മലപ്പുറം: സ്വന്തം ക്യാമ്പസ് നിർമ്മിക്കാൻ അഞ്ചേക്കർ ഭൂമി അനുവദിച്ച് ഏഴ് വർഷം മുമ്പ് സർക്കാർ ഉത്തരവിട്ടിട്ടും വാടകക്കെട്ടിടത്തിൽ നിന്നും മോചനമില്ലാതെ ജില്ലയിലെ ഏക വനിതാ കോളേജായ മലപ്പുറം വനിതാ ആർട്സ് ആൻഡ് സയൻസ് കോളേജ്. ഈ വർഷം ജൂണിൽ പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി നിർമ്മാണ പ്രവൃത്തി പൂർത്തിയാക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. 2025 ജനുവരി 23ന് തിരുവനന്തപുരത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് കോളേജ് കെട്ടിട നിർമ്മാണ നടപടികൾ ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. പ്രവൃത്തികൾ ഫെബ്രുവരിയോടെ തുടങ്ങി. മേയ് മാസത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടത്. പിന്നീട് സാങ്കേതിക തടസ്സങ്ങളിൽ തട്ടി പ്രവൃത്തി നീളുകയായിരുന്നു. നിലവിൽ മലപ്പുറം കാവുങ്ങലിലെ വാടകക്കെട്ടിടത്തിലെ അസൗകര്യങ്ങളിൽ വീർപ്പുമുട്ടിയാണ് വനിതാ കോളേജ് പ്രവർത്തിക്കുന്നത്. സ്വന്തം ക്യാമ്പസ് നിർമ്മിക്കാൻ പി.ഉബൈദുള്ള എം.എൽ.എയുടെ നേതൃത്വത്തിൽ ശ്രമങ്ങൾ ഊർജ്ജിതമാക്കിയെങ്കിലും ചുവപ്പ് നാടകളിൽ കുടുങ്ങി പദ്ധതി നീളുകയാണ്.
ആദ്യം കോട്ടപ്പടിയിൽ ബോയ്സ് സ്‌കൂൾ കെട്ടിടത്തിലും പിന്നീട് മുണ്ടുപറമ്പിലെ വാടകക്കെട്ടിടത്തിലും പ്രവർത്തിച്ച വനിതാ കോളേജ് ഇവിടെ നിന്നാണ് കൂടുതൽ സൗകര്യങ്ങൾ തേടി കാവുങ്ങലിലെ കെട്ടിടത്തിലേക്ക് മാറ്റിയത്. ഇവിടെയും മതിയായ സൗകര്യങ്ങളില്ലാത്തത് കുട്ടികളുടെ അക്കാദമിക് പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
വേണം കൂടുതൽ കോഴ്സ്
സ്വന്തം കെട്ടിടമായാൽ കൂടുതൽ കോഴ്സുകൾ ആരംഭിക്കുമെന്ന് കോളേജ് അധികൃതർ പറയുന്നു. ബി.എ.ഇംഗ്ലീഷ്, ബി.എ.ഇസ്ലാമിക്ക് ഹിസ്റ്ററി, ബി.എസ്.സി ബോട്ടണി, ബി.എസ്.സി കെമിസ്ട്രി, എം.എസ്.സി ബോട്ടണി കോഴ്സുകളിലായി 410 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. കോട്ടപ്പടിയിലെ ഗവ.ബോയ്സ് സ്‌കൂളിന്റെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കോളേജ് പിന്നീട് മെച്ചപ്പെട്ട സൗകര്യത്തിനായി മുണ്ടുപറമ്പിലേക്ക് മാറി. എന്നാൽ, എം.എസ്.സി കോഴ്സുകൾ ആരംഭിച്ചതോടെ ലാബ് സൗകര്യം പ്രശ്നമായി മാറിയതോടെയാണ് കാവുങ്ങലിലെ വാടകക്കെട്ടിടത്തിലേക്ക് മാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |