മലപ്പുറം: ജില്ലാ പഞ്ചായത്ത് കൗൺസിൽ യോഗത്തിനിടെ ഭരണപക്ഷ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ പോർവിളിയും കൈയാങ്കളിയും. ഇന്നലെ ജില്ലാ പഞ്ചായത്ത് ഹാളിൽ അടിയന്തര കൗൺസിൽ യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം ടി.പി.ഹാരിസ് ഒന്നാം പ്രതിയായ നിക്ഷേപത്തട്ടിപ്പ് കേസിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി തയ്യാറാക്കിയ വസ്തുതാ റിപ്പോർട്ട് ചർച്ച ചെയ്യുമ്പോഴാണ് വാക്കേറ്റവും ഉണ്ടായതും കൈയ്യാങ്കളിയിലേക്കെത്തിയതും. റിപ്പോർട്ട് അവതരിപ്പിക്കാനായി പ്രസിഡന്റ് എം.കെ. റഫീഖ എഴുന്നേറ്റതോടെയാണ് പ്രതിഷേധത്തിന്റെ തുടക്കം.
ടി.പി. ഹാരിസിനെതിരെ ഏത് പഞ്ചായത്ത് രാജ് ആക്ട് അനുസരിച്ചാണ് സെക്രട്ടറി അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയതെന്നും ഇത് ചട്ടവിരുദ്ധമാണെന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ് അഡ്വ. പി.പി. മോഹൻദാസ് ചോദ്യവുമായി എഴുന്നേറ്റതോടെ മറ്റ് പ്രതിപക്ഷ അംഗങ്ങളും എഴുന്നേറ്റു. റിപ്പോർട്ട് അംഗങ്ങൾക്ക് നൽകാത്തതും മോഹൻദാസ് ചോദ്യം ചെയ്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി രണ്ടാം പ്രതിയായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിൽ രണ്ടാം പ്രതി തന്നെ ഒന്നാം പ്രതിക്കെതിരെ അന്വേഷണം നടത്തുന്നത് വിരോധാഭാസമാണെന്ന് പറഞ്ഞ് പ്രതിപക്ഷ അംഗമായ ഇ.അഫ്സലും എഴുന്നേറ്റു. ഇതോടെ യോഗം ബഹളത്തിൽ മുങ്ങി. എന്നാൽ പ്രതിപക്ഷത്തിന്റെ വിമർശനം മുഖവിലക്കെടുക്കാതെ സെക്രട്ടറി തയ്യാറാക്കിയ വസ്തുതാ റിപ്പോർട്ട് പ്രസിഡന്റ് എം.കെ.റഫീഖ വായിക്കാൻ തുടങ്ങിയതോടെ പ്രതിപക്ഷത്ത് നിന്നുള്ള ഷെറോണ റോയ്, ആരിഫ നാസർ എന്നിവരുൾപ്പെടെ ചെയറിൽ നിന്നും ഇറങ്ങി ഡയസിന് മുന്നിലേക്കെത്തി. ഇതിനിടെ ഭരണപക്ഷത്ത് നിന്നുള്ള പി.വി.മനാഫ്, വി.കെ.എം. ഷാഫി, പി.കെ.സി. അബ്ദുറഹ്മാൻ, എൻ.എ. കരീം, കെ.ടി.അഷ്റഫ്, എ.പി.സബാഹ്, പി.ഷഹർബാൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാരാട്ട് അബ്ദുറഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിരോധം തീർത്തു. ബഹളത്തിനിടെ അഫ്സൽ റിപ്പോർട്ട് പിടിച്ചുവലിച്ചു. പിടിവലിക്കിടെ റിപ്പോർട്ട് കീറി. ഇതോടെ ഇരുവിഭാഗം അംഗങ്ങളും തമ്മിൽ ഉന്തും തള്ളുമായി. ഷാഫിയും അഫ്സലും തമ്മിൽ എടാ പോടാ വിളിയും കൈയാങ്കളിയും നടന്നു. മറ്റുള്ളവർ ചേർന്നു ഇത് തടഞ്ഞു. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടെ പ്രസിഡന്റ് റഫീഖ റിപ്പോർട്ട് യോഗത്തിൽ വായിച്ച് പൂർത്തിയാക്കി. പ്രതിപക്ഷ അംഗങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. റിപ്പോർട്ട് കേസിന്റെ തുടർനടപടികൾക്കായി നൽകുമെന്ന് പ്രസിഡന്റ് റഫീഖ റിപ്പോർട്ട് അവതരിപ്പിച്ച ശേഷം പറഞ്ഞു.
ക്ളീൻ ചിറ്റ് നൽകി റിപ്പോർട്ട്
ടി.പി. ഹാരിസുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പിൽ ജില്ലാ പഞ്ചായത്ത് ഭരണ സമിതിക്കോ വകുപ്പുകൾക്കോ പങ്കില്ലെന്നും ജില്ലാ പഞ്ചായത്തിനു സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്നുമാണ് സെക്രട്ടറി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്.
ടി.പി.ഹാരിസ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സാമ്പത്തിക ക്രമക്കേട് നടത്തിയതായി ആക്ഷേപമുള്ള സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് കൗൺസിൽ കഴിഞ്ഞ ഭരണസമിതി യോഗത്തിൽ സെക്രട്ടറിയോട് വസ്തുതാ റിപ്പോർട്ട് തയ്യാറാക്കാൻ നിർദേശിച്ചിരുന്നു.
ഇതനുസരിച്ച് സെക്രട്ടറി തയ്യാറാക്കിയ റിപ്പോർട്ടാണ് ഇന്നലെ കൗൺസിൽ യോഗത്തിൽ ചർച്ചക്കെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |