പാലക്കാട്: തൃത്താല മണ്ഡലത്തിൽ 1.63 കോടി രൂപയുടെ മണ്ണ് ജല സംരക്ഷണ പദ്ധതികൾക്ക് തുടക്കമായി. അന്തർദേശീയ തലത്തിൽ ചർച്ച ചെയ്ത സുസ്ഥിര തൃത്താല പദ്ധതിയിൽ ജനങ്ങളുടെ മുഴുവൻ പങ്കാളിത്തം ഉറപ്പാക്കണമെന്ന്
മന്ത്രി എം.ബി.രാജേഷ്. സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിൽ നടപ്പാക്കുന്ന മണ്ണ് ജല സംരക്ഷണ പദ്ധതികളുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടൊപ്പം ജനങ്ങളും പദ്ധതി ഏറ്റെടുത്താൽ പദ്ധതിയുടെ നേട്ടം നാലിരട്ടിയാക്കി അത്ഭുതകരമായ മാറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പിന് 2025-26 സാമ്പത്തിക വർഷം അനുവദിച്ച 1.63 കോടി രൂപയുടെ അഞ്ച് ചെറുനീർത്തട പദ്ധതികൾക്കാണ് മണ്ഡലത്തിൽ തുടക്കം കുറിച്ചത്. തൃത്താല പഞ്ചായത്തിൽ ഉള്ളന്നൂർ നീർത്തടത്തിലെ കണ്ണന്നൂർ തോട് നവീകരണം, പട്ടിത്തറ പഞ്ചായത്തിൽ പട്ടിശ്ശേരി നീർത്തടത്തിലെ ചേരാഞ്ചിറ തോട് നവീകരണം, ചാലിശ്ശേരി പഞ്ചായത്തിൽ പട്ടിശ്ശേരി2 നീർത്തടത്തിലെ പാലക്കൽ തോട് നവീകരണം, കപ്പൂർ പഞ്ചായത്തിൽ കുമരനെല്ലൂർ നീർത്തടത്തിലെ പൂണൂൽകുളം നവീകരണം, പരുതൂർ പഞ്ചായത്തിൽ കാരമ്പത്തൂർ നീർത്തടത്തിലെ ആർത്തിക്കുളം നവീകരണം എന്നീ പദ്ധതികൾക്കാണ് ഈ സാമ്പത്തിക വർഷം പുതിയതായി അനുമതി ലഭിച്ചത്.
2023-24 സാമ്പത്തിക വർഷം അനുവദിച്ച പ്രത്യേക ബഡ്ജറ്റ് വിഹിതം ഉപയോഗിച്ച് മണ്ഡലത്തിൽ എട്ട് ചെറുനീർത്തടങ്ങളിലായി 1.88 കോടി രൂപ ചെലവഴിച്ച് മണ്ണ് ജല ജൈവസമ്പത്ത് സംരക്ഷണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് പുതിയ പദ്ധതികൾ നടപ്പാക്കുന്നത്. തൃത്താലയിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ജയ അദ്ധ്യക്ഷയായി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.പി.റജീന, കില ഡയറക്ടർ ജനറൽ എ.നിസാമുദ്ദീൻ എന്നിവർ മുഖ്യാതിഥികളായി. കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദീൻ കളത്തിൽ, തൃത്താല പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.ശ്രീനിവാസൻ, ജില്ലാ പഞ്ചായത്ത് അംഗം വി.പി.ഷാനിബ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ എ.കൃഷ്ണകുമാർ, ഒറ്റപ്പാലം മണ്ണ് സംരക്ഷണ ഓഫീസർ എ.വിശ്വനാഥൻ, നവകേരളം ജില്ലാ കോഓർഡിനേറ്റർ പി.സെയ്തലവി, ഒറ്റപ്പാലം മണ്ണ് സംരക്ഷണ ഓവർസിയർ സി.വി.നരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |