
മലപ്പുറം: സിവിൽ കേസുകളിലും ഗുരുതരമല്ലാത്ത തർക്കങ്ങളിലും അതിവേഗം പരിഹാരം കാണുക ലക്ഷ്യമിട്ട് കേരള സ്റ്റേറ്റ് ലീഗൽ സർവ്വീസ് അതോറിറ്റി ആരംഭിച്ച 'സമയം' പദ്ധതിയിലൂടെ ജില്ലയിൽ ഇതുവരെ പരിഹരിച്ചത് 41 കേസുകൾ. കഴിഞ്ഞ വർഷം മേയിൽ ആരംഭിച്ച പദ്ധതിയിൽ ജില്ലയിൽ ഇതേവരെ 400 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ഈ വർഷമെത്തിയത് 78 കേസുകളാണ്. മൂന്ന് കേസുകൾ ഈ വർഷം പരിഹരിച്ചു. 38 എണ്ണം കഴിഞ്ഞ വർഷം പരിഹരിച്ചു. 15 വർഷത്തിലധികം പ്രവൃത്തി പരിചയമുള്ള 11 അഭിഭാഷകരാണ് ജില്ലയിൽ തർക്ക പരിഹാരത്തിനായി പ്രവർത്തിക്കുന്നത്.
സിവിൽ കേസുകൾ, അതിർത്തി-സ്വത്ത് തർക്കങ്ങൾ, വൈവാഹിക- കുടുംബ പ്രശ്നങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയാണ് പ്രധാനമായും പരിഗണിക്കുന്നത്. പരാതി ലഭിച്ചാൽ പൊലീസ് സ്റ്റേഷനിൽ നിന്ന് തന്നെ ഒത്തുതീർപ്പ് സാദ്ധ്യത പരിശോധിക്കും. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പായി എസ്.എച്ച്.ഒമാർക്ക് അതാത് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കോ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിക്കോ ശുപാർശ ചെയ്യാം. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ മഞ്ചേരിയിലെ ഓഫീസിലാണ് മദ്ധ്യസ്ഥ ചർച്ചകൾ നടക്കുക.
തർക്കം പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ തിരികെ പൊലീസ് സ്റ്റേഷനിലേക്ക് തന്നെ അയക്കും. ജില്ലാതലത്തിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും താലൂക്ക് തലത്തിൽ താലൂക്ക്തല ലീഗൽ സർവീസസ് കമ്മിറ്റിയ്ക്കുമാണ് ഇതിന്റെ നടത്തിപ്പ് ചുമതലയുള്ളത്. മദ്ധ്യസ്ഥർക്കുള്ള ഫീസ് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി തന്നെ വഹിക്കുന്നതിനാൽ കക്ഷികൾക്ക് സേവനം സൗജന്യമാണ്. പ്രശ്ന പരിഹാരമായാൽ ഇരുകക്ഷികൾക്കും സമ്മതമായ കരാർ രൂപീകരിക്കും. ഈ കരാറിന് കോടതി വിധിക്ക് തുല്യമായ നിയമ സാധുത ഉണ്ടായിരിക്കും. ഇതിനെതിരെ അപ്പീൽ നൽകാൻ സാധിക്കില്ല.
കോടതികൾ കയറിയിറങ്ങിയുള്ള കാലതാമസം കുറയ്ക്കാൻ പദ്ധതി വഴി സാധിക്കും. വിധി നടപ്പാക്കിയില്ലെങ്കിൽ പരാതിക്കാരന് കോടതിയെ നേരിട്ട് സമീപിക്കാം.
എം.ഷാബിർ ഇബ്രാഹിം, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി, സിവിൽ ജഡ്ജി (സീനിയർ ഡിവിഷൻ)
ആകെകേസുകൾ - 400
പരിഹരിച്ച കേസുകൾ - 41
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |