വണ്ടൂർ : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം സംഭവിച്ച വണ്ടൂർ നിയോജക മണ്ഡലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ എ.പി. അനിൽകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. വണ്ടൂർ താലൂക്ക് ആശുപത്രിയിലാണ് യോഗം ചേർന്നത്. പൊതുജലാശയങ്ങളും വിദ്യാലയങ്ങളിലെ കിണറുകളും ശുചീകരിക്കാൻ തീരുമാനമായി.
ആഗസ്റ്റ് 22നാണ് വണ്ടൂർ നിയോജക മണ്ഡലത്തിലെ കാപ്പിൽ സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുന്നത്.ഇവർ ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് . രണ്ടാമത്തെ കേസ് റിപ്പോർട്ട് ചെയ്ത തിരുവാലി പഞ്ചായത്തിലെ 45 വയസ്സുകാരി കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് മരിച്ചത്. ആദ്യ കേസ് റിപ്പോർട്ട് ചെയ്ത സംഭവത്തിൽ, ഇവരുടെ താമസസ്ഥലത്ത് ആരോഗ്യവകുപ്പ് പരിശോധന നടത്തിയതിൽ ജലാശയങ്ങളിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. രണ്ടാമത്തെ കേസിൽ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ അവലോകനം ചെയ്യുന്നതിനായാണ് യോഗം ചേർന്നത്.യോഗത്തിൽ ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് , വാട്ടർ അതോറിറ്റി, പൊലീസ്, വിദ്യാഭ്യാസ വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ട. മതിയായ പരിശോധനാ സംവിധാനങ്ങൾ ആശുപത്രികളിൽ ഉണ്ട്.
ആർ. രേണുക, ഡി.എം.ഒ
ജലാശയങ്ങൾ ശുദ്ധീകരിക്കും
മൂക്കുവഴി വെള്ളം കയറുന്നത് പരമാവധി ഒഴിവാക്കണം, വീടുകളിലെ കിണറുകൾ, പൊതു ജലാശയങ്ങൾ മുതലായവ ശുദ്ധീകരിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് ആരോഗ്യവകുപ്പ് യോഗത്തിൽ നിർദ്ദേശിച്ചത്.
നിയോജക മണ്ഡലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്താൻ കഴിഞ്ഞതായി യോഗം വിലയിരുത്തി.
വിദ്യാലയങ്ങളിലെ കിണറുകൾ അടക്കം വരും ദിവസങ്ങളിൽ ശുചീകരണം നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |