മലപ്പുറം: ഈവർഷം തെരുവ് നായകളുടെ കടിയേറ്റ് ജില്ലയിൽ ചികിത്സ തേടിയത് 7,310 പേർ. ഓരോ മാസവും ശരാശരി ആയിരം പേർക്ക് തെരുവുനായയുടെ കടിയേൽക്കുന്നുണ്ട്. ഇതിൽ കുട്ടികൾ മുതൽ പ്രായമായവർ വരെയുണ്ട്. പലപ്പോഴും ജീവൻ രക്ഷപ്പെടുന്നത് തന്നെ തലനാരിഴയ്ക്കാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ 900ത്തോളം പേർ നായയുടെ കടിയേറ്റ് ചികിത്സ തേടിയിട്ടുണ്ട്. പകലിൽ നഗരങ്ങളിൽ അടക്കം തെരുവുനായകളുടെ പരാക്രമം വർദ്ധിച്ചിട്ടുണ്ട്. ഒറ്റയ്ക്കും കൂട്ടമായും എത്തുന്ന നായ്ക്കൾ അപ്രതീക്ഷിതമായാണ് പലപ്പോഴും ആക്രമണത്തിന് മുതിരുന്നത്. ഒറ്റയ്ക്ക് സഞ്ചരിക്കുന്ന കുട്ടികളെ ഓടിച്ചിട്ട് കടിക്കുന്ന പ്രവണതയുമുണ്ട്. മുഖത്തും കഴുത്തിന് സമീപവുമടക്കം ആഴത്തിൽ മുറിവേറ്റാൽ പേവിഷബാധ പ്രതിരോധ വാക്സിൻ സ്വീകരിച്ചാലും അപകട സാദ്ധ്യത നിലനിൽക്കുന്നുണ്ട് എന്നത് ഏറെ ആശങ്കപ്പെടുത്തുന്നതാണ്. ജില്ലയിൽ ഉൾപ്പെടെ വാക്സിൻ സ്വീകരിച്ചിട്ടും പേവിഷ ബാധയേറ്റ് മരണമുണ്ടായത് ജനങ്ങളിൽ ഭീതി വളർത്തിയിട്ടുണ്ട്. തെരുവുനായ വന്ധ്യംകരണം നിലച്ചതിനൊപ്പം പേവിഷബാധയ്‌ക്കെതിരായ പ്രതിരോധ വാക്സിൻ തെരുവുനായകൾക്ക് നൽകുന്നത് ഫലപ്രദമായി നടപ്പിലാക്കാൻ കഴിയാത്തതും സ്ഥിതി ഗുരുതരമാക്കുന്നുണ്ട്. നായയുടെ കടിയേറ്റ് എത്തുന്നവർക്ക് നൽകാനുള്ള പ്രതിരോധ വാക്സിൻ സർക്കാർ ആശുപത്രികളിൽ ലഭ്യമാണെന്നത് ആശ്വാസകരമാണ്.
വന്ധ്യംകരണം നിലച്ചത് മാത്രമല്ല മാലിന്യ നിർമ്മാർജ്ജനത്തിൽ പുലർത്തുന്ന അലംഭാവവും തെരുവ് നായകളുടെ എണ്ണം വലിയതോതിൽ ഉയരാൻ കാരണമാണ്. അറവ്മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും പൊതുയിടങ്ങളിൽ വലിച്ചെറിയുന്ന പ്രവണതയ്ക്ക് യാതൊരു കുറവുമില്ല.
എന്ന് വരും കേന്ദ്രം
സംസ്ഥാനത്ത് വന്ധ്യംകരണത്തിനുള്ള എ.ബി.സി കേന്ദ്രം ഇല്ലാത്ത ഏക ജില്ല കൂടിയാണ് മലപ്പുറം. മറ്റ് ജില്ലകളിൽ ഒന്നിലധികം കേന്ദ്രങ്ങളുണ്ട്. ഒരുവർഷം ജില്ലയിൽ ശരാശരി പതിനായിരത്തോളം പേർ തെരുവുനായയുടെ കടിയേറ്റ് ചികിത്സ തേടുന്നുണ്ട്. തെരുവുനായകളുടെ അനിയന്ത്രിതമായ പ്രജനനം തടയുന്നതിനായി 2016ലാണ് തദ്ദേശസ്ഥാപനങ്ങൾ മുഖേന അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതിക്ക് തുടക്കമിട്ടത്. 2016ൽ കുടുംബശ്രീക്കായിരുന്നു തെരുവുനായകളെ വന്ധ്യംകരിക്കാനുള്ള ചുമതല നൽകിയിരുന്നത്. വൈദഗ്ദ്ധ്യമുള്ളവരെ നിയോഗിക്കണമെന്ന് ചൂണ്ടിക്കാട്ടി 2021ൽ ഹൈക്കോടതി കുടുംബശ്രീയെ വിലക്കി. 3,307 നായ്ക്കളെയാണ് അഞ്ച് വർഷത്തിനിടെ എ.ബി.സി പദ്ധതിക്ക് കീഴിൽ വന്ധ്യംകരിച്ചത്. മങ്കട പഞ്ചായത്തിലുള്ള റവന്യൂ വകുപ്പിന്റെ ഉപയോഗശൂന്യമായ 50 സെന്റ് ഭൂമിയിൽ എ.ബി.സി കേന്ദ്രം ആരംഭിക്കാനാണ് പദ്ധതിയെങ്കിലും ഇത് കാര്യമായി മുന്നോട്ടുപോയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |