നിലമ്പൂർ: ആര്യാടൻ മുഹമ്മദിന്റെ തട്ടകമായ നിലമ്പൂരിൽ ആര്യാടന്റെ മകൻ ഷൗക്കത്ത് മത്സരിച്ചപ്പോൾ മുന്നൊരുക്കം നടത്തി മുസ്‌ലിം ലീഗ് ഒപ്പം നിന്നപ്പോൾ അത് മലപ്പുറത്തെ യു.ഡി.എഫിന്റെ ഐക്യകാഹളമായി. മലപ്പുറത്ത് ആര്യാടനും ലീഗും പലപ്പോഴും പോരടിച്ചാണ് നിന്നത്. മുസ്‌ലിം ലീഗ് അദ്ധ്യക്ഷനായതിനാൽ പാണക്കാട് തങ്ങൾ വിമർശനത്തിന് അതീതനല്ലെന്നായിരുന്നു ആര്യാടന്റെ നിലപാട്. എന്നാൽ തിരഞ്ഞെടുപ്പ് കാലത്ത് പോരടിക്കൽ നിറുത്തി ആര്യാടനും ലീഗും ഒറ്റക്കെട്ടായിരുന്നു. എന്നാൽ ആ ഐക്യ സന്ദേശം പലപ്പോഴും നിലമ്പൂരിൽ പ്രതിഫലിച്ചിരുന്നില്ല. നിലമ്പൂരിൽ ഒന്നാം പാർട്ടി കോൺഗ്രസും ലീഗ് രണ്ടാമതുമായിരുന്നു. ഏഴു പഞ്ചായത്തും നിലമ്പൂർ നഗരസഭയും ഉൾപ്പെടുന്ന മണ്ഡലത്തിൽ വഴിക്കടവ്, കരുളായി പഞ്ചായത്തുകളിൽ ലീഗാണ് ഒന്നാം പാർട്ടി. മറ്റിടങ്ങളിൽ കോൺഗ്രസും. പലപ്പോഴും തദ്ദേശ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസും ലീഗും തമ്മിൽ മത്സരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ആര്യാടൻ മുഹമ്മദില്ലാത്ത തിരഞ്ഞെടുപ്പിൽ മകൻ ഷൗക്കത്ത് മത്സരിച്ചപ്പോൾ ലീഗ് ഒറ്റക്കെട്ടായി ഒപ്പം നിൽക്കുകയായിരുന്നു. ആര്യാടന്റെയും ഷൗക്കത്തിന്റെയും ലീഗ് വിരുദ്ധ പ്രസ്താവനകൾ ഇടതുപക്ഷം ആയുധമാക്കിയപ്പോൾ പാണക്കാട് തങ്ങൾ കുടുംബത്തെ തന്നെ രംഗത്തിറക്കിയാണ് ലീഗ് പ്രചരണം നടത്തിയത്. തിരഞ്ഞെടുപ്പിന് മുമ്പുതന്നെ 'മുന്നൊരുക്കം' എന്ന പേരിൽ മുസ്‌ലിം ലീഗ് പഞ്ചായത്ത്, നിയോജക മണ്ഡലം കൺവൻഷനുകൾ പൂർത്തിയാക്കിയിരുന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നപ്പോൾ ലീഗ് അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ ഹജ് കർമ്മത്തിനായി മക്കയിലായിരുന്നു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി തങ്ങളാണ് ആര്യാടൻ ഷൗക്കത്തിന്റെ പഞ്ചായത്ത് തല പര്യടനം ഉദ്ഘാടനം ചെയ്തത്. യൂത്ത് ലീഗ് പ്രസിഡന്റ് മുനവറലി തങ്ങളും പര്യടനങ്ങളിൽ സജീവമായിരുന്നു. ഹജ്ജ് കർമ്മം കഴിഞ്ഞെത്തിയ സാദിഖലി തങ്ങൾ മുഴുവൻ പഞ്ചായത്തുകളിലും പര്യടനം നടത്തി. കുടുംബയോഗങ്ങളിലും പങ്കെടുത്തു.
മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമും നിലമ്പൂരിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തിച്ചത്.
ഓരോ പഞ്ചായത്തുകളിലും ലീഗ് എം.എൽ.എമാർക്ക് ചുമതല നൽകി. ലീഗ് എം.പിമാരായ എം.പി. അബ്ദുസമദ് സമദാനി, പി.വി അബ്ദുൾ വഹാബ്, ഹാരിസ് ബീരാൻ എന്നിവരും പ്രചാരണത്തിൽ സജീവമായിരുന്നു. യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസും എം.എസ്.എഫ് പ്രസിഡന്റ് പി.കെ. നവാസും നിലമ്പൂരിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തിച്ചത്.
16 നിയോജകമണ്ഡലമുള്ള സംസ്ഥാനത്ത് കൂടുതൽ എം.എൽ.എമാരെ നിയമസഭയിലേക്കയക്കുന്ന ജില്ലയാണ് മലപ്പുറം. നിലമ്പൂർ, വണ്ടൂർ, തവനൂർ, പൊന്നാനി എന്നീ നാല് മണ്ഡലങ്ങൾ മാത്രമാണ് മലപ്പുറത്ത് കോൺഗ്രസ് മത്സരിക്കുന്നത്. 2016 മുതൽ നിലമ്പൂർ കൈവിട്ടുപോവുകയായിരുന്നു. ജില്ലയിലെ പല മണ്ഡലങ്ങളിലും ലീഗിന് ജയിക്കാൻ കോൺഗ്രസ് വോട്ടുകൾ നിർണായകമാണ്. നിലമ്പൂർ തിരിച്ച് പിടിക്കുക എന്നത് മലപ്പുറത്തെ യു.ഡി.എഫ് ഐക്യത്തിനും പ്രധാനമാണ്. ഇത് തിരിച്ചറിഞ്ഞാണ് നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ വിജയിപ്പിക്കാൻ ലീഗ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |