ആലത്തൂർ: ദേശീയപാത സ്വാതി ജംഗ്ഷനിലെ കുമ്പളക്കോടിനു സമീപം കൽവെർട്ട് നിർമ്മാണത്തിനിടെ റോഡിന്റെ ഒരു വശം ഇടിഞ്ഞു താഴ്ന്നു. ഇന്നലെ പുലർച്ചെയാണ് റോഡിന്റെ ഒരു വശം ഇടിഞ്ഞു താഴ്ന്നത്. ഇത് വഴി സഞ്ചരിച്ചവരാണ് വാഹനം പോകുന്നതിനിടെ റോഡിന്റെ ഒരു വശം താഴ്ന്നു പോകുന്നതായി കണ്ടത്. ക്രമേണ ഈ വിള്ളൽ ചെറു കുഴിയായി രൂപപ്പെടുകയായിരുന്നു. പുലർച്ചെ ആയതിനാൽ കൂടുതൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. കൽവർട്ട് നിർമ്മാണം നടക്കുന്ന റോഡിന്റെ തൃശൂരിലേക്കുള്ള സ്പീഡ് ട്രാക്കിലേക്കാണ് റോഡ് ഇടിഞ്ഞു താഴ്ന്നത്. ഉടൻ ദേശീയ പാത അധികാരികളെ വിവരമറിയിച്ച് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. ഇവിടെ കൽവർട്ട് നിർമ്മാണം ആരംഭിക്കുകയും ചെയ്തു. അഴുക്കുചാൽ നിർമ്മാണത്തിനായി രണ്ട് വശവും മണ്ണ് നീക്കി ചാക്ക് വച്ച് ബലപ്പെടുത്തിയിരുന്നു. മഴയിൽ ഈ മണ്ണ് നീങ്ങി കുഴിയായതെന്നാണ് ദേശീയ പാത അതോറിറ്റിയുടെ വിശദീകരണം. ആലത്തൂർ സ്വാതി ജംഗ്ഷനിലെ ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ ദേശീയപാത നിർമ്മാണ കമ്പനി ബദൽ സൗകര്യങ്ങൾ ഒരുക്കാതെയാണ് ദേശീയപാതയിലെ അറ്റകുറ്റപ്പണികൾ നടത്തിയതെന്ന് കെ.രാധാകൃഷ്ണൻ എം.പി ആരോപിച്ചു. നിരവധി തവണ നിർമ്മാണ കമ്പനിയോട് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ദേശീയപാത അതോറിറ്റിയിലെ ഉദ്യോഗസ്ഥരാരും തന്നെ ഇക്കാര്യം ചെവികൊണ്ടില്ല. സ്ഥലം സന്ദർശിച്ച് ദേശീയ പാത പ്രോജ്രക്ട് ഡയറക്ടർക്ക് അടിയന്തരമായി ഇപ്പോൾ ഇടിഞ്ഞ ഭാഗങ്ങൾ പുനർനിർമ്മിക്കുന്നതിന് എം.പി നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |