മലപ്പുറം: കാലിക്കറ്റ് സർവകലാശാലയുടെ കോഴിക്കോട് പ്രവർത്തിക്കുന്ന ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എഡ് (ഏപ്രിൽ 2025) പരീക്ഷയിൽ ഗുരുതര വീഴ്ച. ഉത്തരക്കടലാസുകളും രജിസ്റ്റർ നമ്പർ ബാർകോഡുകളും മാപ്പിംഗ് നടത്തിയതിലെ പിഴവുകൾ മൂലം വിദ്യാർത്ഥികളുടെ മാർക്കുകൾ പരസ്പരം മാറിയതായാണ് കണ്ടെത്തൽ.
കോഴിക്കോട് ടീച്ചർ എഡ്യൂക്കേഷൻ സെന്ററിലെ പരീക്ഷാർത്ഥി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ വിശദ പരിശോധനയിലാണ് വീഴ്ചകൾ കണ്ടെത്തിയത്. പരാതിയെ തുടർന്ന്, രണ്ടാം സെമസ്റ്റർ ബി.എഡ് ഏപ്രിൽ 2025 പരീക്ഷയുമായി ബന്ധപ്പെട്ട മുഴുവൻ ബുക്ക്‌ലെറ്റുകളും ഉത്തരക്കടലാസുകളും വീണ്ടും മാപ്പിംഗ് ചെയ്ത് പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.
വിദ്യാർത്ഥികളുടെ യഥാർത്ഥ രജിസ്റ്റർ നമ്പറുകളും ഉത്തരക്കടലാസുകളിൽ പതിച്ച ആർ.എൻ.ബി.ബി ബുക്ക്‌ലെറ്റിലെ ബാർകോഡുകളും തമ്മിൽ നടത്തിയ മാപ്പിംഗിൽ ഗുരുതരമായ ക്രമക്കേടുകൾ സംഭവിച്ചതായി കണ്ടെത്തി. രജിസ്റ്റർ നമ്പറിനും ബാർകോഡിനും ഇടയിലെ പൊരുത്തക്കേട് മൂലം ഉത്തരക്കടലാസുകൾ തെറ്റായ വിദ്യാർത്ഥികളുടെ പേരിൽ മൂല്യനിർണയം ചെയ്യപ്പെട്ട അവസ്ഥയാണ് നിലവിലുള്ളത്.
പരീക്ഷ എഴുതിയ 55 വിദ്യാർത്ഥികളിൽ 33 പേർക്ക് മൂന്ന് വിഷയങ്ങളിലെ രജിസ്റ്റർ നമ്പറുകളും ആർ.എൻ.ബി.ബി ബുക്ക്‌ലെറ്റ് നമ്പറുകളും പരസ്പരം മാറി. ഇതിന്റെ ഫലമായി, ഈ വിദ്യാർത്ഥികളുടെ മാർക്കുകളും തമ്മിൽ മാറി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മാപ്പിംഗിനു ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിലെ അപാകതയാണ് പ്രശ്നത്തിന് കാരണമെന്നാണ് വിലയിരുത്തുന്നത്.
തെറ്റായ മാപ്പിംഗ് മൂലം നഷ്ടം സംഭവിച്ച വിദ്യാർത്ഥികൾക്ക് ശരിയായ മാപ്പിംഗിലൂടെ യഥാർത്ഥത്തിൽ ലഭിക്കേണ്ട മാർക്കുകൾ പുനഃസ്ഥാപിച്ചു നൽകുന്നതിനുള്ള ശ്രമങ്ങൾ യൂണിവേഴ്സിറ്റി അധികൃതർ ആരംഭിച്ചിട്ടുണ്ട്. അതേസമയം മാപ്പിംഗിലെ പിഴവ് കോളേജിന്റെ അപാകതയാണെന്നും യൂണിവേഴ്സിറ്റി ടീച്ചർ എഡ്യൂക്കേഷൻ സെന്ററിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പരീക്ഷാകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ മുമ്പാകെ ഫയൽ സമർപ്പിക്കാനാണ് പരീക്ഷാഭവന്റെ തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |