മലപ്പുറം: ജില്ലയിലെ 33 അങ്കണവാടികളിൽ സ്വകാര്യ ഡേ കെയറുകൾക്ക് സമാനമായ ക്രഷുകൾ (പകൽ പരിചരണ കേന്ദ്രം) ആരംഭിക്കാൻ അനുമതി ലഭിച്ചിട്ടും തുടങ്ങിയത് 13 എണ്ണം മാത്രം. തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്ന വനിതകളുടെ ഒരുവയസ് മുതൽ മൂന്ന് വരെയുള്ള കുട്ടികളെ സംരക്ഷിക്കാൻ കേന്ദ്രം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന വനിത ശിശു വികസന വകുപ്പ് അങ്കണവാടികളിൽ ക്രഷുകൾ തുടങ്ങാൻ തീരുമാനിച്ചത്. വർക്കർ, ഹെൽപ്പർ തസ്തികയിലെ വേതനക്കുറവ് മൂലം ജീവനക്കാരെ ലഭിക്കാത്തതാണ് പ്രധാന തടസ്സം. വർക്കർക്ക് മാസം 5,500 രൂപയും ഹെൽപ്പർക്ക് 3,000 രൂപയുമാണ് വേതനമായി ലഭിക്കുക.
രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് വരെയാണ് ക്രഷുകളുടെ സമയപരിധി. ഇത് പലപ്പോഴും നീളും. രക്ഷകർത്താക്കൾ ജോലി കഴിഞ്ഞ് എത്തുന്നത് വരെ ക്രഷുകളിൽ കുട്ടികളെ പരിചരിക്കണം. സർക്കാർ അവധി ദിവസങ്ങളിൽ ഒഴികെ എല്ലാ ദിവസങ്ങളിലും പ്രവർത്തിക്കണം. വേതനക്കുറവും ജോലിഭാരവും സമയവും കൂടുതലായതിനാൽ നിലവിലുള്ള ജീവനക്കാരെ തന്നെ നിലനിറുത്താൻ ക്രഷുകൾ പാടുപെടുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയിൽ ചെലവിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കേണ്ടത്. വേതന വർദ്ധനവ് നടപ്പിലാക്കിയാലേ നിലവിലെ ക്രഷുകൾ തന്നെ നിലനിറുത്താനാവൂ.
സംസ്ഥാനത്ത് സ്വകാര്യ ഡേ കെയറുകളുടെ എണ്ണം കുത്തനെ വർദ്ധിച്ചതും ഇത്തരം സ്വകാര്യ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് വ്യാപകമായ പരാതികൾ വർദ്ധിച്ചതുമാണ് അങ്കണവാടികളോട് ചേർന്ന് പകൽ പരിചരണ കേന്ദ്രങ്ങൾ തുടങ്ങാൻ സർക്കാർ തീരുമാനിച്ചത്. സ്വകാര്യ ഡേ കെയറുകളിലെ ഫീസ് സാധാരണക്കാർക്ക് താങ്ങാനാവില്ല.
നിയമനത്തിന് മാനദണ്ഡങ്ങളേറെ
ജീവനക്കാരെ നിയമിക്കുന്നതിൽ നിബന്ധനകളുമുണ്ട്. ക്രഷ് നിലനിൽക്കുന്ന വാർഡിൽ നിന്നുള്ളവരെ മാത്രമേ ജീവനക്കാരാക്കാവൂ. 18നും 35നും ഇടയിൽ പ്രായമുള്ള വനിതകളെ മാത്രമേ നിയമിക്കാവൂ. വർക്കർ തസ്തികയിലേക്ക് പ്ലസ്ടുവും ഹെൽപ്പർ തസ്തികയിലേക്ക് എസ്.എസ്.എൽ.സിയും പാസാവണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |