയിൽവേ വഴിയുള്ള യാത്രയാണെങ്കിൽ ഇന്റർനെറ്റ് കണക്ഷൻ കിട്ടാൻ ഏറെ പ്രയാസവുമാണ്. റെയിൽ വൺ ആപ്പിന്റെ സവിശേഷതകൾ വിശദീകരിക്കാൻ കോഴിക്കോട്, തിരൂർ റെയിൽവേ സ്റ്റേഷനുകളിൽ ഈയിടെ പ്രത്യേക ബോധവത്കരണം നടത്തിയിരുന്നു. കുറേ സംശയങ്ങൾ ദൂരീകരിച്ചെങ്കിലും ഇന്റർനെറ്റ് പ്രശ്നം പരിഹരിക്കാൻ നടപടിയില്ലെന്നും പറയുന്നു. അതേസമയം ധാരാളം ഗുണങ്ങൾ ആപ്പിനുണ്ടെന്ന് യാത്രക്കാർ തന്നെ സമ്മതിക്കുന്നു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പുറത്തിറക്കിയ ആപ്പ് മാർച്ച് ഒന്നുമുതലാണ് പ്രവർത്തനം തുടങ്ങിയത്. ജനറൽ ടിക്കറ്റുകൾ, പ്ലാറ്റ് ഫോം ടിക്കറ്റുകൾ, സീസൺ ടിക്കറ്റുകൾ എന്നിവ ഇനി പഴയ യു.ടി.എസ് ആപ്പ് വഴി ബുക്ക് ചെയ്യാനാവില്ല. ട്രെയിൻ സ്റ്റാറ്റസ് പരിശോധന, ഭക്ഷണം ഓർഡർ ചെയ്യൽ എന്നിവയും പുതിയ ആപ്പിൽ ലഭ്യമാണ്. ഗൂഗിൾപ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത് പഴയ യു. ടി.എസ് യു സർനെയിമും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാം.
ട്രെയിൻ സമയം, കോച്ചുകളുടെ സ്ഥാനം, ലൈവ് സ്റ്റാറ്റസ് എന്നിവ ആപ്പിലൂടെ പരിശോധിക്കാം. റെയിൽവേയുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ പരാതിപ്പെടാനും സൗകര്യമുണ്ട്. ജൂലായ് 14 വരെ റെയിൽ വൺ ആപ്പ് വഴി ജനറൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ഡിജിറ്റൽ പേയ്മെന്റ് ഉപയോഗിക്കുന്നവർക്ക് മൂന്ന് ശതമാനം വരെ ഡിസ്കൗണ്ടുണ്ട്. ടിക്കറ്റ് ബുക്കിംഗ് എളുപ്പമാക്കാൻ ആപ്പ് വഴി കഴിയും. ടിക്കറ്റ് കൗണ്ടറുകൾക്ക് മുന്നിലെ തിരക്ക് കുറയ്ക്കാൻ ആപ്പ് സഹായമാകും. മലയാളമുൾപ്പെടെ വിവിധ ഭാഷകളിൽ ആപ്പ് ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |