പാലക്കാട്: ജെൻഡർ സൗഹൃദ തദ്ദേശഭരണ ലക്ഷ്യത്തിലേക്കുള്ള മുന്നൊരുക്കവുമായി ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചു. 2023 -24 സാമ്പത്തിക വർഷത്തെ വാർഷിക ബഡ്ജറ്റ് ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി.ബിനു അവതരിപ്പിച്ചു. 141,25,35,800 രൂപ വരവും 141,21,82,350 രൂപ ചെലവും 3,53,450 രൂപ നീക്കിയിരിപ്പുമുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്.
ജെൻഡർ സൗഹൃദ തദ്ദേശഭരണം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളിൽ വനിത ജിംനേഷ്യം ആരംഭിക്കും. ഇതിനായി 35 ലക്ഷം വകയിരുത്തി. ആരോഗ്യ മേഖലയ്ക്ക് 2.5 കോടി, തളരുന്നവർക്ക് തണലായി പദ്ധതിക്ക് 31 ലക്ഷവും മാറ്റിവെച്ചിട്ടുണ്ട്. ഹരിതകർമ്മ സേനയ്ക്ക് ഉപകരണങ്ങൾ വാങ്ങുന്നതിന് 20 ലക്ഷം, ഡയാലിസിസ് പദ്ധതിക്ക് 22 ലക്ഷം, പാലിൽ സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിന് ക്ഷീരസാഗരം പദ്ധതിക്ക് 25 ലക്ഷം എന്നിങ്ങനെ വകയിരുത്തി.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്ക് 116.87 കോടി രൂപയും ഭവന നിർമ്മാണ മേഖലയിൽ 2.36 കോടിയും കാർഷിക മേഖലയുടെ ഉണർവിന് കതിരിനൊരു കരുതൽ പദ്ധതിക്ക് 85 ലക്ഷം രൂപയും മാറ്റിവെച്ചു. അങ്കണവാടികൾ സ്മാർട്ടാക്കും. പൊതു ഇടങ്ങളിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീൻ സ്ഥാപിക്കും. അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ എല്ലാ ഘടക സ്ഥാപനങ്ങളും കാർബൺ സന്തുലിതമാക്കാൻ ബഡ്ജറ്റ് വിഭാവനം ചെയ്യുന്നു. ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു പ്രഖ്യാപനം നടത്തി. ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡന്റ് കെ.സി.ബിനു അവതരിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |