നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോൾ പ്രചാരണം ശക്തമാക്കി മുന്നണികളും സ്ഥാനാർത്ഥികളും. വിധിയെഴുത്തിന് ഒമ്പത് നാൾ മാത്രം ശേഷിക്കേ താരപ്രചാരകരുടെ വരവിനാണ് നിലമ്പൂർ സാക്ഷ്യം വഹിക്കുക. എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. സ്വരാജിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ 13,14,15 തീയതികളിൽ നിലമ്പൂരിലെത്തും. എൽ.ഡി.എഫ് പഞ്ചായത്ത് റാലികൾ ഉദ്ഘാടനം ചെയ്യും. 13ന് വൈകിട്ട് നാലിന് ചുങ്കത്തറയിലും അഞ്ചിന് മൂത്തേടത്തും 14ന് വൈകിട്ട് നാലിന് വഴിക്കടവിലും അഞ്ചിന് എടക്കരയിലും 15ന് രാവിലെ ഒമ്പതിന് പോത്തുകല്ലിലും വൈകിട്ട് നാലിന് കരുളായിയിലും അഞ്ചിന് അമരമ്പലത്തും പഞ്ചായത്ത് റാലികൾ ഉദ്ഘാടനം ചെയ്യും. ഇന്നലെ മലപ്പുറത്ത് ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പ്രചാരണം കൂടുതൽ സജീവമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. സാഹചര്യങ്ങൾ നിലമ്പൂരിൽ അനുകൂലമാണെന്ന് വിലയിരുത്തി. ഏരിയ കമ്മിറ്റികളിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകൾ യോഗം ചർച്ച ചെയ്തു. പി.വി. അൻവറിന്റെ സാന്നിദ്ധ്യം യു.ഡി.എഫ് വോട്ടുകളിലാണ് വിള്ളലുണ്ടാക്കുക എന്നും യോഗം വിലയിരുത്തി. മന്ത്രിമാരുൾപ്പടെയുള്ള എൽ.ഡി.എഫ് നേതാക്കൾ വരുംദിവസങ്ങളിൽ മണ്ഡലത്തിൽ ക്യാമ്പ് ചെയ്തു പ്രവർത്തിപ്പിക്കാനും തീരുമാനിച്ചു. ഇന്നലെ മന്ത്രിമാരായ കെ.ബി. ഗണേഷ്‌കുമാർ, വി.ശിവൻകുട്ടി, ആർ. ബിന്ദു എന്നിവർ പ്രചാരണത്തിനെത്തി.
യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി എ.ഐ.സി.സി ജനറൽ സെക്രട്ടറിയും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധി 14ന് മണ്ഡലത്തിലെത്തും. വൈകിട്ട് മൂന്നിന് മൂത്തേടത്തും നാലിന് നിലമ്പൂരിലും റോഡ് ഷോ നടത്തും. എ.ഐ.സി.സി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ 12ന് ഐ.എൻ.ടി.യു.സി തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ 13നും 16നും നിയോജക മണ്ഡലത്തിൽ പര്യടനം നടത്തും. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി വരുംദിവസമെത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ്, മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ അടൂർപ്രകാശ് തുടങ്ങിയവർ മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. മൂന്നാംഘട്ട പ്രചാരണത്തിലേക്ക് കടന്നിട്ടുണ്ട് കോൺഗ്രസ് ക്യാമ്പ്. പ്രിയങ്കയുടെ വരവോടെ ന്യൂനപക്ഷ വോട്ടുകൾ കൂടുതൽ അനുകൂലമാവുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. താഴെതട്ടിൽ യുവനേതൃത്വത്തെ ഇറക്കിയുള്ള പ്രചാരണത്തിലൂടെ പ്രവർത്തകർക്കിടയിലും ആവേശം സൃഷ്ടിക്കാൻ യു.ഡി.എഫിന് സാധിച്ചിട്ടുണ്ട്.
സ്വതന്ത്രനായി മത്സരിക്കുന്ന പി.വി.അൻവറിന്റെ പ്രചാരണത്തിന് തൃണമൂൽ കോൺഗ്രസ് എം.പി യൂസഫ് പഠാൻ എത്തും. 15ന് വൈകിട്ട് മൂന്ന് മണിക്ക് നിലമ്പൂരിലെത്തുന്ന യൂസഫ് പഠാൻ വഴിക്കടവ് വരെ റോഡ് ഷോ നടത്തുമെന്ന് അൻവർ ക്യാമ്പ് അറിയിച്ചു. തൃണമൂൽ സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ചപ്പോൾ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജ്ജി ഉൾപ്പെടെയുള്ളവർ തനിക്കു വേണ്ടി പ്രചാരണത്തിന് എത്തുമെന്ന് അൻവർ അവകാശപ്പെട്ടിരുന്നു. പിന്നാലെ അൻവറിന്റെ തൃണമൂൽ പത്രിക തള്ളപ്പെടുകയും തൃണമൂൽ കോൺഗ്രസിന്റെ ബംഗാളിൽ നിന്നുള്ള ആരും എത്താത്തതും ചർച്ചയായിരുന്നു. മഹുവ മൊയ്ത്ര എം.പി എത്തുമെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യം ഉറപ്പായിട്ടില്ല.
എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇന്നലെ ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |