എടപ്പാൾ: പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ 21 മുതൽ 28 വരെ നടക്കുന്ന പുത്രകാമേഷ്ടി യാഗത്തിന്റ ശാലക്കുള്ള കുറ്റിയടിക്കൽ കർമ്മം തച്ചുശാസ്ത്ര വിദഗ്ദൻ കുഴിയാംകുന്ന് രാമൻ നമ്പൂതിരിയുടെയും പി.എം.മനോജ് എമ്പ്രാന്തിരിയുടെയും നേതൃത്വത്തിൽ മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസ് നിർവഹിച്ചു. ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന് പുറത്ത് തെക്കുഭാഗത്താണ് യാഗശാല. യാഗ ചടങ്ങുകളും ദമ്പതിമാരുടെ സാന്നിദ്ധ്യത്തിലുള്ള സേവനങ്ങളുമെല്ലാം ഈ ശാലയിലാണ് നടക്കുക. ചടങ്ങിൽ സ്റ്റീഫൻ റിച്ചാർഡ് ഡഗ, വി.വിജേഷ്, റിജേഷ്, കെ.വി.കൃഷ്ണൻ, അഡ്വ.കെ.ടി.അജയൻ, കെ.എം.പരമേശ്വരൻ നമ്പൂതിരി, ഉണ്ണി ശുകപുരം, യു.വിശ്വനാഥൻ മാസ്റ്റർ, കുറുങ്ങാട് വാസദേവൻ നമ്പൂതിരി, കണ്ണൻ പന്താവൂർ, ടി.പി.മാധവൻ, ടി.പി.കുമാരൻ, പി.പി.ചക്കൻ കുട്ടി എന്നിവർ പങ്കെടുത്തു.
ക്ഷേത്ര മതിൽക്കെട്ടിന് പുറത്ത് തെക്കുവശത്തായി ഊട്ടുപുരയും പാചകപ്പുരയും വടക്കുഭാഗത്തായി സാംസ്കാരിക പരിപാടികൾക്കുള്ള വേദിയും ഒരുക്കും. ഇതിനപ്പുറത്തായി വൈവിദ്ധ്യമാർന്ന ഉത്പന്നങ്ങളുടെ വിപണനത്തിനുള്ള സ്റ്റാളുകളുമുണ്ടാകും. ക്ഷേത്രത്തിന് പുറത്തായി വിവിധ സ്ഥലങ്ങളിലായി വിശാലമായ പാർക്കിംഗ് സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. സാംസ്കാരിക വേദിയിൽ കഥകളി, അയ്യപ്പന്റെ കഥ പറയുന്ന പാവക്കൂത്ത്, നൃത്തനൃത്യങ്ങൾ, ഭക്തിഗാനമേള, സെമിനാറുകൾ എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |