എലപ്പുള്ളി: ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനെ ചൊല്ലി എലപ്പുള്ളി പഞ്ചായത്തിൽ വിവാദം കൊഴുക്കുന്നു. എം.എൽ.എ ഫണ്ടിൽ നിന്നുള്ള ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ വിസമ്മതിച്ച കോൺഗ്രസ് ഭരണസമിതി എം.പി ഫണ്ടിൽ നിന്നനുവദിച്ച ഹൈമാസ്റ്റ് ലൈറ്റിന് അനുമതി നൽകിയെന്നാണ് പ്രതിപക്ഷമായ സി.പി.എം ആരോപിക്കുന്നത്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ ആദ്യം സന്നദ്ധത അറിയിച്ചത് എ.പ്രഭാകരൻ എം.എൽ.എ ആയിരുന്നു. എന്നാൽ അധിക വൈദ്യുതി ചാർജ് പഞ്ചായത്തിന് ബാധ്യതയാകുമെന്നും ലൈറ്റ് ആവശ്യമില്ലെന്നും പഞ്ചായത്ത് നിലപാടെടുത്തു. അതിനാൽ എം.എൽ.എക്ക് ലൈറ്റ് സ്ഥാപിക്കാൻ കഴിഞ്ഞില്ല. ഇതിനു ശേഷം വി.കെ.ശ്രീകണ്ഠൻ എം.പി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച വിഷയം ഭരണസമിതി യോഗത്തിൽ എത്തിയതോടെയാണ് വിവാദം മുറുകിയത്. എം.പി ഫണ്ടിൽ നിന്ന് അനുവദിക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്നതിന് പഞ്ചായത്ത് ഭരണസമിതി പച്ചക്കൊടി കാണിച്ചു. എം.എൽ.എയുടെ ഹൈമാസ്റ്റ് ലൈറ്റ് വേണ്ടെന്ന് പറയുമ്പോൾ ഉണ്ടായിരുന്ന അതേ സാഹചര്യം നിലനിൽക്കുമ്പോൾ എങ്ങിനെ എം.പിയുടെ ലൈറ്റിന് അനുമതി നൽകുമെന്ന ചോദ്യമുയർത്തി പ്രതിപക്ഷം രംഗത്തെത്തി. പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ച് എം.പിയുടെ ലൈറ്റ് സ്ഥാപിക്കാൻ ഭരണ സമിതി തീരുമാനിക്കുകയും ചെയ്തു. രാഷ്ട്രീയ വിവേചനം പൊതുജന മധ്യത്തിൽ തുറന്ന് കാണിക്കാൻ വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് സി.പി.എം.
ഹൈമാസ്റ്റ് ലൈറ്റിൽ പോലും രാഷ്ട്രീയം കാണുന്ന സങ്കുചിത നിലപാടാണ് എലപ്പുള്ളി പഞ്ചായത്ത് സ്വീകരിച്ചത്. എന്റെ ലൈറ്റ് വേണ്ട, എം.പിയുടെ ലൈറ്റ് മതിയെന്നാണ് കോൺഗ്രസ് ഭരണ സമിതി പറയുന്നത്. വികസനത്തിൽ രാഷ്ട്രീയം കാണുന്ന ഈ നിലപാട് ജനങ്ങൾ തിരിച്ചറിയും.
എ.പ്രഭാകരൻ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |