മലപ്പുറം: ഓണാഘോഷങ്ങൾ പ്രമാണിച്ച് നിരത്തുകൾ അപകടരഹിതമാക്കാൻ കർശന പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. ആഘോഷ സമയങ്ങളിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വാഹനാപകടങ്ങൾ മുന്നിൽ കണ്ടാണ് പരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് ജില്ലാ ആർ.ടി.ഒ ബി.ഷഫീക്ക് നിർദ്ദേശം നൽകിയത്. ഇരുചക്ര വാഹനങ്ങളുമായി അഭ്യാസപ്രകടനത്തിനും റൈസിംഗിനും എത്തുന്നത് തടയാനും നിയമം ലംഘിച്ച് നിരത്തിലിറങ്ങുന്നത് തടയാനും ജില്ലയിലെ വിനോദ കേന്ദ്രങ്ങൾ, അപകട മേഖലകൾ, ദേശീയ സംസ്ഥാന പാത, പ്രധാന നഗരങ്ങൾ എന്നിവ കേന്ദ്രീകരിച്ച് മഫ്തിയിൽ ക്യാമറ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ പരിശോധന ഊർജ്ജിതമാക്കുന്നത്.
മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്‌മെന്റ് വിഭാഗവും മലപ്പുറം ആർ.ടി.ഒ ഓഫീസ്, തിരൂരങ്ങാടി, പൊന്നാനി, തിരൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, കൊണ്ടോട്ടി സബ് ആർ.ടി.ഒ ഓഫീസിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് രാപ്പകൽ വ്യത്യാസമില്ലാതെ പരിശോധന നടത്തുന്നത്. മദ്യപിച്ചുള്ള ഡ്രൈവിംഗ്, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, അമിതവേഗത തുടങ്ങിയ കുറ്റങ്ങൾക്ക് പിഴയ്ക്ക് പുറമെ ലൈസൻസ് റദ്ദ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
രജിസ്ട്രേഷൻ റദ്ദാക്കും
സ്‌കൂൾ കോളേജുകളിൽ നടക്കുന്ന ഓണാഘോഷങ്ങളുടെ പേരിൽ വാഹനങ്ങളുമായി അഭ്യാസപ്രകടനം നടത്തുന്നവർക്കെതിരെയും ഗതാഗത തടസമുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെയും എയർ ഹോൺ ഉപയോഗിക്കുന്ന വാഹനങ്ങൾക്കെതിരെയും, അമിത ശബ്ദം പുറപ്പെടുവിക്കുന്ന വാഹനങ്ങൾക്കെതിരെയും രജിസ്‌ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
കുട്ടികൾ വാഹനവുമായി നിരത്തിലിറങ്ങുന്നത് തടയാൻ രക്ഷിതാക്കൾ ജാഗ്രത പുലർത്തണം ആഘോഷവേളകൾ ആനന്ദപൂർണമാക്കാൻ എല്ലാവരും സഹകരിക്കണം.
ആർ.ടി.ഒ ബി.ഷഫീക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |