പുളിക്കൽ : പുളിക്കൽ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ആൽപ്പറമ്പ് അവുഞ്ഞിക്കാട് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കെട്ടിക്കിടക്കുന്ന ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യം നാട്ടുകാർക്ക് ആശങ്കയാകുന്നു. രണ്ടുവർഷമായി ഇവിടെ കൊണ്ടുവന്ന് തട്ടുന്ന പ്ലാസ്റ്റിക് മാലിന്യം വെയിലും മഴയുമേറ്റ് വലിയ പാരിസ്ഥിതിക പ്രശ്നമാണ് തദ്ദേശവാസികൾക്ക് സൃഷ്ടിക്കുന്നത്.
മഴ പെയ്യാൻ തുടങ്ങിയതോടെ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ വെള്ളം നിറഞ്ഞ് പകർച്ചവ്യാധികൾ പടരുമോയെന്ന ആശങ്കയിലാണ് പരിസര വാസികൾ.
മാലിന്യങ്ങളിൽ കെട്ടിക്കിടക്കുന്ന മലിനജലം കിണറുകളിൽ ഒഴുകിയെത്തി ജലജന്യരോഗങ്ങളുണ്ടാവുമോയെന്ന ആശങ്കയുമുണ്ട്.
മാലിന്യത്തിൽ നിന്നു ദുർഗന്ധം വമിക്കുന്നുമുണ്ട്. മാലിന്യ ശേഖരണ സ്ഥലത്തിന്റെ സമീപത്തായി എഴുപത് കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന രണ്ട് ജലനിധി കിണറുകളുമുണ്ട് .
കല്ല് വെട്ടിയ കുഴി നികത്തിയെടുത്ത സ്ഥലമാണ് സ്വകാര്യ വ്യക്തി മാലിന്യ ശേഖരണത്തിനായി ഉപയോഗിക്കുന്നത്. ആരംഭ കാലം മുതൽ ആളുകൾ പരാതിയുമായി രംഗത്തുണ്ട്.അധികൃതർക്ക് പലതവണ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്റെ എം.സി.എഫ് ആയി പ്രവർത്തിക്കുന്ന കേന്ദ്രമാണിതെന്നും ഇതിനെതിരെ പരാതി ലഭിച്ച ഉടൻ സ്ഥലം സന്ദർശിച്ച് നടപടികൾ സ്വീകരിച്ചിരുന്നതായും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. അലക്ഷ്യമായി മാലിന്യങ്ങൾ നിക്ഷേപിച്ചതിനെതിരെ ശേഖരണ കേന്ദ്രത്തിനെതിരെ രണ്ട് തവണ പിഴ ചുമത്തിയിട്ടുണ്ട്. പ്രദേശവാസികളുടെ പരാതിയിൽ സ്ഥാപന ഉടമയുമായി ചർച്ച നടത്തിയതായും ഇതിന്റെ അടിസ്ഥാനത്തിൽ ജൂലായ് പത്തിനകം മാലിന്യം നീക്കം ചെയ്യാൻ ധാരണയിലെത്തിയിട്ടുള്ളതായും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |