പാലക്കാട്: ഒട്ടേറെ പ്രതിസന്ധികൾക്കിടയിലും രണ്ടാംവിള നെൽക്കൃഷിക്ക് പടിഞ്ഞാറൻ മേഖലയിലെ വയലുകൾ ഒരുക്കി കർഷകർ. വിളയൂർ, തിരുവേഗപ്പുറ, കൊപ്പം പാടശേഖരങ്ങളിലായി ഏക്കർ കണക്കിന് സ്ഥലത്താണ് ഇത്തവണ നെൽക്കൃഷി ചെയ്യുന്നത്. ഏറെയും പരമ്പരാഗത കർഷകരാണ്. കൃഷിഭവൻ മുഖേന തദ്ദേശ സ്ഥാപനങ്ങൾ സബ്സിഡി നിരക്കിൽ നൽകുന്ന പൊന്മണി നെൽവിത്താണ് ഇവിടെ ഞാറിന് ഉപയോഗിച്ചിട്ടുള്ളത്. കൃഷി ഇറക്കുന്നതിനുള്ള കൂലിച്ചെലവിലെ വർദ്ധനയും മികച്ച പണിക്കാരുടെ അഭാവവും മൂലം ഈ വർഷം പ്രതിസന്ധിയാണ്. ജൈവ വളത്തിന്റെയും രാസവളത്തിന്റെയും കീടനാശിനിയുടെയും വില വർദ്ധനയും കർഷകരെ ഒരുക്കങ്ങൾക്കിടയിലും നിരാശരാക്കുന്നുണ്ട്. തദ്ദേശീയരായ പണിക്കാരുടെ അഭാവത്തിൽ അന്യ സംസ്ഥാന തൊഴിലാളികളും ജില്ലയ്ക്ക് പുറത്തുനിന്നെത്തിയ തൊഴിലാളികളുമാണ് ഞാറു പറയ്ക്കുന്നതു മുതൽ നടുന്നതുവരെ രംഗത്തുള്ളത്. ഇത്തരം പ്രതിസന്ധികൾക്കിടയിലും നെൽക്കൃഷി സജീവമാണ്. കഴിഞ്ഞ വർഷം ഒരേക്കർ ഞാറുപറിച്ചു നടാൻ 5500 രൂപ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 6500 രൂപയാണ് വില. ഒരു മണിക്കൂർ വയൽ പൂട്ടുന്നതിന് ഈ വർഷം ട്രാക്ടറുകൾ 1000 രൂപ മുതൽ 1200 രൂപ വരെയാണ് ഈടാക്കുന്നത്. കഴിഞ്ഞ വർഷം കർഷകർക്ക് സംഭരണ വിലയായി ലഭിച്ചത് ഒരു കിലോഗ്രാം നെല്ലിന് 28.32 രൂപയാണ്. 35 രൂപയെങ്കിലും ലഭിച്ചാലേ കർഷകർക്ക് നെൽക്കൃഷിയിൽ പിടിച്ചു നിൽക്കാനാവൂ.
കഴിഞ്ഞ വർഷം വൈക്കോലിന്റെ വിലക്കുറവും പ്രതിസന്ധിയായി. യന്ത്രവത്കൃത കൃഷിയും പലരും ഉപേക്ഷിച്ചു. യന്ത്രങ്ങൾ ഞാറു നടുന്നതിനേക്കാളേറെ പരമ്പരാഗത രീതിയാണ് നടീലിനും വിളവിനും നല്ലത്. അന്യ സംസ്ഥാനക്കാരായ സ്ത്രീ തൊഴിലാളികളാണ് നടീൽ നടത്തുന്നത്. ഒരുകെട്ടിന് 100 രൂപയിൽ താഴെയാണ് ലഭിച്ചത്. നെല്ല് സംഭരിച്ചാൽ തന്നെ മാസങ്ങൾക്ക് ശേഷമാണ് കർഷകന് ബേങ്ക് വഴി പണം ലഭിക്കുന്നത്. കട്ടുപ്പാറ ചെറുകിട ജലസേചന പദ്ധതിയിലെ വെള്ളത്തെ ആശ്രയിച്ചാണ് ഇവിടെ പ്രധാനമായും രണ്ടാംവിള കൃഷി ഇറക്കുന്നത്. കനാൽ വഴി കാര്യക്ഷമമായി തൂതപ്പുഴയിലെ ജലം ലഭിച്ചില്ലെങ്കിൽ കൃഷി അവതാളത്തിലാകും. മുൻവർഷങ്ങളിൽ പലപ്പോഴും യഥാസമയം വെള്ളം ലഭിക്കാത്തതു മൂലമുള്ള പ്രയാസങ്ങൾ കർഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നിലവിൽ കൃഷിയിറക്കുന്നതിന് ആവശ്യമായ വെള്ളം കനാൽവഴി ലഭിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |