മണ്ണാർക്കാട്: പൂരത്തിന്റെ ചെറിയാറാട്ട് ആഘോഷിച്ചു. ജനസഹസ്രങ്ങൾ എത്തുന്ന ഏഴാംപൂരമായ തിങ്കളാഴ്ച വലിയാറാട്ടും ആഘോഷിക്കും. ചെറിയാറാട്ട് ദിനമായ ഞായറാഴ്ച രാവിലെ മുതൽ ശ്രീലകത്ത് വിശിഷ്ടപൂജകൾ നടന്നു. വഴിപാടുകൾ നേരാനും ദേവിയുടെ ദർശനപൂണ്യം നേടാനും വിശ്വാസികളും എത്തിച്ചേർന്നതോടെ അരകുർശ്ശി ഉദയർകുന്ന് ക്ഷേത്രാങ്കണം നിറഞ്ഞു. മൂന്ന് ഗജവീരൻമാരുടെ അകമ്പടിയിൽ താളമേളവാദ്യസമേതം ആറാട്ടെഴുന്നെള്ളിപ്പ് നടന്നത് കാഴ്ചക്കാർക്കും പൂരവിരുന്നൊരുക്കി. ഉറഞ്ഞുതുള്ളിയ കോമരങ്ങളുടെ അനുഗ്രഹാശിസുകൾ വാങ്ങാനും ഭക്തരുടെ തിരക്കായിരുന്നു. ആറാട്ടെഴുന്നെള്ളിപ്പ് തിരിച്ചെത്തിയതോടെ ക്ഷേത്രനടയിൽ മേളചന്തവുംതാളലഹരിയും സമ്മാനിച്ച് പഞ്ചവാദ്യവാദ്യവും നടന്നു. വൈകന്നേരം മൂന്നിന് കിള്ളിക്കുറിശ്ശിമംഗലം കുഞ്ചൻസ്മാരകത്തിന്റെ ഓട്ടൻതുള്ളൽ അവതരണമുണ്ടായി. തുടർന്ന് പാലക്കാട് രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നാദസ്വരവും നടന്നു. ശേഷം കല്ലൂർ രാമൻകുട്ടി മാരാരുടെ തായമ്പകയും അരങ്ങേറി.കൊമ്പ് പറ്റ്, കുഴൽപറ്റും തുടർന്ന് കൊച്ചിൻ യാത്ര ബാൻഡിന്റെ ഗാനമേളയും നടന്നും. രാത്രി പത്തിന് ആറാട്ട് പ്രദക്ഷിണംവും മേളം ,ഇടയ്ക്ക പ്രദക്ഷിണവും നടന്നു.
മണ്ണാർക്കാട് പൂരത്തിന്റെ വലിയാറാട്ട് ദിനമായ തിങ്കളാഴ്ച രാവിലെ മുതൽ വിശേഷാൽപൂജകളും മറ്റും നടക്കും.
രാവിലെ ആറാട്ടെഴുന്നെള്ളിപ്പ് നടക്കും. തുടർന്ന് വാദ്യകലാരംഗത്തെ പ്രഗത്ഭർ അണിരക്കുന്ന മേജർസെറ്റ് പഞ്ചവാദ്യം കാഴ്ചവിരുന്ന് സമ്മാനിക്കും. കോങ്ങാട് മധു, കരിയന്നൂർ നാരായണൻ നമ്പൂതിരി, മായന്നൂർ രാജു തുടങ്ങിയവരാണ് പഞ്ചവാദ്യത്തിലുള്ളത്. കല്ലേക്കുളങ്ങര കൃഷ്ണവാരിയർ, വടക്കുംപാട്ട് രാമൻകുട്ടി, കല്ലേക്കുളങ്ങര ബാബു, സദനം ഭരതരാജൻ തുടങ്ങിയവർ മദ്ദളം വായിക്കും. തിരുവാലത്തൂർ ശിവൻ, കൊടുന്തരപ്പുള്ളി മധു എന്നിവർ ഇടയ്ക്കയും ചേലക്കര സൂര്യൻ, കാട്ടുകുളം ബാലകൃഷ്ണൻ എന്നിവർ താളവും മച്ചാട് മണികണ്ഠൻ, മച്ചാട് രാമചന്ദ്രൻ ആൻഡ് പാർട്ടി കൊമ്പിലും വിസമയം തീർക്കും.
11 മുതൽ 12 വരെ ആറാട്ടുകടവിൽ കഞ്ഞിപ്പാർച്ച നടക്കും. 12.30 മുതൽ ഒരുമണിവരെ മേളം, നാദസ്വരം . മൂന്നുമണി മുതൽ അഞ്ചുവരെ കിള്ളിക്കുറിശ്ശിമംഗലം കുഞ്ചൻ സ്മാരകം അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, അഞ്ച് മുതൽ പാലക്കാട് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഡബിൾ നാദസ്വരവും ആറ് മുതൽ ഹരിദാസ് മണ്ണാർക്കാട്, മോഹൻദാസ് മണ്ണാർക്കാട് എന്നിവരുടെ ഡബിൾ തായമ്പകയും കാഴ്ചക്കാരെ താളലഹരിയിലാറാടിക്കും. തുടർന്ന് കൊമ്പ് പറ്റ്,കുഴൽപറ്റ് എന്നിവ നടക്കും. രാത്രി ഒമ്പതിന് ആറാട്ടെഴുന്നെള്ളിപ്പ് നടക്കും. തുടർന്ന് പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ 90 ഓളം കലാകാരൻമാരുടെ പഞ്ചാരിമേളവും കുടമാറ്റവുമാണ്. തുടർന്ന് ഇടയ്ക്ക പ്രദക്ഷിണവും കാഴ്ചശീവേലിയോടെയും വലിയാറാട്ട് സമാപിക്കും. ചൊവ്വാഴ്ച ചെട്ടിവേലയോടെ മണ്ണാർക്കാട് പൂരത്തിന് സമാപനമാകും.
ചമയ വിസ്മയം തീർത്ത്
ആന ചമയ പ്രദർശനം
വലിയാറാട്ട് ദിനത്തിലെ ആറാട്ടെഴുന്നെള്ളിപ്പിന് മന്നേ കാഴ്ചവിരുന്നുമായി ക്ഷേത്രാങ്കണത്തിൽ ആനച്ചമയ പ്രദർശനം.സ്വർണവർണനിറത്തിൽ വെട്ടിതിളങ്ങുന്ന ഭഗവതിയുടെ പ്രതിഷ്ഠയുള്ള തിടമ്പും നെറ്റിപ്പട്ടങ്ങളും. ആലവട്ടങ്ങളും വെഞ്ചാമരങ്ങളും പള്ളമണികളും വട്ടകയറും വർണകുടകളും കാണാൻ പൂരനഗരിയിൽ തിരക്കായി.
പൂരത്തിന് എഴുന്നള്ളിക്കുന്ന ഒമ്പത് ആനകളുടെയും ചമയങ്ങൾ പ്രത്യേകംതയ്യാറാക്കിയ പ്രദർശന സ്റ്റാളിൽ നിരനിരയായി വെച്ചിരുന്നു.
ആനച്ചമയ പ്രദർശനത്തിന്റെ ഉദ്ഘാടനം എൻ.ഷംസുദ്ദീൻ എം.എൽ.എ. നിർവഹിച്ചു. സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും നിമിഷമാണ് ഇതെന്ന് എം.എൽ.എ. പറഞ്ഞു. പൈതൃകത്തിലേക്കും പാരമ്പര്യത്തിലേക്കുമുള്ള എത്തിനോട്ടമാണ് ഇത്തരം ആനച്ചമയ പ്രദർശനങ്ങൾ. പഴമയുടെ ഓർമകളെ കോർത്തിണക്കുന്നതാണ് പൂരാഘോഷത്തിലെ വിവിധ ആചാരങ്ങളും സാംസ്‌കാരിക പരിപാടികളും. ഇതിനെല്ലാം നേതൃത്വം നൽകുന്ന പൂരാഘോഷകമ്മിറ്റി ഏറെ അഭിനന്ദനമർഹിക്കുന്നതായും എം.എൽ.എ. കൂട്ടിച്ചേർത്തു. കമ്മിറ്റി പ്രസിഡന്റ് കെ.സി. സച്ചിദാനന്ദൻ, ജനറൽ സെക്രട്ടറി എം. പുരഷോത്തമൻ, ട്രഷറർ പി.കെ. മോഹൻദാസ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
പുതുജീവിതം നൽകിയ മണ്ണാർക്കാട് പൂരാഘോഷ കമ്മിറ്റിക്ക് നന്ദി പറഞ്ഞ്
മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികൾ
കൊവിഡ് കാലത്ത് തങ്ങളെ സംരക്ഷിക്കുകയും പുതുജീവിതം നൽകുകയും ചെയ്ത മണ്ണാർക്കാട് പൂരാഘോഷ കമ്മിറ്റിക്ക് നന്ദി പറഞ്ഞ് ഉത്തരേന്ത്യൻ ദമ്പതികൾ.മഹാരാഷ്ട്ര സ്വദേശിയായ ജിലാനി, ഭാര്യ ആയിഷ, മക്കളായ സബ്നം, ബാബു എന്നിവരാണ് ഞായറാഴ്ച പൂരപ്പറമ്പിലെത്തിയത്. 2020 ൽ മണ്ണാർക്കാട് പൂരത്തിനെത്തിയതായിരുന്നു കുടുംബം. പ്രേഷകരെ വിസ്മയിക്കുന്ന മരണക്കിണറിലെ അഭ്യാസികളാണ് ഇവർ. ജിലാനി കാർ അഭ്യാസിയും ആയിഷ മോട്ടോർ സൈക്കിൾ അഭ്യാസിയുമാണ്. കോവിഡും ലോക്ക് ഡൗണും വന്നതോടെ ക്യാമ്പിൽ കുടുങ്ങിയ ഇവരുടെ ജീവിതം ദുരിതപൂർണമായി. പൂരാഘോഷകമ്മിറ്റി സെക്രട്ടറി എം. പുരഷോത്തമന്റെ നേതൃത്വത്തിൽ ഇവർക്ക് സംരക്ഷണമൊരുക്കി. കൂടാതെ ജിലാനിക്കും മകനും ജോലിയും ശരിയാക്കികൊടുത്തു. ലോക്ക് ഡൗൺ പൂർണമായും മാറിയതോടെയാണ് ഇവർ വീണ്ടും പഴയ തൊഴിലിലേക്ക് മടങ്ങിയത്. നിരവധി ദേശങ്ങൾ സഞ്ചരിക്കുകയും താമസിക്കുകയും ചെയ്ത ഇവർ മണ്ണാർക്കാടിന്റെ സ്‌നേഹം മറക്കാനായില്ല. മണ്ണാർക്കാടിന്റെ ഭാഗമായി ജീവിക്കണമെന്ന തീരുമാനപ്രകാരം കുടുംബം കിട്ടുന്ന വരുമാനം ബാങ്കിലിട്ടു. ഇപ്പോൾ കൈതച്ചിറയിൽ അഞ്ച് സെന്റ് സ്ഥലവും വീടുംവാങ്ങി. ഉത്സവസീസൺ കഴിഞ്ഞാൽ വീട്ടിൽ സ്ഥിരതാമസമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |