കഞ്ചിക്കോട്: അതിർത്തി ഗ്രാമങ്ങളിൽ പാർട്ടികൾക്ക് പ്രചാരണത്തിന് പ്രിയം ചുവരെഴുത്തുകളോട് തന്നെ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും പുതുശേരി പഞ്ചായത്തിലുടനീളം ചുവരെഴുത്തുകൾ സജീവമായി. സോഷ്യൽ മീഡിയയുടെയും ഫ്ളക്സ് ബോർഡുകളുടെയും തരംഗത്തിൽ ചുവരെഴുത്തുകൾ വിസ്മൃതിയിലേക്കെന്ന വിലയിരുത്തലുകൾ പുതുശേരിയിൽ ചോദ്യം ചെയ്യപ്പെടുകയാണ്. വാളയാർ, കഞ്ചിക്കോട്, പുതുശേരി, ചുള്ളിമട, വാദ്ധ്യാർചള്ള, ചന്ദ്രാപുരം തുടങ്ങി എല്ലാ പ്രധാന കവലകളിലും ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
ആദ്യം സ്ഥാനാർത്ഥി നിർണയം കഴിഞ്ഞ സി.പി.എം ആണ് ചുവരെഴുത്തിൽ മുമ്പിൽ. ചുവരുകളിൽ വെള്ളയടിച്ച് പാർട്ടി സ്ഥാനാർത്ഥികളുടെ പേരെഴുതി ചിഹ്നം വരക്കുന്ന തിരക്കിലാണ് സി.പി.എം പ്രവർത്തകർ. സ്ഥാനാർത്ഥി പട്ടിക പുറത്ത് വരാത്തത് കൊണ്ട് താമര ചിഹ്നം വരച്ച് സ്ഥാനാർത്ഥിയുടെ പേരെഴുതാനുള്ള സ്ഥലം വിട്ടാണ് ബി.ജെ.പിയുടെ ചുവരെഴുത്ത്.
സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം ആകാത്തതിനാൽ മതിൽ ബുക്ക് ചെയ്ത് കാത്തിരിക്കുകയാണ് കോൺഗ്രസ് പ്രവർത്തകർ. സ്ഥാനാർത്ഥി പട്ടിക വരുമ്പോഴേക്കും മതിലുകൾ കിട്ടാതായാലോ എന്ന ഭീതിയിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഐ.എൻ.സി ബുക്ക്ഡ് എന്നെഴുതി മതിലുകൾ പിടിച്ച് വെച്ചിരിക്കുകയാണ്. സ്ഥാനാർത്ഥി മോഹമുള്ളവരെല്ലാം മത്സരിച്ച് മതിലുകൾ ബുക്ക് ചെയ്തിട്ടുണ്ട്.വർഷങ്ങളായി വെള്ളയടിക്കാതെ നിറം മങ്ങി പായൽ പിടിച്ച് കിടക്കുന്ന റോഡരികിലെ മതിലുകൾക്ക് ഒറ്റയടിക്ക് ശാപമോക്ഷം കിട്ടിയിരിക്കുകയാണ്. കടുത്ത രാഷ്ട്രീയ മത്സരം മതിൽ ഉടമകളെയും വിഷമവൃത്തത്തിലാക്കുന്നുണ്ട്.
മതിലുകൾ പ്രചരണത്തിന് ഉപയോഗിക്കാൻ ഉടമകളുടെ അനുമതി വേണം. വ്യക്തമായ രാഷ്ട്രീയമുള്ളവർ സ്വന്തം പ്രസ്ഥാനത്തിൽപ്പെട്ട സ്ഥാനാർത്ഥിക്ക് മതിൽ എഴുതാൻ നൽകും. നിഷ്പക്ഷ രാഷ്ട്രീയ നിലപാടുളള മതിലുടമകളാണ് വളരെ വിഷമിക്കുന്നത് . എല്ലാ പാർട്ടിക്കാരും പ്രചരണത്തിന് എഴുതാനായി മതിൽ ആവശ്യപ്പെടുന്നത് പതിവാണ്. എല്ലാവർക്കുമായി കൊടുക്കാനാവില്ല. ഒരു വിഭാഗത്തിന് കൊടുത്താൽ മറു വിഭാഗങ്ങളിൽ പെട്ടവരുടെ ശത്രുത നേടേണ്ടിവരും. ആർക്കും കൊടുത്തില്ലെങ്കിൽ എല്ലാവർക്കും അനഭിമതനാകും. റോഡരികിൽ സ്വന്തമായി ഒരു മതിലുണ്ടായതിന്റെ പേരിൽ ഓരോ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിയുമ്പോഴും കുറെപേരുടെ ശത്രുത നേരിടേണ്ടി വരാറുണ്ടെന്ന് മിക്ക മതിൽ ഉടമകളും പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |