കോഴിക്കോട്: നിർണായക തിരഞ്ഞെടുപ്പിന് മൂന്നാഴ്ചമാത്രം ബാക്കി നിൽക്കെ രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് കോഴിക്കോട് ജില്ല ആരെ തുണയ്ക്കുമെന്നാണ്. 13 മണ്ഡലത്തിൽ 11ഉം തൂത്തുവാരി ഇടതുപക്ഷം നിൽക്കുമ്പോൾ അടുത്തത് തങ്ങളുടെ സർക്കാരെന്ന് അവകാശപ്പെടുന്ന യു.ഡി.എഫിന് ഏറ്റവും പ്രധാനമാണ് കോഴിക്കോട്ടെ ഫലം. പകുതിസീറ്റെങ്കിലും സ്വന്തമാക്കിയില്ലെങ്കിൽ യു.ഡി.എഫ് അവകാശപ്പെടുന്ന നൂറെന്ന അക്കത്തിലേക്ക് കടക്കുക വലിയ പ്രയാസമാകും.
2005നുശേഷം കോഴിക്കോട്ട് കോൺഗ്രസ് നിലം തൊട്ടിട്ടില്ല. രണ്ടുമന്ത്രിമാരുണ്ടായിരുന്നു അന്ന് കോൺഗ്രസിന്. പി.ശങ്കരനും എ.സുജനപാലും. രണ്ടുപേരും മരണപ്പെട്ടു. വർഷം 20കഴിഞ്ഞ് യു.ഡി.എഫ് ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ കോഴിക്കോട്ട് കോൺഗ്രസ് കരപറ്റുമോ എന്നത് പ്രധാന ചോദ്യം.
നിലവിൽ 13മണ്ഡലങ്ങളുള്ള കോഴിക്കോട്ട് 11ഉം ഇടതുപക്ഷത്താണ്. വടകരയും കൊടുവള്ളിയും മാത്രം യു.ഡി.എഫിൽ. വടകരയിൽ ആർ.എം.പി നേതാവ് കെ.കെ.രമയും കൊടുവള്ളിയിൽ ലീഗിൽ നിന്ന് എം.കെ.മുനീറും. ഇത്തവണ മത്സരിക്കാനിരിക്കുന്ന അഞ്ച് സീറ്റിൽ അഞ്ചും നേടുമെന്ന് കോൺഗ്രസ് അവകാശപ്പെടുമ്പോഴും ഒന്നെങ്കിലും കിട്ടുമോന്ന് കോൺഗ്രസുകാർതന്നെ ചോദിക്കുന്നു. കൊയിലാണ്ടി, ബേപ്പൂർ, കോഴിക്കോട് നോർത്ത്, ബാലുശ്ശേരി, നാദാപുരം മണ്ഡലങ്ങളിലാണ് കഴിഞ്ഞ തവണ കോൺഗ്രസ് മത്സരിച്ചത്. പക്ഷെ ഒരിടത്തും വിജയം കാണാനായില്ല. ഇത്തവണ ബേപ്പൂർസീറ്റ് അൻവറിന് കൈമാറുമ്പോൾ പകരം തിരുവമ്പാടി സീറ്റെടുക്കാനാണ് ധാരണ. അതുപോലെ കഴിഞ്ഞതവണ മാണി സി.കാപ്പന്റെ പാർട്ടി മത്സരിച്ച എലത്തൂർ സീറ്റും കോൺഗ്രസെടുക്കും. മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളിരാമചന്ദ്രൻവരെ മത്സര രംഗത്തുണ്ടാവുമെന്നാണ് തുടക്കത്തിൽ പറഞ്ഞതെങ്കിലും നിലവിൽ പ്രധാനപ്പെട്ട മൂന്ന് സീറ്റുകളിലും സ്ഥാനാർത്ഥികളായിക്കഴിഞ്ഞു. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീൺകുമാർ കൊയിലാണ്ടിയിലും കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.ജയന്ത് കോഴിക്കോട് നോർത്തിലും കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് നാദാപുരത്തും മത്സരിക്കുമെന്നാണ് ഇപ്പോഴത്തെ വിവരം.
കോഴിക്കോട് സൗത്ത്, കൊടുവള്ളി, തിരുവമ്പാടി, കുറ്റ്യാടി, പേരാമ്പ്ര മണ്ഡലങ്ങളിലാണ് ലീഗ് മത്സരിച്ചത്. കേരളത്തിൽ ഏക വനിതാ സ്ഥാനാർത്ഥി ലീഗിൽ മത്സരിച്ചത് കോഴിക്കോട് സൗത്തിലായിരുന്നെങ്കിലും അവർ പരാജയപ്പെട്ടു. നിലം തൊട്ടത് കൊടുവള്ളിയിൽ എം.കെ.മുനീർമാത്രം. പിന്നെ വടകരയിൽ യു.ഡി.എഫ് പിന്തുണയോടെ വിജയിച്ച ആർ.എം.പി.ഐ നേതാവ് കെ.കെ.രമയും ആശ്വാസം. 13മണ്ഡലങ്ങളിൽ രണ്ടെന്ന അക്കത്തിൽ ഒതുങ്ങിയ യു.ഡി.എഫ് ഇത്തവണ കോഴിക്കോട് ജില്ലയിൽ പിടിക്കുന്ന സീറ്റുകൾ ഭരണത്തിലേക്ക് കയറാൻ അവർക്ക് നിർണായകമാവും.
സി.പി.എമ്മിൽ കോഴിക്കോട്ട് സിറ്റിംഗ് എം.എൽ.എമാരെല്ലാം അങ്കത്തിന്
കോഴിക്കോട്: ജില്ലയിലെ ഇടതു മേധാവിത്വം നിലനിർത്തുകയെന്ന ലക്ഷ്യവുമായി സിറ്റിംഗ് എം.എൽ.എമാർക്കെല്ലാം സീറ്റ് നൽകി സി.പി.എം. കൊയിലാണ്ടിയിൽ എം.എൽ.എ ആയിരിക്കേ അന്തരിച്ച കാനത്തിൽ ജമീലയ്ക്ക് പകരം മുൻ എം.എൽ.എ ടി.പി.ദാസനെ ഇറക്കിയതൊഴിച്ചാൽ ബാക്കിയെല്ലാം പഴയ മുഖങ്ങൾ. ബേപ്പൂരിൽ മന്ത്രി മുഹമ്മദ് റിയാസ്, കോഴിക്കോട് നോർത്തിൽ തോട്ടത്തിൽ രവീന്ദ്രൻ, ബാലുശ്ശേരിയിൽ സച്ചിൻദേവ്, കുറ്റ്യാടിയിൽ കെ.പി.കുഞ്ഞമ്മദ് കുട്ടി, തിരുവമ്പാടിയിൽ ലിന്റോജോസഫ് എന്നിവരാണ് സി.പി.എം സ്ഥാനാർത്ഥികൾ. കുന്ദമംഗലത്ത് ഇടത് സ്വതന്ത്രനായി വീണ്ടും പി.ടി.എ.റഹീം ഇറങ്ങും. കോഴിക്കോട് സൗത്തിൽ ഐ.എൻ.എല്ലിൽ നിന്ന് അഹമ്മദ് ദേവർകോവിലും മത്സരിക്കും. എലത്തൂരിൽ എൻ.സി.പിയുടെ സീറ്റാണ്. നിലവിൽ മന്ത്രിയായ എ.കെ.ശശീന്ദ്രനാണ് എം.എൽ.എ. കൊടുവള്ളിയിൽ ഇടത് സ്വതന്ത്രനാണ്. നാദാപുരത്തെ സി.പി.ഐയുടെ സീറ്റിൽ അഡ്വ.പി.വസന്തമാണ് സ്ഥാനാർത്ഥി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |