പാലക്കാട്: ദീപാവലിത്തിരക്കിൽ ബെംഗളൂരുവിൽ നിന്നും ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് ആവശ്യത്തിന് സ്പെഷ്യൽ ട്രെയിനുകളുമായി റെയിൽവേ. രണ്ടിടത്തു നിന്നും രണ്ട് വീതം സ്പെഷ്യൽ ട്രെയിൻ ആണ് അനുവദിച്ചിരിക്കുന്നത്. ചെന്നൈയിൽ നിന്ന് ഒക്ടോബർ 20നു പാലക്കാട് വഴി മംഗലാപുരത്തേക്കും 21നു തിരിച്ചുമാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. 21ന് തിരുവനന്തപുരത്ത് നിന്നു ചെന്നൈയിലേക്കും 22നും തിരിച്ചും സ്പെഷ്യൽ സർവീസുണ്ട്. ബെംഗളൂരുൽ നിന്ന് ആദ്യത്തെ ട്രെയിൻ ഒക്ടോബർ 16ന് കൊല്ലത്തേക്കും 17ന് തിരിച്ചും സർവീസ് നടത്തും. രണ്ടാമത്തെ ട്രെയിൻ ഒക്ടോബർ 21നു കൊല്ലത്തേക്കും 22ന് തിരിച്ചും സർവീസ് നടത്തും. അടുത്ത തിങ്കളാഴ്ചയാണ് ദീപാവലി അവധിയെങ്കിലും ബെംഗളൂരുവിൽ നിന്നും ചെന്നൈയിൽ നിന്നും നാട്ടിലേക്കുള്ള യാത്രാത്തിരക്ക് വ്യാഴാഴ്ച തുടങ്ങും. ശനി, ഞായർ ഉൾപ്പെടെ മൂന്ന് ദിവസം തുടർച്ചയായി അവധി ലഭിക്കുമെന്നതിനാൽ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. ദീർഘദൂര സ്വകാര്യ ബസുകളിൽ ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നതിനാൽ സ്പെഷ്യൽ ട്രെയിനുകൾ ആയിരക്കണക്കിനു യാത്രക്കാർക്ക് ആശ്വാസമാകും.
1. ബെംഗളൂരു-കൊല്ലം സ്പെഷ്യൽ(06561): ഒക്ടോബർ 16നു വൈകിട്ട് മൂന്നിന് ബെംഗളൂരുവിൽ നിന്നു പുറപ്പെട്ട് രാത്രി 11.17നു പാലക്കാട്ടും പിറ്റേന്ന് രാവിലെ 6.20നു കൊല്ലത്തും എത്തും.
2. കൊല്ലം-ബെംഗളൂരു സ്പെഷ്യൽ(06562): രാവിലെ 10.45നു കൊല്ലത്തു നിന്നു പുറപ്പെട്ട് വൈകിട്ട് 4.45നു പാലക്കാട്ടും രാത്രി 12.30നു ബെംഗളൂരുവിലുമെത്തും.
3. ബെംഗളൂരു-കൊല്ലം സ്പെഷ്യൽ എക്സ്‌പ്രസ്(06567): ഒക്ടോബർ 21നു രാത്രി 11നു ബെംഗളൂരുവിൽ നിന്നു പുറപ്പെട്ട് 22ന് പിറ്റേന്ന് രാവിലെ 6.45ന് പാലക്കാട്ടും ഉച്ചയ്ക്ക് 12.55ന് കൊല്ലത്തും എത്തും.
4. കൊല്ലം-ബെംഗളൂരു(06568): ഒക്ടോബർ 22നു വൈകിട്ട് അഞ്ചിന് കൊല്ലത്തു നിന്നു പുറപ്പെട്ട് രാത്രി 11.45നു പാലക്കാട്ടും പിറ്റേന്നു രാവിലെ 9.45നു ബെംഗളൂരുവിലും എത്തും.
5. ചെന്നൈ-മംഗളൂരു സ്പെഷ്യൽ(06001): ഒക്ടോബർ 20ന് ഉച്ചയ്ക്ക് 12.15ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് രാത്രി 11.15ന് പാലക്കാടും പിറ്റേന്ന് രാവിലെ എട്ടിന് മംഗളൂരുവിലും എത്തും.
6. മംഗളൂരു-ചെന്നൈ സ്പെഷ്യൽ(06002): ഒക്ടോബർ 21ന് വൈകിട്ട് 4.35ന് മംഗളൂരുവിൽ നിന്നു പുറപ്പെട്ട് രാത്രി 10.57ന് പാലക്കാട്ടും പിറ്റേന്ന് രാവിലെ 10.15നു ചെന്നൈയിലും എത്തും.
7. തിരുവനന്തപുരം-ചെന്നൈ(06108): 21ന് വൈകിട്ട് 5ന് തിരുവനന്തപുരത്ത് നിന്നു പുറപ്പെട്ട് രാത്രി 12.50നു പാലക്കാടും പിറ്റേന്ന് രാവിലെ 11ന് ചെന്നൈയിലുമെത്തും.
8. ചെന്നൈ-തിരുവനന്തപുരം(06107): 22ന് ഉച്ചയ്ക്ക് 1.25ന് പുറപ്പെട്ട് രാത്രി 12.05നു പാലക്കാടും പിറ്റേന്ന് രാവിലെ 8നു തിരുവനന്തപുരത്തുമെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |