മലപ്പുറം: ജില്ലയിൽ ഗാർഹിക പ്രസവങ്ങൾക്കെതിരെ ലോകാരോഗ്യദിനമായ ഏപ്രിൽ ഏഴിന് ആരോഗ്യവകുപ്പ് ആരംഭിച്ച കാമ്പെയിൻ ഫലം കാണുന്നു. കാമ്പെയിൻ തുടങ്ങുന്നതിന് മുമ്പുള്ള ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി 61 ഗാർഹിക പ്രസവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ജനുവരിയിൽ 25, ഫെബ്രുവരിയിൽ 13, മാർച്ചിൽ 23 എന്നിങ്ങനെയാണ് കണക്കുകൾ. കാമ്പെയിൻ തുടങ്ങിയ ഏപ്രിലിൽ ആറ് ഗാർഹിക പ്രസവങ്ങളാണ് ഉണ്ടായിരുന്നത്. മേയിൽ മൂന്ന്, ജൂണിൽ നാല്, ജൂലായിൽ അഞ്ച് എന്നിങ്ങനെയാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. കോഡൂരിൽ വീട്ടിൽ പ്രസവിച്ച യുവതി പ്രസവത്തെ തുടർന്ന് മരണമടഞ്ഞതിന്റെ പിന്നാലെയാണ് ജില്ലയിൽ ഗാർഹിക പ്രസവങ്ങൾക്കെതിരെ വിപുലമായ കാമ്പെയിൻ ആരംഭിച്ചത്. ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനായി 'കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളിൽ, പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം' എന്ന കാമ്പെയിനാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വീട്ടിൽ പ്രസവം നടക്കുന്ന ജില്ല മലപ്പുറമാണ്. ഇതിനു പുറമേ കോഴിക്കോട്, പാലക്കാട്, തൃശൂർ, ആലപ്പുഴ എന്നീ ജില്ലകളിലായി 13ലധികം ഗാർഹിക പ്രസവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.
കാമ്പെയിൻ ഫലം കണ്ടു
ജില്ലയിൽ ഉടനീളം ആശുപത്രിയിൽ പ്രസവിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ കുറിച്ചും കുഞ്ഞിന്റെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുകയും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ മതനേതാക്കളുടെ യോഗം വിളിക്കുകയും ചെയ്തു. കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളിൽ, പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം എന്ന ഈ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് വീട്ടിലെ പ്രസവം കൂടുതലുള്ള ജില്ലയിലെ വിവിധ പ്രാദേശിക സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ നാടകങ്ങൾ, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ നയിക്കുന്ന സെമിനാറുകൾ , സാമൂഹിക സാംസ്‌കാരിക നേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചർച്ചകൾ ,മറ്റു വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ, ജനകീയ റാലികൾ,കൂട്ടനടത്തം എന്നിവയും സംഘടിപ്പിച്ചിരുന്നു.
ഗാർഹിക പ്രസവം; പ്രധാന കാരണങ്ങൾ ഇവ
വർഷം................... ഗാർഹിക പ്രസവം
2024-25 ...................... 191
2023-24 ....................... 253
2022-23 ....................... 266
2021-22 .................... 258
2020-21 .................... 257
ഗാർഹിക പ്രസവങ്ങളുടെ നിരക്ക്
ഗ്രാമപ്രദേശങ്ങൾ: 87%
നഗരം : 13%
കൂടുതൽ പ്രസവം നടന്ന ആരോഗ്യ ബ്ലോക്കുകൾ
മാറാക്കര - 19
പൂക്കോട്ടൂർ - 21
വളവന്നൂർ - 47
വേങ്ങര 24
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |