മലപ്പുറം: ജില്ലയിൽ ലേബർ സെസ് അടയ്ക്കാനുള്ള നടപടികൾ ഊർജ്ജിതമായി നടക്കുമ്പോഴും അപ്രതീക്ഷിതമായി തുക അടയ്ക്കാൻ നോട്ടീസ് ലഭിച്ചവർ ആശങ്കയിലാണ്. 2015-16 വർഷത്തെ ലേബർ സെസ് അടയ്ക്കുന്നതിനുള്ള നോട്ടീസടക്കമാണ് ഇപ്പോൾ അയച്ചുകൊണ്ടിരിക്കുന്നത്. നിർമ്മാണ ചെലവ് സംബന്ധിച്ച രേഖകൾ ലേബർ സെസ് അടയ്ക്കാൻ വേണമെന്നിരിക്കെ വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച വീടുകളുടെയും കെട്ടിടങ്ങളുടെയും ഇത്തരം രേഖകളെല്ലാം ഭൂരിഭാഗം പേരിൽ നിന്നും നഷ്ടമായിട്ടുണ്ട്. നേരത്തെ നോട്ടീസ് അയച്ചിട്ടും തുക അടയ്ക്കാത്തവർക്കാണ് നിലവിൽ നോട്ടീസ് അയക്കുന്നതെന്നാണ് ജില്ലാ ലേബർ ഓഫീസ് അധികൃതർ പറയുന്നത്. മാത്രമല്ല, നേരത്തെ നോട്ടീസ് അയച്ച സമയത്ത് പലരും ഗൾഫ് രാജ്യങ്ങളിലോ വിദേശത്തോ ആയതിനാൽ തുക അടയ്ക്കാൻ സാധിക്കാത്തവർക്കും നോട്ടീസ് അയക്കുന്നുണ്ടെന്നും അധികൃതർ പറയുന്നു.
വീടുകൾക്ക് ആകെ നിർമ്മാണ ചെലവിന്റെ ഒരു ശതമാനം തുകയാണ് ലേബർ സെസ് ഇനത്തിൽ ഈടാക്കുന്നത്. വാണിജ്യ സ്ഥാപനങ്ങൾക്ക് 1.1 ശതമാനവും ഈടാക്കും. 10 ലക്ഷം രൂപക്ക് മുകളിൽ നിർമ്മാണ ചെലവ് വരുന്ന വീടുകൾക്കും സെസ് നൽകണം. വാണിജ്യാവശ്യത്തിന് നിർമ്മിച്ച എല്ലാ കെട്ടിടങ്ങൾക്കും ഫ്ളാറ്റുകൾക്കും സെസ് നൽകണം. അസസ്‌മെന്റ് നോട്ടീസ്, അസസ്‌മെന്റ് ഓർഡർ, കാരണം കാണിക്കൽ നോട്ടീസ് എന്നിവയെല്ലാം ലഭിച്ച് 15 ദിവസത്തിനകം സെസ് അടയ്ക്കാത്തപക്ഷം റവന്യൂ റിക്കവറി ഉൾപ്പെടെയുളള നിയമ നടപടികളിലേക്ക് കടക്കും. കൂടാതെ, മാസംതോറും രണ്ട് ശതമാനം പലിശയും ഈടാക്കും.
നിർമ്മാണച്ചെലവ് നിർണ്ണയിക്കുന്ന സ്ലാബ്
2015ലെ നിർദേശ പ്രകാരം 100 സ്‌ക്വയർ മീറ്റർ വരെ 7050 രൂപ, 101 മുതൽ 200 സ്‌ക്വയർ മീറ്റർ വരെ 9,350 രൂപ, 201 മുതൽ 300 സ്‌ക്വയർ മീറ്റർ വരെ 11,000 രൂപ, 301 മുതൽ 400 സ്‌ക്വയർ മീറ്റർ വരെ 13,050 രൂപ, 400 മുതലുള്ളവയ്ക്ക് 16,600 രൂപ എന്നിങ്ങനെയാണ് സെസ് നൽകേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |