മലപ്പുറം: കുടുംബശ്രീ ഉല്പന്നങ്ങൾ വീട്ടുപടിക്കലെത്തിക്കുന്ന ഹോം ഷോപ്പ് പദ്ധതി മുഖേന ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെ ജില്ലയിലെ വിറ്റുവരവ് നാല് കോടി രൂപ. അരീക്കോട്, കൊണ്ടോട്ടി, കാളികാവ്, മലപ്പുറം, മങ്കട, നിലമ്പൂർ, പെരിന്തൽമണ്ണ, തിരൂർ, തിരൂരങ്ങാടി, വേങ്ങര, വണ്ടൂർ ബ്ലോക്കുകളിൽ പദ്ധതി ആരംഭിച്ചിട്ടുണ്ട്. താനൂർ, പൊന്നാനി ബ്ലോക്കുകളിൽ ഈ മാസം അവസാനത്തോടെ പദ്ധതി ആരംഭിക്കും. പൊന്നാനി, പെരുമ്പടപ്പ് ബ്ലോക്കുകളിലും വരും മാസങ്ങളിൽ ആരംഭിക്കാൻ പദ്ധതിയുണ്ട്.
ജില്ലയിൽ നിലവിൽ 600ഓളം പേരാണ് ഹോം ഷോപ്പ് പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. പുതിയ സി.ഡി.എസ് ഭരണ സമിതി കൂടുതൽ ഹോം ഷോപ്പ് ഓണർമാരെ തിരഞ്ഞെടുത്ത് പദ്ധതി വിപുലമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു വാർഡിൽ 150 വീടുകൾക്ക് ഒരു ഹോം ഷോപ്പ് ഓണർ എന്ന നിലയിലാണ് പ്രവർത്തനം. ഹോം ഷോപ്പ് മാനേജ്‌മെന്റ് ടീമിന് കീഴിലാണ് ഹോം ഷോപ്പ് ഓണർമാർ പ്രവർത്തിക്കുന്നത്.
കുടുംബശ്രീ സംരംഭകരുടെ നാടൻ ഭക്ഷ്യ ഉത്പന്നങ്ങൾ, കറിപ്പൊടികൾ, കരകൗശല വസ്തുക്കൾ, ക്ലീനിംഗ് ഉല്പന്നങ്ങൾ എന്നിവയെല്ലാം മിതമായ നിരക്കിൽ വീടുകളിലെത്തിച്ച് നൽകുന്ന പദ്ധതിയാണിത്. സി.ഡി.എസിന്റെ നേതൃത്വത്തിൽ അയൽക്കൂട്ടങ്ങളിലൂടെ തിരഞ്ഞെടുത്ത ഹോം ഷോപ്പ് ഓണർമാരാണ് വീടുകളിലെത്തി വിൽപന നടത്തുന്നത്. അവർക്കാവശ്യമായ പരിശീലനം, യൂണിഫോം, തിരിച്ചറിയാൽ കാർഡ്, ബാഗ് എന്നിവ കുടുംബശ്രീ ജില്ലാ മിഷനിൽ നിന്നും ലഭ്യമാവും.
ആകെ വിറ്റുവരവ് - നാല് കോടി
ആകെ ഹോം ഷോപ്പ് ഓണർമാർ - 600
നല്ല പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിക്കുന്നത്. കൂടുതൽ ഹോം ഷോപ്പർമാരെ നിയോഗിക്കും. കൂടുതൽ ബ്ലോക്കുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. ഉപഭോക്താക്കൾക്ക് വിശ്വാസയോഗ്യമായ ഉത്പന്നങ്ങൾ പദ്ധതിയിലൂടെ ലഭിക്കുന്നു. വലിയ വിറ്റുവരവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
പി.റെനീഷ്, കുടംബശീ ജില്ലാ മിഷൻ പ്ലാനിംഗ് മാനേജർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |