ഉത്പാദനം പാതിയായി കുറയുമെന്ന ആശങ്കയിൽ കർഷകർ
ചിറ്റൂർ: മേയ് അവസാനം പെയ്തിറങ്ങിയ കനത്ത മഴ, പിന്നീട് നെൽപ്പാടങ്ങളിൽ വ്യാപകമായ ഓലകരിച്ചിൽ, എലി, ഞണ്ട് ശല്യം വേറെയും. പാലക്കാട് ജില്ലയിലെ ഒന്നാംവിള നെൽകൃഷിയാകെ താളം തെറ്റിയെന്ന് കർഷകർ. ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ അതിതീവ്രമഴയിൽ ഈ സീസണിൽ ആദ്യം വിളവിറക്കിയ നെൽകൃഷി ഭൂരിഭാഗവും നശിച്ചു. രണ്ടാമത് ഇറക്കിയ കൃഷിക്കും കാലവർഷം തന്നെ വില്ലനായെത്തി. നടീൽ കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ അടിവളം കൊടുക്കണം. പിന്നീട് 20 ദിവസം ആകുമ്പോൾ മേൽവളവും കൊടുക്കണം. കളപറിയും നടത്തണം. തുടർച്ചയായ മഴമൂലം കർഷകർക്ക് ഇതിനൊന്നും കഴിഞ്ഞിട്ടില്ല. രണ്ടാംവളം കൊടുക്കേണ്ട സമയത്താണ് അടിവളം കൊടുക്കാൻ കഴിഞ്ഞത്. ഇനി 20 ദിവസം കഴിയുമ്പോൾ പിട്ടിൽ വരും. ഇത് കതിരിൽ വളം വെയ്ക്കുന്ന പോലെയാണെന്ന് കർഷകർ പറയുന്നു. കനത്ത മഴയിൽ പാടത്ത് വെള്ളം കയറി ഞാറ് നശിച്ചതോടെ പല പാടശേഖരങ്ങളിലും മൂന്നിലധികം തവണയാണ് ഞാറു നടേണ്ടി വന്നത്. ഇതിനു പിന്നാലെയാണ് നെൽച്ചെടികളിൽ വ്യാപകമായി ഓലകരിച്ചിൽ, പോള അഴുകൽ രോഗങ്ങളും കണ്ടെത്തിയത്. ഇത്തരം പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് കൃഷി നടത്തിയാലും പ്രതീക്ഷിച്ച വിളവ് ലഭിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ.
സാധാരണ ഒന്നാംവിളയ്ക്ക് ഒരു ഏക്കറിൽ നിന്ന് 2000 കിലോ വരെ നെല്ല് കിട്ടും. പ്രതികൂല കാലാവസ്ഥ മൂലം 1000 കിലോപോലും കിട്ടമോയെന്ന് സംശയമാണ്. ഇതിന് പുറമേയാണ് രാസവളക്ഷാമം ഉണ്ടാക്കുന്ന പ്രതിസന്ധി. ഇതിനിടെ രാസവളത്തിന്റെ വിലവർദ്ധനയും തിരിച്ചടിയായി. പല വളങ്ങളും കിട്ടാനില്ല. കിട്ടിയാൽ തന്നെ താങ്ങാനാവാത്ത വിലയാണ്. 50 കിലോ പൊട്ടാഷിന് 1500 രൂപയായിരുന്നത് ഇപ്പോൾ 1850 രൂപയാണ്. മറ്റു വളങ്ങൾക്കും ക്രമാതീതമായി വില വർദ്ധിച്ചിട്ടുണ്ട്. നെല്ല് സംഭരിച്ചിട്ട് മാസങ്ങൾ പിന്നിട്ടു. എലപ്പുള്ളി മേഖലയിൽ 50 ശതമാനം കർഷകർക്ക് പോലും നെല്ലുവില കിട്ടിയിട്ടില്ല. എടുത്ത വായ്പ തിരിച്ചടയ്ക്കാൻ കഴിഞ്ഞിട്ടില്ല. കൈവായ്പയും കിട്ടുന്നില്ലെന്നും കർഷകരുടെ ജീവിതം പ്രതിസന്ധിയിലാണെന്നും ജില്ലയിലെ നെൽകർഷകർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |