മലപ്പുറം: തുലാംമഴയ്ക്ക് പിന്നാലെ വൈറൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ ദിവസം 1,603 പേരാണ് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ഒരാഴ്ചക്കിടെ 10,423 പേർ ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ 32 പേർക്ക് കിടത്തി ചികിത്സ വേണ്ടി വന്നു. ക്ലിനിക്കുകളിലും അലോപ്പതി ഇതര ചികിത്സ തേടുന്നവരുടെയും എണ്ണവും കൂടാതെയാണ് ഈ കണക്ക്. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ പനി വിവരങ്ങൾ മാത്രമാണ് കൃത്യമായി രേഖപ്പെടുത്താറുള്ളത്. മൺസൂൺ വിട വാങ്ങിയതിന് പിന്നാലെ രോഗബാധിതരുടെ എണ്ണം കുറഞ്ഞിരുന്നു. പനിക്ക് പിന്നാലെ ഏറെ നാൾ നീണ്ടുനിൽക്കുന്ന ചുമയും കഫക്കെട്ടുമാണ് രോഗികളെ വലയ്ക്കുന്നത്. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ഈ രോഗാവസ്ഥ പിടികൂടുന്നുണ്ട്.
ഡെങ്കിൽ ആശ്വാസം
ജില്ലയിൽ ഡെങ്കി, എലിപ്പനി രോഗങ്ങൾ കുറഞ്ഞത് ആശ്വാസകരമാണ്. പത്ത് ദിവസത്തിനിടെ മൂന്ന് ഡെങ്കിപ്പനി മാത്രമാണ് സ്ഥിരീകരിച്ചത്. ഏലംകുളം, പൂക്കോട്ടൂർ, എ.ആർ. നഗർ എന്നിവിടങ്ങളിലാണിത്. തവനൂർ, അങ്ങാടിപ്പുറം എന്നിവിടങ്ങളിലായി രണ്ട് എലിപ്പനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡെങ്കിയെ കാര്യമായി അമർച്ച ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും മഴയും വെയിലും ഇടകലർന്ന കാലാവസ്ഥ രോഗ വ്യാപനത്തിനുള്ള സാഹചര്യമൊരുക്കുന്നുണ്ട്. പരിസര ശുചീകരണത്തിൽ അലംഭാവം പുലർത്തിയാൽ ഡെങ്കി കൊതുകൾ പെരുകുന്നതിന് വഴിയൊരുക്കും. മഴയും വെയിലും ഇടവിട്ടുള്ള കാലാവസ്ഥ നിലനിൽക്കുന്നതും ഡെങ്കി കൊതുകുകളുടെ വളർച്ചയ്ക്ക് അനുകൂലമാണ്. വീടിന് പുറത്ത് മാത്രമല്ല വീട്ടകങ്ങളിലും പ്രത്യേകിച്ചും ഫ്രിഡ്ജുകളുടെ അടിഭാഗം, ചെടിച്ചട്ടികൾ തുടങ്ങിയ ഇടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.
കരുതണം മഞ്ഞപ്പിത്തം
മഞ്ഞപ്പിത്തം ബാധിക്കുന്നത് വർദ്ധിച്ചത് ആശങ്കയാണ്. ജില്ലയുടെ മലയോര മേഖലകളിൽ മഞ്ഞപ്പിത്തം പൊട്ടിപ്പുറപ്പെട്ടെങ്കിലും കാര്യമായി രോഗം സ്ഥിരീകരിച്ച കാളികാവിൽ ഉൾപ്പെടെ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ജില്ലയിൽ പത്ത് ദിവസത്തിനിടെ 61 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. അലോപ്പതി കൂടാതെ ഇതര ചികിത്സാശാഖകളെ കൂടി സമീപിക്കുന്നവരുടെ എണ്ണമെടുത്താൽ ഇതിന്റെ ഇരട്ടിയോളമുണ്ടാവും. മലിനമായ വെള്ളത്തിലൂടെയാണ് പ്രധാനമായും മഞ്ഞപ്പിത്തം പടരുന്നത്. പലപ്പോഴും രണ്ട് മുതൽ ആറ് ആഴ്ച വരെ ഇടവേളകളിലാണ് രോഗലക്ഷണങ്ങൾ പ്രകടമാവാറുള്ളത്. കൃത്യസമയത്ത് രോഗം തിരിച്ചറിഞ്ഞ് ശാസ്ത്രീയമായ ചികിത്സ തേടിയില്ലെങ്കിൽ മരണത്തിന് വരെ മഞ്ഞപ്പിത്തം കാരണമായേക്കാം. കൃത്യമായ വിശ്രമവും രോഗശമനത്തിന് അനിവാര്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |