മലപ്പുറം: നിലമ്പൂരിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് പദ്ധതികൾ കൊണ്ടുവരുമെന്നും അതിനായി എല്ലാവരുടെയും സഹകരണം തേടുമെന്നും നിയുക്ത എം.എൽ.എ ആര്യാടൻ ഷൗക്കത്ത്. മലപ്പുറം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒമ്പത് വർഷത്തിനിടെ നിരവധി പദ്ധതികളാണ് മുടങ്ങികിടക്കുന്നത്. മുടങ്ങിയ പദ്ധതികളെല്ലാം പുനർജീവിപ്പിക്കും. അതിനായി വിവിധ വകുപ്പ് മേധാവികളുടെയും ജനപ്രതിനിധികളുടെയു വിപുലമായ യോഗം ചേരും. സംസ്ഥാന സർക്കാരും നിലമ്പൂരിന്റെ വികസനത്തിന് വേണ്ട സഹായ സഹകരണങ്ങൾ ചെയ്ത് തരണമെന്നും ആര്യാടൻ ഷൗക്കത്ത് ആവശ്യപ്പെട്ടു. ചടങ്ങിൽ പ്രസ് ക്ലബ്ബ് പ്രസിഡന്റ് എസ്.മഹേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.പി.നിസാർ സ്വാഗതവും ട്രഷറർ പി.എ.അബ്ദുൾ ഹയ്യ് നന്ദിയും പറഞ്ഞു. ആര്യാടൻ ഷൗക്കത്തിന് പ്രസ് ക്ലബ്ബിന്റെ ഉപഹാരം വൈസ് പ്രസിഡന്റ് ഗീതു തമ്പി നൽകി.
എല്ലാവരുമായും സഹകരിക്കും
നിലമ്പൂരിന്റെ വികസനത്തിനായി ആരുമായും സഹകരിക്കും. അതിന് മുൻ എം.എൽ.എ എന്നോ ഇപ്പോഴത്തെ എം.എൽ.എ എന്നൊന്നുമില്ല. എല്ലാവരുമായി സഹകരിക്കും. നാളെ 3.30ന് എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്യും. മുൻ എം.എൽ.എ സഹകരിച്ചാലും ഇല്ലെങ്കിലും നിലമ്പൂരിന്റെ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. ഒമ്പത് വർഷം കൊണ്ട് നിലമ്പൂർ വികസനത്തിൽ പിന്നോട്ടുപോയിട്ടുണ്ട്. യു.ഡി.എഫ് തുടങ്ങിയ പദ്ധതികളൊന്നും പൂർത്തിയായില്ല. നിലമ്പൂർ ബൈപ്പാസ്, കെ.എസ്.ആർ.ടി.സി നിലമ്പൂർ ഡിപ്പോ, നിലമ്പൂർ ജില്ലാ ആശുപത്രി എന്നിവയുടെ വികസനം പൂർത്തിയാക്കും. വന്യമൃഗ ശല്യം പരിഹരിക്കാൻ നടപടികളുണ്ടാവും. നിലമ്പൂരിലെ മരാധിഷ്ടിത വ്യവസായങ്ങൾ പുനർജീവിപ്പിക്കും. ടൂറിസത്തിനും ഏറെ സാദ്ധ്യതയുള്ള മണ്ണാണ്.
അൻവറിന് മറുപടിയില്ല
തിരഞ്ഞെടുപ്പ് സമയത്തും അതിന് മുമ്പും പി.വി.അൻവർ നടത്തിയ വ്യക്തിപരമായ പരാമർശങ്ങൾക്ക് മറുപടി പറയുന്നില്ല. ഈ പരാമർശങ്ങൾക്കൊക്കെ നിലമ്പൂരിലെ ജനങ്ങൾ മറുപടി നൽകിയതാണ്. ഞാൻ രാഷ്ട്രീയം പറഞ്ഞാണ് മത്സരിച്ചത്. അതിന്റെ ഫലമാണ് കണ്ടത്.
സിനിമയും രാഷ്ട്രീയമാണ്
നിലമ്പൂരിന്റെ ജനപ്രതിനിധി എന്നതിനാൽ നിലമ്പൂർ തന്നെയാണ് പ്രധാനം. എന്നാൽ സാംസ്‌കാരിക മേഖലയിലും സജീവമായി ഉണ്ടാകും. കഥയും തിരക്കഥയും എഴുതും, സിനിമയുമെടുക്കും. ജനങ്ങളുടെ ഇടയിലൂടെയാണ് പൊതുപ്രവർത്തനം നടത്തുന്നത്. ജനങ്ങളുമായുള്ള ഈ സമ്പർക്കത്തിലൂടെയാണ് കഥയ്ക്കും തിരക്കഥയ്ക്കും വിഷയം ലഭിക്കുന്നത്. എന്റെ മുൻ സിനിമകൾ പരിശോധിച്ചാൽ അത് മനസിലാകും. എന്റെ രാഷ്ട്രീയ പ്രവർത്തനമാണ് സിനിമയാകുന്നത്.
സർക്കാർ വിരുദ്ധ വിധിയെഴുത്ത്
ഇടത് സർക്കാറിന്റെ ജനവിരുദ്ധ നയത്തിനെതിരെയുള്ള വിധിയെഴുത്താണിത്. ഭരണത്തിനെതിരായുള്ള ജനരോഷമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ജനങ്ങളോട് ഇത് പറയേണ്ടി വന്നിട്ടില്ല. അവർ അനുഭവിച്ചതിനാൽ സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ ഇങ്ങോട്ട് പറയുകയാണ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |