
ഇംഫാൽ: മണിപ്പൂരിലെ ഉഖ്രുൽ ജില്ലയിൽ വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. കുക്കി, നാഗ സംഘർഷം നിലനിൽക്കുന്ന പ്രദേശത്തെ വീടുകൾ അക്രമികൾ കത്തിച്ചു. ഇന്നലെ രാവിലെ സുരക്ഷാ സേന രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഉഖ്രുലിലെ മുല്ലം, ഷോങ്ഫാലിലെ കുക്കി ഗ്രാമങ്ങളിൽ നാഗാ കലാപകാരികൾ ഇന്നലെ പുലർച്ചെ ആക്രമണം നടത്തിയതായി കുക്കി സിവിൽ സൊസൈറ്റി സംഘടനകൾ കുറ്റപ്പെടുത്തി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായും പറഞ്ഞു. ഇന്നലെ രാത്രിയോടെ വെടിയൊച്ച കേട്ടതായി ഗ്രാമവാസികൾ പറയുന്നു. പുലർച്ചെ അഞ്ചോടെ വീണ്ടും വെടിവയ്പുണ്ടായി. പ്രദേശത്ത് ഏറെ നേരം ഇത് പരിഭ്രാന്തി പടർത്തി. സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മേഖലയിൽ നാഗാ വിഭാഗത്തിൽപ്പെട്ട വില്ലേജ് ഗാർഡ് കൊല്ലപ്പെട്ടിരുന്നു. ബിഷ്ണുപൂർ ജില്ലയിലെ വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന മെയ്തി സമുദായത്തിലെ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ പ്രതിഷേധം തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |