SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.41 PM IST

പരപ്പനങ്ങാടി സബ് രജിസ്ട്രാർ- സ്വന്തം കെട്ടിടം യാഥാർത്ഥ്യത്തിലേക്ക്

Increase Font Size Decrease Font Size Print Page


പരപ്പനങ്ങാടി : നീണ്ട എട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ പരപ്പനങ്ങാടി സബ് രജിസ്ട്രാർ ഓഫീസിനു സ്വന്തം കെട്ടിടം എന്ന സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് . അനിശ്ചിതങ്ങൾ നീങ്ങി കെട്ടിടത്തിനുള്ള പൈലിംഗ് പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്.

2018ൽ തറക്കല്ലിട്ട് 2019ലാണ് നിർമ്മാണ പ്രവൃത്തി ആരംഭിച്ചതെങ്കിലും പിന്നീട് നിശ്ചലമായി. മണ്ണ് പരിശോധനയിൽ തട്ടിയാണ് പ്രവൃത്തി നിലച്ചത്. പില്ലറുകൾ സ്ഥാപിച്ച് പ്രവൃത്തി അരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ മണ്ണ് പരിശോധനയിൽ ഭൂകമ്പ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പൈലിംഗ് നടത്തി മാത്രമേ പില്ലറുകൾ സ്ഥാപിക്കാനാവൂ എന്ന് കണ്ടെത്തി. ഇതോടെ എസ്റ്റിമേറ്റ് പുതുക്കി ടെൻഡർ ചെയ്യേണ്ടി വന്നു. ഇത് വർഷങ്ങൾ നീണ്ടു. കിഫ്ബി യുടെ അനുമതിയും ലഭിക്കേണ്ടതായി വന്നു .1.60 കോടി രൂപ ചെലവിൽ മൂന്നു നിലകളുള്ള കെട്ടിടമായിരുന്നു ആദ്യത്തെ എസ്റ്റിമേറ്റിലുണ്ടായിരുന്നത്. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 1.96 കോടിയുടെ ഭരണാനുമതി ലഭിച്ചുവെങ്കിലും പദ്ധതിക്ക് തുടക്കമിടാനായില്ല .കിഫ്ബിയുടെ അനുമതിയും വൈകി. 2.53 കോടിയുടെ റീ കാസ്റ്റ് എസ്റ്റിമേറ്റ് തയ്യാറാക്കി ധനകാര്യ വകുപ്പിന്റെ അനുമതിക്കായി വീണ്ടും കാത്തിരുന്നു വർഷങ്ങൾ .അതിനിടെ വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കായി വീണ്ടും തുക വർദ്ധിപ്പിക്കേണ്ടി വന്നു. 2.60 കോടിയുടെ റീകാസ്റ്റ് എസ്റ്റിമേറ്റ് പ്രകാരം കിഫ്ബിയും സമ്മതിച്ചതോടെയാണ് പ്രവൃത്തി ആരംഭിക്കാനുള്ള തടസങ്ങൾ നീങ്ങിയത് . സ്ഥലത്തെ മരങ്ങൾ മുറിച്ചു മാറ്റുന്നതിനുള്ള നൂലാമാലകൾ വീണ്ടും പ്രവൃത്തി വൈകാൻ കാരണമായി . കെ.പി.എ മജീദ് എം.എൽ.എ ഇടപെട്ടതുവഴി ഈ തടസങ്ങൾ നീങ്ങി. ഈ സ്ഥലത്ത് പൊലീസ് തൊണ്ടി വാഹനങ്ങൾ കൂട്ടിയിട്ടതും തടസം സൃഷ്ടിച്ചിരുന്നു.ഇതു പിന്നീട് നീക്കി.


പുതിയ പദ്ധതി പ്രകാരം അയ്യായിരത്തോളം ചതുരശ്ര അടിയുള്ള രണ്ടു നിലകളുമുള്ള കെട്ടിടമാണ് സബ് രജിസ്ട്രാർ ഓഫീസ് ഉയരുക. 54 പില്ലറുകളോട് കൂടിയുള്ളതാണ് കെട്ടിടം. 28 പില്ലറുകളുടെ പൈലിംഗ് പ്രവൃത്തി ഇതിനോടകം പൂർത്തീകരിച്ചു കഴിഞ്ഞു . പൈലിംഗ് പൂർത്തിയായാൽ ഒന്നര വർഷത്തിനുള്ളിൽ സബ് രജിസ്ട്രാർ ഓഫീസിനു പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് .

TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY