തകർന്നത് ഇടതുകോട്ടകൾ

Tuesday 05 May 2026 12:42 AM IST
UDF

കോഴിക്കോട്: മുൻ മന്ത്രിമാരുൾപ്പെടെ പ്രമുഖർ മത്സരിച്ച ഇടതുകോട്ടകളിലടക്കം വെന്നിക്കൊടി പാറിച്ച് കോഴിക്കോട് ജില്ലയിൽ യു.ഡി.എഫിന് തേരോട്ടം. സംസ്ഥാനത്ത് യു.ഡി.എഫ് തരംഗമുണ്ടായപ്പോൾ പോലും ഇടതിനൊപ്പം നിന്ന, കോഴിക്കോട്ടെ യു.ഡി.എഫ് മുന്നേറ്റം ഇടതുപാളയത്തെ ഞെട്ടിച്ചു. 2021ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് രണ്ടും എൽ.ഡി.എഫിന് പതിനൊന്നും സീറ്റായിരുന്നത് ഇത്തവണ എൽ.ഡി.എഫിന് ഒന്നും യു.ഡി.എഫിന് പന്ത്രണ്ടുമെന്ന സ്ഥിതിയിലെത്തി.

ബേപ്പൂരിൽ നിന്ന് മന്ത്രി മുഹമ്മദ് റിയാസ് ജയിച്ചതുമാത്രമാണ് എൽ.ഡി.എഫിന് ആശ്വാസം. യു.ഡി.എഫ് സ്ഥാനാർത്ഥി പി.വി അൻവറിനെയാണ് 7,487 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോൽപ്പിച്ചത്. 2021ലെ ഭൂരിപക്ഷം 28,747ആയിരുന്നു. ബേപ്പൂരിൽ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞതും എൽ.ഡി.എഫിന് ആഘാതമായി.

എലത്തൂർ മണ്ഡലം രൂപീകൃതമായതു മുതൽ എൻ.സി.പിയിലെ (എസ്) എ.കെ ശശീന്ദ്രൻ ജയിച്ച മണ്ഡലവും എൽ.ഡി.എഫിനെ കെെവിട്ടു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വിദ്യ ബാലകൃഷ്ണനാണ് 12,162 വോട്ടിന് മന്ത്രിയെ തോൽപ്പിച്ചത്. സ്വന്തം വിജയത്തിനപ്പുറം ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാറിനും അഭിമാനിക്കാം. മികച്ച വിജയം നേടുകയെന്ന ലക്ഷ്യത്തോടെയുള്ള യു.ഡി.എഫ് പ്രവർത്തനവും ഫലം കണ്ടു. ഭരണനേട്ടം തുണയാകുമെന്ന എൽ.ഡി.എഫ് കണക്കുകൂട്ടൽ അസ്ഥാനത്തായി.

  • ആവേശത്തിൽ യു.ഡി.എഫ് ക്യാമ്പ്

നാമമാത്ര പ്രാതിനിദ്ധ്യത്തിൽ നിന്ന് ലീഗിനും കോൺഗ്രസിനുമുണ്ടായ മുന്നേറ്റം യു.ഡി.എഫിന് അഭിമാനവും ആവേശവുമായി. രണ്ട് പതിറ്റാണ്ടായി ജില്ലയിൽ നിന്ന് എം.എൽ.എയില്ലെന്ന നാണക്കേടിൽ നിന്ന് കോൺഗ്രസിന് മോചനമായി. യു.ഡി.എഫിൽ നിന്ന് കന്നിയങ്കക്കാരും പുതുമുഖങ്ങളും ജയിച്ചു. ജയം ഉറപ്പാക്കിയ സീറ്റുകളിൽ പോലും സി.പി.എമ്മിന് അടിപതറി.

  • എലത്തൂരിൽ അടിയൊഴുക്ക്

മന്ത്രി എ.കെ ശശീന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ എൻ.സി.പിയിൽ മുക്കം മുഹമ്മദിന്റെ നേതൃത്വത്തിൽ പ്രതിഷേധമുയർന്നിരുന്നു. മുക്കം മുഹമ്മദിനെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ശശീന്ദ്രൻ തന്നെ സ്ഥാനാർത്ഥിയായി. ഇതിലുള്ള പാർട്ടി അംഗങ്ങളുടെ പ്രതിഷേധവും പരാജയത്തിനിടയാക്കിയെന്നാണ് സൂചന. പ്രായാധിക്യത്തെ തുടർന്ന് പ്രചാരണത്തിൽ വേണ്ടത്ര സജീവമാകാനും ശശീന്ദ്രനായില്ല.

  • ബേപ്പൂരിൽ അൻവറിന്റെ വെല്ലുവിളി

ബേപ്പൂരിൽ കടുത്ത വെല്ലുവിളിയാണ് മന്ത്രി മുഹമ്മദ് റിയാസിനുണ്ടായത്. സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ പി.വി അൻവർ പ്രചാരണം തുടങ്ങിയിരുന്നു. ബലാബലമുള്ള പോരാട്ടമാണ് മുഹമ്മദ് റിയാസിന്റെ ഭൂരിപക്ഷം കുറച്ചതെന്നാണ് വിലയിരുത്തൽ. തോറ്റാൽ താൻ മൊട്ടയടിച്ച് കോഴിക്കോട് അങ്ങാടിയിൽ നടക്കുമെന്നു വരെ അൻവർ വെല്ലുവിളിച്ചു. എന്നാൽ മുഹമ്മദ് റിയാസ് വെല്ലുവിളി ഏറ്റെടുത്തില്ല. തരംഗത്തിനിടെയിലും വിജയിച്ചു.

  • പേരാമ്പ്രയിൽ അപകടം മണത്തു

സി.പി.എമ്മിന്റെ ഉറച്ച സീറ്റായ പേരാമ്പ്രയിൽ വോട്ടിംഗിന് മുൻപേ സി.പി.എമ്മിന് അപകടം മണത്തിരുന്നു. ന്യൂനപക്ഷ വോട്ടുകൾ സ്വാധീനം ചെലുത്തുമെന്നായിരുന്നു വിലയിരുത്തൽ. അതാണ് വർഗീയത പറഞ്ഞ് വോട്ടു പിടിക്കുന്നുവെന്ന ആക്ഷേപത്തിലേക്ക് എൽ.ഡി.എഫിനെ നയിച്ചത്. എന്നാൽ മതേതര വോട്ടുകളും കിട്ടിയാണ് ലീഗിലെ തഹ്ലിയ വിജയിച്ചതെന്ന് യു.ഡി.എഫ് പറയുന്നു.