പറവൂർ: ഓണക്കോടിയുമായി എത്തേണ്ടിയിരുന്ന അച്ഛന്റെ മൃതദേഹം വെള്ളപൊതിഞ്ഞ് വീട്ടിലെത്തുമ്പോഴും പറക്കമുറ്റാത്ത മൂന്നു കുരുന്നുകൾ വീട്ടിൽ ഓടിക്കളിക്കുകയായിരുന്നു. മക്കൾക്ക് ആരുമില്ലെന്ന ആകുലതയിലാണ് പറവൂർ ഗവ. താലൂക്ക് ആശുപത്രിയിൽ മരം മുറിക്കുന്നതിനിടെ മരണമടഞ്ഞ മോഹൻകുമാറിന്റെ (28) ഭാര്യ അശ്വതി.
കഴിഞ്ഞ 11 ന് കയർ ശരിരത്തിൽ കുടുങ്ങി 45 അടി ഉയരത്തിൽ തൂങ്ങികിടന്നായിരുന്നു മോഹൻ കുമാർ മരണ മടഞ്ഞത്. ഒന്നര മണിക്കുറോളം ഫോയർഫോഴ്സ് പണിപ്പെട്ടാണ് താഴെ എത്തിക്കാനായത്. വയനാട് വൈത്തിരി സ്വദേശി മോഹൻകുമാറും നായരമ്പലം നെടുങ്ങാട് സ്വദേശി അശ്വതിയും ആറ് വർഷം മുമ്പാണ് പ്രണയിച്ച് വിവാഹിതരായത്. നാല് വയസുള്ള ഋതിക, രണ്ടുവയസുള്ള ഇരട്ടകുട്ടികളായ ഋഷ്‌വി, ഋഷിക എന്നിവരാണ് മക്കൾ. ഐ.ടി.ഐ ഫിറ്റർ പാസായ മോഹൻകുമാർ പഠിച്ച തൊഴിൽ കിട്ടിതെയായതോടെ മൂന്ന് വർഷം മുമ്പ് നിത്യവൃത്തിക്കായി മരംവെട്ട് തൊഴിലാക്കി.
വിടെന്ന സ്വപ്നം ബാക്കിയാക്കി മടക്കം
സ്വന്തമായി വീടെന്ന സ്വപ്നം സഫലീകരിക്കാനാണ് അപകടനിറഞ്ഞ മരംവെട്ടിന് മോഹൻകുമാർ നിർബന്ധിതമായത്. അശ്വതി പ്ളസ്ടുവിന് ശേഷം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സിന് ചേർന്നെങ്കിലും പൂർത്തിയാത്താനായില്ല. മരണാനന്തര ചടങ്ങുകൾക്ക് ശേഷം വയനാട്ടിൽ നിന്ന് തിരിച്ചെത്തിയ അശ്വതിയും കുട്ടികളും മന്നത്തുള്ള അമ്മയുടെ തറവാട്ടിലാണ്. തത്തപ്പിള്ളിയിലെ വാടകവീട് ഒഴിഞ്ഞു. നാലായിരം രൂപ വാടക അശ്വതിക്ക് നൽക്കാനാവില്ല. അമ്മയുടെ താറവാട്പ വീട്ടിലും പരിമിതമായ സൗകര്യത്തിൽ താമസിക്കാനാവില്ല. അശ്വതിക്കും മൂന്ന് പിഞ്ചുകുട്ടികൾക്കും ഏകപ്രതീക്ഷ സുമനസുകളുടെ സഹായമാണ്.
ആശുപത്രി അധികൃതരുടെ അവഗണന
മോഹൻകുമാറിന്റെ കുടുംബത്തോട് പറവൂർ താലൂക്ക് ആശുപത്രി അധികൃതരുടെ അവഗണന തുടരുന്നു. മരം മുറിക്കുന്നതിന് കുറഞ്ഞ ക്വട്ടേഷൻ നൽകിയ മോഹൻകുമാറിന് 80,000 രൂപയ്ക്ക് കരാർ ഉറപ്പിച്ചത്. അപകടാവസ്ഥയിലുള്ള രണ്ട് മാവും ഒരു പ്ലാവും മുറിച്ചു മാറ്റുകയും മറ്റു നിരവധി മരങ്ങളുടെ ശിഖരങ്ങൾ മുറിച്ച് നീക്കാനുമായിരുന്നു കരാർ. മാവും പ്ലാവും മുറിച്ച് മാറ്റിയ ശേഷം തണൽ മരത്തിന്റെ കൊമ്പുകൾ മുറിക്കുന്നതിനിടെയായിരുന്നു അപകടം. കുടുംബത്തെ ആശ്വസിക്കാൻ പോലും ആശുപത്രി അധികൃതർ തയ്യാറായില്ലെന്നാണ് ആക്ഷേപം.
മോഹൻ കുമാറിന്റെ കുടുംബത്തിന് അടിയന്തര സഹായമെത്തിക്കാൻ ആശുപത്രി അധികൃതരും സർക്കാരും തയ്യാറാകണം. ഒപ്പം സുമനസുകളുടെ സഹായവും കുടുംബത്തിനുണ്ടാവണം.
കെ.കെ. അബ്ദുള്ള
ജനറൽ സെക്രട്ടറി
മുസ്ലിംലീഗ് പറവൂർ നിയോജക മണ്ഡലം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |