പാലക്കാട്: കേരള സർക്കാരിന്റെ പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനത്തിന്റെ ഭാഗമായി ഹരിതകേരളം മിഷൻ 2019 മുതൽ നടപ്പിലാക്കിയ പച്ചത്തുരുത്ത് പദ്ധതിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നിർമ്മിച്ച പാലക്കാട് ജില്ലയിലെ മികച്ച മൂന്ന് പച്ചത്തുരുത്തുകൾക്ക് മുഖ്യമന്ത്രിയുടെ പുരസ്‌കാരം ലഭിച്ചു. സംസ്ഥാന തലത്തിൽ തദ്ദേശസ്ഥാപന വിഭാഗത്തിനുള്ള രണ്ടാം സ്ഥാനം കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കുമ്പളംചോല പച്ചത്തുരുത്തിനു ലഭിച്ചു. കൊടുമ്പ് പഞ്ചായത്തിലെ കരിങ്കരപ്പുള്ളി കനാൽ തീരം പച്ചത്തുരുത്ത് സ്‌പെഷ്യൽ ജൂറി അവാർഡിന് അർഹത നേടി. കോളേജ് വിഭാഗത്തിൽ ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ വി.ടി.ഭട്ടതിരിപ്പാട് കോളേജിലെ വാൾട്ടർ വാലി ഫുഡ് ഫോറസ്റ്റ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
2021 ലെ പരിസ്ഥിതി ദിനത്തിലാണ് കുമ്പളംചോല ഭാഗത്ത് ഉപയോഗശൂന്യമായി കിടന്ന ക്വാറി പരിസരത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ സാധ്യതകൾ ഉപയോഗപ്പെടുത്തി ആദ്യ തൈ നട്ടു കൊണ്ടാണ് കുമ്പളംച്ചോല പച്ചത്തുരുത്ത് പ്രവർത്തികൾ ആരംഭിച്ചത്. ക്വാറിവേസ്റ്റുകളും മാലിന്യക്കൂമ്പാരവും നിറഞ്ഞിരുന്ന സ്ഥലത്ത് നിലവിൽ ജാക്ക് ഫ്രൂട്ട് ഫോറസ്റ്റ്, മുരിങ്ങ പ്ലാന്റേഷൻ, മുളക്കാട് എന്നിവയെല്ലാമുണ്ട്. ചെണ്ടുമല്ലി കൃഷിക്ക് നിലമൊരുക്കലുമുണ്ട്. വൈവിധ്യമാർന്ന കരിമ്പനക്കാട്, ചോളകൃഷി, ഡ്രാഗൺ ഫ്രൂട്ട് കൃഷി, ഫാഷൻ ഫ്രൂട്ട് കൃഷി, കശുമാവിൻ തോട്ടം നിർമ്മാണം തുടങ്ങിയവയും നടത്തി അഞ്ച് ഏക്കറിലധികം പ്രദേശത്തേക്ക് പച്ചത്തുരുത്ത് വ്യാപിച്ചു. വിവിധ ഇനങ്ങളിലായി 1400 ലധികം വൃക്ഷങ്ങൾ സംരക്ഷിച്ചു വരുന്നു.
കാടാംങ്കോടാണ് നാടിന്റെ അഭിമാനമായി മാറിയ കരിങ്കരപ്പുള്ളി കനാൽ തീരം പച്ചത്തുരുത്ത് സ്ഥിതി ചെയ്യുന്നത്. ഏകദേശം 1.5 ഏക്കർ വിസ്തൃതിയുള്ള ഭൂമി ഒരിക്കൽ ഉപേക്ഷിക്കപ്പെട്ട പൊതു സ്ഥലമായിരുന്നു. ഒട്ടും പരിപാലനമില്ലാതെ രൂക്ഷമായ മാലിന്യപ്രശ്നം അഭിമുഖികരിച്ചിരുന്ന ഈ സ്ഥലം ഇന്ന് പച്ചപ്പിന്റെയും പുതുജീവിതത്തിന്റെയും പ്രതീകമായി മാറിയിരിക്കുന്നു. 267ത്തിലധികം സസ്യവർഗ്ഗങ്ങൾ ഇവിടെ വളർന്ന് കായ്ച്ചിരിക്കുന്നു.
വൈവിധ്യമുള്ള ഭക്ഷണങ്ങൾ നൽകുന്ന ചെടികളെ പുതിയ തലമുറ തിരിച്ചറിയണം എന്ന ലക്ഷ്യത്തോടെയാണ് വി.ടി.ബി കോളേജിലെ തരിശ്ശായി കിടന്നിരുന്ന ഒരേക്കർ 25 സെന്റ് സ്ഥലത്ത് 2021 ഒക്ടോബർ 18 ന് വാർട്ടർ വാലി ഫുഡ് ഫോറസ്റ്റ് എന്ന പേരിൽ ഭക്ഷ്യവനം വച്ചു പിടിപ്പിച്ചത്. 130 ഓളം ഇനങ്ങളിൽപ്പെട്ട 457 വൃക്ഷങ്ങൾ ഇവിടെ സംരക്ഷിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |