16ഉം തൂക്കി യു.ഡി.എഫ്

Monday 04 May 2026 11:45 PM IST

മലപ്പുറം: 'സ്വപ്‌നതുല്യം' മലപ്പുറം ജില്ലയിലെ യു.ഡി.എഫിന്റെ തിളക്കമാർന്ന വിജയത്തെ രാഷ്ട്രീയ കേരളം വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. യു.ഡി.എഫ് മുഴുവൻ മണ്ഡലങ്ങളിലും വിജയിച്ച ജില്ലയെന്ന പ്രത്യേകതയുമുണ്ട്. 16 നിയോജക മണ്ഡലങ്ങളിൽ 12 ഇടത്ത് മുസ്‌ലിം ലീഗും നാലിടത്ത് കോൺഗ്രസും വിജയിച്ചു. 2021ലെ നാല് സീറ്റിൽ നിന്ന് ഇത്തവണ എൽ.ഡി.എഫ് സംപൂജ്യരായി. തിരൂരിൽ മന്ത്രി വി.അബ്ദുറഹ്മാന്റെയും തവനൂരിൽ കെ.ടി.ജലീലിന്റെയും പൊന്നാനിയിൽ എം.കെ.സക്കീറിന്റെയും പരാജയം എൽ.‌ഡി.എഫിന് കടുത്ത ക്ഷീണമായി.

യു.ഡി.എഫ് നേതൃത്വത്തെ പോലും ഞെട്ടിച്ച വൻഭൂരിപക്ഷമാണ് മിക്ക മണ്ഡലങ്ങളിലുമുണ്ടായത്. തദ്ദേശ തിര‍ഞ്ഞെടുപ്പിലെ യു.ഡി.എഫ് തരംഗത്തെ പോലും മറികടന്നുള്ള വോട്ട് പ്രഹരത്തിൽ ചെങ്കോട്ടയായ പൊന്നാനിയും മണ്ഡലം രൂപീകരണം മുതൽ കൂടെയുള്ള തവനൂരും എൽ.ഡി.എഫിനെ കൈവിട്ടു. കടുത്ത മത്സരമെന്ന് വിലയിരുത്തിയ പൊന്നാനിയിൽ 13,267 വോട്ടിന് കോൺഗ്രസിന്റെ കെ.പി.നൗഷാദലിയും തവനൂരിൽ 14,647 ഭൂരിപക്ഷത്തിന് ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയിയും വിജയിച്ചുകയറി.

സംസ്ഥാന സർക്കാരിനെതിരായ വികാരത്തിനൊപ്പം യു.ഡി.എഫിലെ ഐക്യം കൂടുതൽ പ്രകടമായതും മിന്നുംജയത്തിന് വഴിയൊരുക്കി. മലപ്പുറം ജില്ലയിൽ സമാനമായ വിജയം നേരത്തെയും ലീഗ് നേടിയിട്ടുണ്ടെങ്കിലും കോൺഗ്രസിന് ആദ്യമായാണ് എല്ലാ സ്ഥാനാർത്ഥികളെയും വിജയിപ്പിക്കാനായത്. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിന്റെ ഭൂരിപക്ഷം 54,​113 കടന്നു. കഴിഞ്ഞ ജൂണിലെ ഉപതിരഞ്ഞെടുപ്പിൽ 11,​005 വോട്ടിനാണ് ആര്യാടൻ ഷൗക്കത്ത് വിജയിച്ചത്. ഇത്തവണ മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ഭൂരിപക്ഷം മാറ്റിനിറുത്തിയാൽ തൊട്ടുപിന്നിൽ ആര്യാടൻ ഷൗക്കത്താണ്. ജില്ലയുടെ ചരിത്രത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി നേടിയ ഏറ്റവും ഉയർന്ന ഭൂരിപക്ഷം കൂടിയാണിത്. യു.ഡി.എഫ് മന്ത്രിസഭയിലേക്ക് ജില്ലയിൽ നിന്ന് ഉറപ്പിക്കാവുന്ന എ.പി.അനിൽകുമാർ വണ്ടൂരിൽ വൻഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റായ ശേഷം സ്വന്തം ജില്ലയിൽ കോൺഗ്രസിന് ഉജ്ജ്വല വിജയം സമ്മാനിച്ചെന്ന നേട്ടവും അനിൽകുമാറിന് അവകാശപ്പെടാം. കഴിഞ്ഞ തവണ 38 വോട്ടിന് വിജയിച്ച പെരിന്തൽമണ്ണയിൽ ഇത്തവണ (32,329)​ വോട്ടിന്റെ ഭൂരിപക്ഷവുമായി നജീബ് കാന്തപുരം ഞെട്ടിപ്പിച്ചു.

തിരിച്ചടി പൂർണ്ണം

2021ൽ പൊന്നാനി,​ തവനൂർ,​ താനൂ‌ർ,​ നിലമ്പൂർ എന്നിവിടങ്ങളിൽ എൽ.ഡി.എഫ് വിജയിച്ചിരുന്നു. അന്ന് പൊന്നാനിയിൽ ഒഴികെ മൂന്നിടത്തും ഇടതുസ്വതന്ത്രരായിരുന്നു മത്സരിച്ചത്. പി.വി.അൻവർ യു.ഡി.എഫ് ക്യാമ്പിൽ എത്തിയതോടെ ഉപതിരഞ്ഞടുപ്പിലൂടെ നിലമ്പൂർ കോൺഗ്രസ് തിരിച്ചുപിടിച്ചു. എങ്കിലും പൊന്നാനിയിലും തവനൂരിലും വിജയിച്ച് കയറാമെന്ന പ്രതീക്ഷിലായിരുന്നു സി.പി.എം ജില്ലാനേതൃത്വം. മന്ത്രി വി.അബ്ദുറഹ്മാൻ തിരൂരിലേക്ക് മാറിയതോടെ താനൂരിൽ പ്രതീക്ഷ പുല‌ർത്തിയിരുന്നില്ല. പകരം തിരൂരിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന അബ്ദുറഹ്മാൻ ക്യാമ്പിന്റെ അവകാശവാദത്തിൽ സി.പി.എം ആത്മവിശ്വാസം പ്രകടിപ്പിച്ചെങ്കിലും ഇതും വീണുടഞ്ഞു. താനൂർ കൈവിട്ടതിനൊപ്പം മന്ത്രി തന്നെ പരാജയപ്പെട്ടെന്ന പരിക്ക് കൂടി നേരിടേണ്ടിവന്നത് സി.പി.എമ്മിന് ഇരട്ടിപ്രഹരമായി. തവനൂരിൽ സിറ്റിംഗ് എം.എൽ.എ കൂടിയായ കെ.ടി. ജലീൽ ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയിക്ക് മുന്നിൽ അടിയറവ് പറഞ്ഞു. വി.എസ്. ജോയ് കടുത്ത മത്സരം കാഴ്ചവെച്ചതോടെ വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിലും മുന്നിലെത്താൻ ജലീലിന് കഴിഞ്ഞില്ല. പരമാവധി 5,​000 വോട്ടിന്റെ ഭൂരപക്ഷം കണക്കുകൂട്ടിയ മണ്ഡലത്തിൽ ഭൂരിപക്ഷം 14,647ൽ എത്തി. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭയിൽ കൂടി സമ്പൂർണ്ണ പരാജയം രുചിച്ചതോടെ സി.പി.എം സമീപകാലത്തെ ഏറ്റവും വലിയ തിരിച്ചടിയാണ് നേരിട്ടത്.