തിരൂരങ്ങാടി: ഡോക്ടർമാരുടെകുറവ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ഡോക്ടർമാർ സ്ഥലം മാറിപ്പോയതും നിയമനം ലഭിച്ച ഡോക്ടർമാർ ചുമതല ഏൽക്കാത്തതുമാണ് പ്രതിസന്ധിക്കു കാരണം. സ്‌പെഷ്യലിസ്റ്റുകൾ ഉൾപ്പെടെ ആറു ഡോക്ടർമാരുടെ ഒഴിവുകളാണുള്ളത്. രണ്ടുപേർ ലീവിലും ജനറൽ വിഭാഗത്തിൽ രണ്ടു പേർ, സ്ത്രീരോഗ വിഭാഗം, നേത്രരോഗ വിഭാഗം, ത്വക്ക്‌രോഗ വിഭാഗം, മനോരോഗ വിഭാഗം എന്നിവയിൽ ഓരോ ഡോക്ടർമാരുടെയും അസിസ്റ്റന്റ് സർജന്റെയും ഒഴിവുകളാണുള്ളത്. സൂപ്രണ്ട് ഇല്ലാത്തതിനാൽ സീനിയർ ഓർത്തോഡോക്ടറാണ് ചുമതല വഹിക്കുന്നത്. ത്വക്ക്‌രോഗ വിഭാഗത്തിലും നേത്രരോഗ വിഭാഗത്തിലും ഒരു വർഷത്തോളമായി ഡോക്ടർമാരില്ല. ത്വക്ക്‌രോഗ വിഭാഗത്തിലേക്ക് പുതിയഡോക്ടർ വന്നെങ്കിലും ചുതലയേറ്റെടുത്ത അന്നുതന്നെ അവധിയിൽപോയി. സ്ത്രീരോഗ വിഭാഗം ഡോക്ടർ വിരമിച്ചപ്പോൾ പകരം ആളെത്തിയില്ല. അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്തിരുന്ന മൂന്ന് അസിസ്റ്റന്റ് സർജൻമാരെ സ്ഥലം മാറ്റിയതാണ്. ഇവർക്ക് പകരം നിയമിച്ച ഡോക്ടർമാരാണ് ഇതുവരെയും ചുമതലയേൽക്കാത്തത്. ജനറൽ ഡോക്ടർമാരുടെ കുറവ് കാരണം സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർക്ക് ജനറൽ ഒപി നോക്കേണ്ടി വരുന്നു. ഇതുകാരണം സ്‌പെഷ്യൽറ്റി ഒപി മുടങ്ങുകയാണ്. ഇതിന് മുൻപ് തന്നെ സ്‌പെഷ്യൽറ്റി ഒപിയിൽ ടോക്കൺ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഡോക്ടർമാരുടെ കുറവ് കൂടിയായതോടെ സ്‌പെഷ്യൽറ്റി ഒപി തന്നെ ശൂന്യമായിരിക്കുകയാണ്. താലൂക്കിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നായി ദിവസേന രണ്ടായിരത്തോളം രോഗികൾ വരുന്ന ആശുപത്രിയാണ്. കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്.
തിരൂരങ്ങാടി താലൂക്ക് ആശുപത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |