
കാളികാവ്: പഞ്ചായത്ത് മൂന്നാം വാർഡിൽ വിദ്യാഭ്യാസ പദ്ധതിയുമായി വാർഡ് മെമ്പർ. അഞ്ചുവർഷത്തേക്കുള്ള വിവിധ പദ്ധതികളാണ് പ്രഖ്യാപിച്ചത്. ആദ്യപടിയായി പരീക്ഷകളെ നിർഭയം നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കരിയർ ഗൈഡൻസ് ആന്റ് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. അഞ്ചുവർഷം നടപ്പാക്കുന്ന പദ്ധതി പട്ടം മിഷൻ 2030 പ്രോഗ്രാമാണ് പ്രഖ്യാപിച്ചത്.
കാളികാവ് മൂന്നാം വാർഡ് മെമ്പർ അബ്ദുറഹിമാൻ അഞ്ചച്ചവിടിയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രായഭേദമന്യേ പ്രാഥമിക ഇംഗ്ലീഷ് പഠനം സാദ്ധ്യമാക്കുന്ന ഇംഗ്ലീഷ് വില്ലേജ്, പാതിവഴിയിൽ പഠനം നിർത്തിയവർക്കുള്ള കരിയർകേച്ചർ, അദ്ധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവരുടെ കൂട്ടായ്മയായ സ്‌നേഹ പൂർവ്വം തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുന്നത്. വിവിധ പദ്ധതികളുടെ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് മെമ്പർ എം.കെ മുസ്തഫ അബ്ദുൽ ലത്തീഫ് നടത്തി. ഡക്സ്‌ഫോഡ് എജു പാർക്ക് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.പി.ജസീറ ഉദ്ഘാടനം ചെയ്തു. അഞ്ചച്ചവിടി വാർഡിലെ എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ്ടു, എൽ.എസ്.എസ്, യു.എസ്.എസ് എന്നിവയിലെ ഇരുനൂറോളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. പി.എം.എ ഗഫൂർ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസെടുത്തു. മൂന്നാം വാർഡിൽ വിദ്യാഭ്യാസ സാമൂഹ്യ മേഖലകളിൽ നടപ്പാക്കുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലെ വിവിധ പദ്ധതികളുടെ നടത്തിപ്പിന്റെ തുടക്കമായാണ് പരിപാടി നടക്കുന്നത്. ചടങ്ങിൽ അബ്ദുറഹിമാൻ അഞ്ചച്ചവിടി അദ്ധ്യക്ഷത വഹിച്ചു. കെ.പി ഹൈദരലി, ജനപ്രതിനിധികളായ കെ.സുബൈദ, പി.ശങ്കരൻ, സി.ടി.ശിഹാബ്, കെ.ഫസ്ന, റിയാസ് പാലോളി, അദ്ധ്യാപകരായ ഒ.എം.നിസാർ, രാജേഷ്, എൻ.കെ.റിയാന, പി.സലീന, പി.ടി എ പ്രസിഡന്റ് കെ.ടി.റഷീദ് പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |