SignIn
Kerala Kaumudi Online
Wednesday, 22 April 2026 11.01 PM IST

എല്ലാ തോക്കും പറ്റില്ല; കാട്ടുപ​ന്നി​വേ​ട്ടയ്ക്ക് പാര

Increase Font Size Decrease Font Size Print Page
news

കാളികാവ്: കാട്ടുപന്നികളുടെ ആക്രമണം മൂലം സ്വത്തിനും ജീവനും നാശം അനവധി. പന്നിശല്യം മൂലം മലയോര മേഖലയിൽ കൃഷിയുപേക്ഷിച്ച കർഷകർ നിരവധിയാണ്. അതിനിടെ അനുവദിച്ചു കിട്ടിയ നിയമ പരിരക്ഷ എടുത്ത് കളഞ്ഞ് കർഷകർക്ക് ഇരുട്ടടിയേകുകയാണ് സംസ്ഥാന സർക്കാർ. എം പാനൽ ഷൂട്ടർമാരിൽ സ്വയരക്ഷക്കും വിളനാശത്തിനും ഒഴികെ അനുവദിച്ച തോക്കുകൾ ഉപയോഗിക്കരുതെന്നാണ് ഉത്തരവ്. കൃഷിനാശം വരുത്തുന്ന പന്നികളെ നിബന്ധനയ്ക്കു വിധേയമായി നശിപ്പിക്കാൻ നൽകിയ അനുമതിയിലാണ് ഈ മാസം അഞ്ചിന് സർക്കാർ തിരുത്ത് കൊണ്ടുവന്നത്. കഴിഞ്ഞ സെപ്തംബർ 15 മുതൽ 30 വരെ നടത്തിയ മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയിയിൽ കർഷകർക്ക് നൽകിയ ഉറപ്പിന്റെ ലംഘനം കൂടിയാണിത്. സ്വയംരക്ഷ, വിളവ് രക്ഷ, സ്‌പോർട്സ്, സ്ഥാപന സുരക്ഷ തുടങ്ങിയ കാര്യങ്ങൾക്കാണ് തോക്ക് ലൈസൻസ് നൽകുന്നത്. ഇതിൽ സ്വയ രക്ഷ,വിള രക്ഷ എന്നിവയ്ക്കുള്ള തോക്കുകൾ മാത്രമെ ഇനി പന്നി വേട്ടക്ക് ഉപയോഗിക്കാൻ പാടുളളു എന്നാണ് ഈ മാസം അഞ്ചിന് ഇറങ്ങിയ 51/26 എന്ന ഉത്തരവിലുള്ളത്. ഇതാണ് പന്നിവേട്ടക്ക് പ്രതിസന്ധിയുണ്ടാക്കുന്നത്.
ഇതിൽ സ്വയ രക്ഷക്കുള്ള തോക്കുകൾ തൊണ്ണൂറ് ശതമാനവും ഹാന്റ് ഗണ്ണുകളാണ്. വിളരക്ഷയ്ക്കുള്ള ലൈസൻസികൾ പഴയകാലത്ത് അനുവദിച്ചതും പ്രായാധിക്യം നേരിടുന്നവരുമായ കർഷകരാണ്. ഈ രണ്ടു കൂട്ടരിൽ സ്വയംരക്ഷ ലൈസൻസികൾ ഉന്നതരായ വ്യക്തികളാണ് ഇവർ പന്നി വേട്ടക്കിറങ്ങില്ല. വിളരക്ഷ ലൈസൻസികൾ ഏറെ അപകടം പിടിച്ച ഷൂട്ടിംഗ് രംഗത്ത് പരിശീലനം നേടിയവരുമല്ല.

വിളനാശം വരുത്തുന്ന പന്നികളെ നശിപ്പിക്കാൻ ഏക മാർഗ്ഗം സ്‌പോർട്സ്, സ്ഥാപന സുരക്ഷ എന്നിവയ്ക്ക് അനുവദിച്ചവ തോക്കുകളും പരിശീലനം ലഭിച്ചവരുമായ ഷാർപ്പ് ഷൂട്ടർമാരും മാത്രമാണ്. ഇവരെയാണ് സർക്കാർ പന്നിവേട്ടയിൽ നിന്ന് വിലക്കിയത്.
വിളനാശവും മനുഷ്യ സംഘർഷങ്ങളും കൂടിയതോടെ കഴിഞ്ഞ വർഷം മേയ് 28 നാണ് പന്നി നശീകരണത്തിന് ഉത്തരവിടാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നൽകിയത്. ഇത് ഏറെ ഗുണകരമായിരുന്നെങ്കിലും സർക്കാരിന്റെ പുതിയ തീരുമാനം കർഷകർ ആശങ്കയോടെയാണ് വിലയിരുത്തുന്നത്.

എം പാനൽ ഷൂട്ടർമാർ

വൻ തോതിൽ കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ വെടിവെച്ച് കൊല്ലുന്നതിന് വനം വകുപ്പ് പരിശോധിച്ച് നിശ്ചയിച്ച തോക്കു ലൈസൻസുള്ള ആളുകളാണ് എം പാനലിൽ വരുന്നത്. നേരത്തെ നിലമ്പൂർ സൗത്ത്- നോർത്ത് ഡിവിഷനുകളിലായി അഞ്ഞൂറിലേറെ പേരുണ്ടായിരുന്നു.എന്നാലിപ്പോൾ ഇത് നാലിലൊന്നായി കുറഞ്ഞു. കാളികാവ് ബ്ലോക്കിനു കീഴിൽ എം പാനൽ ലിസ്റ്റിൽപെട്ട ഒരാൾ പോലുമില്ല. പാലക്കാട് ജില്ലയിൽ നിന്നുള്ള ഷൂട്ടർ മാരെ ഉപയോഗിച്ചാണ് കാളികാവ് ബ്ലോക്കിനു കീഴിൽ രണ്ടുവർഷമായി പന്നിവേട്ട നടത്തുന്നത്. ഇതും ഇനി നടക്കാത്ത സാഹചര്യമാണ് പുതിയ ഉത്തരവ് മൂലം ഉണ്ടാവുക.

TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.