SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.32 PM IST

കൂളല്ല പഴം വിപണി

Increase Font Size Decrease Font Size Print Page

മലപ്പുറം: ആപ്പിളും പേരയ്ക്കയും പൈനാപ്പിളും അനാറുമെല്ലാം കീശ കാലിയാക്കുകയാണ്. വിദേശ പഴങ്ങളുടെ ആധിപത്യമാണ് ജില്ലയിലെ വിപണിയിലെങ്ങും. ചൂട് വർദ്ധിച്ചതും നിലവിൽ പല പഴവർഗ്ഗങ്ങളുടെയും സീസൺ അല്ലാത്തതുമാണ് വില വർദ്ധനവിന് കാരണം. വിപണിയിൽ ഏറ്റവും വിലക്കയറ്റം ഉണ്ടായിട്ടുള്ളത് ആപ്പിളിനാണ്. നിലവിൽ ഇന്ത്യൻ നിർമ്മിത ആപ്പിളുകൾ എത്തുന്നില്ല. വിദേശ നിർമ്മിത ആപ്പിളുകളാണ് വിപണി കീഴടക്കാനെത്തിയിട്ടുള്ളത്. ന്യൂസിലാന്റ്, ഇറ്റലി, ജർമ്മനി, യു.എസ്, തുർക്കി എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും എത്തുന്നത്. കിലോയ്ക്ക് 200 മുതൽ 280 വരെയാണ് വില. ഇന്ത്യയിൽത്തന്നെ ഉല്പാദിപ്പിക്കുന്ന ആപ്പിളുകൾ ഏകദേശം 80 രൂപയ്ക്ക് വരെ ലഭിക്കുമായിരുന്നു.
നേരത്തെ 50ൽ താഴെ വിലയുണ്ടായിരുന്ന പൈനാപ്പിളിന് വില 80 രൂപയായി ഉയർന്നു. ഉത്തരേന്ത്യയിൽ വിവാഹ സീസണായതിനാൽ പൈനാപ്പിളിന് ഡിമാൻഡ് വർദ്ധിച്ചതും റംസാൻ മാസത്തോടനുബന്ധിച്ച് വിളവെടുക്കാൻ പല പൈനാപ്പിൾ കർഷകരും തീരുമാനിച്ചതും വില വർദ്ധനവിന് കാരണമായിട്ടുണ്ട്. 120-150നുമിടയിൽ ലഭിച്ചിരുന്ന അനാറിന്റെ വില 230 ആയി. പേരയ്ക്കയുടെ വില 120 ആയി ഉയർന്നിട്ടുണ്ട്. നേരത്തെ 60 രൂപയ്ക്ക് ലഭിച്ചിരുന്നു. നീലം മാമ്പഴമാണ് നിലവിൽ വിപണിയിൽ ലഭിക്കുന്നത്. ഇവയ്ക്ക് കിലോയ്ക്ക് 110 രൂപയാണ്.

ഇവ കൂളാക്കും


വേനൽ കടുത്തതോടെ തണ്ണിമത്തന്റെ വരവ് കൂടിയിട്ടുണ്ട്. നിലവിൽ കിലോയ്ക്ക് 20 രൂപയാണെങ്കിലും ചൂട് കടുക്കുന്നതോടെ വിലയിലും വർദ്ധനവുണ്ടാകുമെന്ന് വ്യാപാരികൾ പറയുന്നു. കർണാടക, മഹാരാഷ്ട്ര, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ജില്ലയിലേക്ക് തണ്ണിമത്തൻ എത്തുന്നത്. മുന്തിരി, വാഴപ്പഴം, ഓറഞ്ച് എന്നിവയുടെ വിലയിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടില്ല. കേരളത്തിലുള്ളവയ്ക്ക് പുറമെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള നേന്ത്രക്കുലകളും വിപണിയിലുണ്ട്.

വേനലായതോടെ വാഴപ്പഴം ഉൾപ്പെടെയുള്ളവ വേഗത്തിൽ കരിഞ്ഞും കേടായും പോകുന്നതിനാൽ വലിയ നഷ്ടമുണ്ടാകുന്നുണ്ട്. ചൂട് കാലാവസ്ഥയിൽ ആപ്പിൾ, മുന്തിരി, ഓറഞ്ച്, തണ്ണിമത്തൻ, പൈനാപ്പിൾ എന്നിവയ്ക്കാണ് കൂടുതൽ ആവശ്യക്കാരുള്ളത്.

കിവി ഫ്രൂട്ട്സ് ആന്റ് വെജിറ്റബിൾസ് ഉടമ, മോങ്ങം

പഴങ്ങളുടെ നിലവിലെ വിപണി വില

ആപ്പിൾ (200-280)
പൈനാപ്പിൾ (80)
അനാർ (230)
തണ്ണിമത്തൻ (20)
പേരയ്ക്ക (120)
പപ്പായ-40

മാമ്പഴം-110

TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY