വടക്കഞ്ചേരി: മംഗലംഡാം ഉദ്യാനത്തിൽ സന്ദർശകർക്കും പ്രദേശവാസികൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ. കാൽനട യാത്രക്കാർക്കുനേരെ തെരുവ് നായ്ക്കൾ പാഞ്ഞടുക്കുന്നത് നിത്യസംഭവമാണ്. സന്ദർശകരുടെ വാഹനങ്ങളുടെ പിന്നാലെ ഓടിയെത്തുന്നതും ഭീഷണിയുയർത്തുന്നുണ്ട്. ജലസേചന വകുപ്പ് അധികൃതർ തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതാണ് ഇവയുടെ ശല്യം രൂക്ഷമാകാൻ കാരണമെന്നു പ്രദേശവാസികൾ പറയുന്നു.
പ്രവേശനകവാടം കടന്ന് അല്പദൂരം സഞ്ചരിച്ചാലാണ് അണക്കെട്ടിന്റെ ഭാഗത്തേക്കും കുട്ടികളുടെ പാർക്കിലേക്കും എത്തുക. ഭൂരിഭാഗം സന്ദർശകരും ഇവിടേക്ക് വാഹനത്തിലാണ് പോകുന്നതെങ്കിലും തെരുവുനായ്ക്കൾ കുരച്ചുകൊണ്ട് പിന്നാലെ ഓടിയെത്തും. പലപ്പോഴും നേരിയ വ്യത്യാസത്തിലാണ് ബൈക്കിൽ പോകുന്നവർ കടിയേൽക്കാതെ രക്ഷപ്പെടുന്നത്. മംഗലംഡാം ഉദ്യാന വളപ്പിലേക്കുള്ള സന്ദർശകരും ഉദ്യാനത്തിലെയും ജലസേചന ഓഫീസിലെയും ജീവനക്കാരും പേടിയോടെയാണ് അണക്കെട്ടിലേക്കുള്ള പാതയിൽക്കൂടി നടക്കുന്നത്. അഞ്ചും പത്തും അടങ്ങുന്ന തെരുവുനായ്ക്കൂട്ടം ഏതു നിമിഷവും ചാടിവീഴും. സ്ഥിരമായി ഇതുവഴി പോകുന്നവർ സുരക്ഷയ്ക്കായി കൈയിൽ വടി കരുതുകയാണ്.
ചില സമയങ്ങളിൽ മംഗലംഡാം ടൗണിലേക്കും തെരുവുനായ്ക്കൂട്ടമിറങ്ങുന്നത് നാട്ടുകാരെയും ഭീതിയിലാക്കുന്നുണ്ട്. ഉദ്യാനത്തിനു സമീപമുള്ള താമസക്കാർ ഉദ്യാനപാതയ്ക്കു സമീപത്തുകൂടിയുള്ള റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. ഇവർക്കു നേരെയും തെരുവുനായ്ക്കൾ കടിക്കാനായി ഓടിയെത്താറുണ്ട്. ജലസേചന ഓഫീസിലെ ജീവനക്കാർ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് നിറുത്തണമെന്ന് ചൂണ്ടിക്കാട്ടി രേഖമൂലം നിർദേശം നൽകുമെന്ന് ജലസേചന വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയറുടെ ഓഫീസ് അറിയിച്ചു. നിലവിലുള്ള അപകട ഭീഷണി ഒഴിവാക്കുന്നതിനായി തെരുവുനായ്ക്കളെ ഇവിടെനിന്ന് മാറ്റാനുള്ള നടപടികൾ വണ്ടാഴി പഞ്ചായത്തധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |